- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടലിൽ മീൻപിടിക്കാൻ കരയിൽ സ്ഥലം കൊടുക്കുമോ?' പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് എ വിജയരാഘവൻ; ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആസുത്രിത ശ്രമം നടക്കുന്നുവെന്നും ആരോപണം
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആസുത്രിത ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച വിജയരാഘവൻ, കടലിൽ മീൻ പിടിക്കാൻ പിന്ന കരയിൽ സ്ഥലം കൊടുക്കുമോ എന്ന ചോദ്യവും ഉയർത്തി. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു. വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
'പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതി. വിശ്വാസ്യത വേണമെന്നില്ല. അദ്ദേഹം സർക്കാരിനെക്കുറിച്ച് നിരന്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആരോപിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങളുണ്ടാകും. കോടിക്ക് വിലയില്ലാതാകുക തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. പ്രതിപക്ഷ നേതാവ് പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. അദ്ദേഹത്തെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കടലിൽ മീൻപിടിക്കാൻ കരയിൽ സ്ഥലം കൊടുക്കുമോ? ഭക്ഷ്യ സംസ്കരണ യൂണിറ്റിനുവേണ്ടിയാണ് സ്ഥലം കൊടുത്തത്. അതിനെ ആഴക്കടൽ മത്സ്യബന്ധനവുമായി കൂട്ടിക്കുഴയ്ക്കേണ്ട. സർക്കാർ നിയമവിരുദ്ധമായിട്ടോ തൊഴിലാളി വിരുദ്ധമായിട്ടോ ഒന്നും ചെയ്യില്ല. ഒരു തരത്തിലുള്ള ഭൂമികച്ചവടവും നടന്നിട്ടില്ല'- വിജയരാഘവൻ പറഞ്ഞു. മന്ത്രിമാരെ കാണാൻ പലരും വരും.അവർ ഫോട്ടോയും എടുക്കും എന്നായിരുന്നു മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ചിത്രം പുറത്തുവന്നതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് ചിത്രം രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കി കൂടുതൽ രേഖകൾ പുറത്ത്. ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി സർക്കാർ പ്രത്യക്ഷത്തിൽ ഒരു ബന്ധത്തിലും ഏർപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശദീകരിച്ചത്. ഇത് കളവാണെന്ന് തെളിയുന്ന രേഖകളാണ് പുറത്തു വരുന്നത്. 2020 ൽ അസന്റിൽ വച്ച് ഇ.എം.സി.സിയും സർക്കാരും തമ്മിൽ ഒപ്പുവച്ച എം.ഒ.യുവും ഇ.എം.സി.സി.യ്ക്ക് ചേർത്തല പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവും പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്താണ് പദ്ധതി എന്ന് രണ്ടു രേഖകളിലും വ്യക്തമായി പറയുന്നുണ്ട്. സ്വയം സംസാരിക്കുന്ന തെളിവുകളാണിവ. മെഴ്സികുട്ടിയമ്മ പറയുന്നതുപോലെ ഏതോ അസന്റിൽ ആരോ ഒപ്പുവച്ച എം.ഒ.യു ഒന്നും അല്ല. സർക്കാർ തന്നെ ഒപ്പുവച്ച എം.ഒ.യു ആണ്. ഇത് അസന്റിൽ വയ്ക്കുന്നതിന് മുമ്പ് ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി 2.8.2019 ൽ ഇ.എം.സി.സി ചർച്ച നടത്തുകയും വിശദമായ കോൺസെപ്റ്റ് ലെറ്റർ നല്കുകയും ചെയ്തിട്ടുണ്ട്. ഇടതുസർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഇതെങ്കിൽ കോൺസെപ്റ്റ് ലെറ്റർ കിട്ടിയപ്പോൾ തന്നെ അത് തള്ളിക്കളയാമായിരുന്നില്ലേ? എന്തിന് അസന്റിൽ വച്ച് എം.ഒ.യു ഒപ്പിട്ടു?-എന്നതാണ് പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ചോദ്യം.
മത്സ്യമേഖലയിൽ സ്വകാര്യകമ്പനിക്ക് അനുമതിനൽകിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാരിനെ വെട്ടിലാക്കിയത് ആഴക്കടൽ ട്രോളർ നിർമ്മാണവും സ്വകാര്യ കമ്പനിക്കുള്ള ഭൂമികൈമാറ്റവും. പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തുമ്പോൾ സംസ്ഥാനത്തിന്റെ മത്സ്യനയത്തിന് എതിരായ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ തള്ളുമ്പോഴും ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറിനെ തള്ളിപ്പറയാൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തയ്യാറായിട്ടില്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. ഇതിനിടെയാണ് പിണറായിയുടെ വാദങ്ങളെ തകർത്ത് ചെന്നിത്തല രേഖകളും പുറത്തു വിടുന്നത്.
കോർപറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎൻസിയുടെ എംഡി സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കെഎസ്ഐഎൻസി പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിന്നീടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. സർക്കാർ അതനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ. എന്നാൽ സർക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവൂ എന്നില്ല. ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സർക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോർപറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റാണെന്നാണ് ചെന്നിത്തല പുറത്തു വിട്ട രേഖകൾ തെളിയിക്കുന്നത്.
വ്യവസായസംരംഭകരെ ആകർഷിക്കാൻ കൊച്ചിയിൽ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സർക്കാർ അനുമതിനൽകിയത്. ഒരാഴ്ചയിലധികം ആഴക്കടലിൽ തങ്ങി മീൻപിടിക്കാൻ കഴിയുന്ന ചെറു കപ്പലുകൾ (ട്രോളറുകൾ) നിർമ്മിക്കാനും പിടിക്കുന്ന മത്സ്യം സംസ്കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യകമ്പനിയുടെ പദ്ധതി. സംസ്ഥാന സർക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദനീയമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ട്രോളറുകൾ നിർമ്മിക്കാനുള്ള സംരംഭത്തിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എങ്ങനെ പങ്കുചേർന്നുവെന്നതിൽ വ്യക്തതയില്ല. ട്രോളർ നിർമ്മാണത്തിനുള്ള കരാർ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.
യഥാർത്ഥത്തിൽ ഈ പദ്ധതിയെപ്പറ്റി മുന്ന് വർഷങ്ങളായി നിരന്തരം ചർച്ച നടക്കുകയായിരുന്നെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മന്ത്രിമാർ ഇപ്പോൾ അഭിനയിച്ചുകാണിക്കുന്നത് പോലെ ഇത് ഒരു ദിവസം ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. സംസ്ഥാനത്തിന്റെ മത്സ്യനയത്തിൽ 2018 ൽ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ആ നയത്തിലെ വകുപ്പ് 2.(9) ആണ് വിവാദമായിട്ടുള്ളത്. പുറം കടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകും എന്നാണ് ഈ പാരഗ്രാഫിൽ പറയുന്നത്.
ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മെഴ്സികുട്ടിയമ്മ പറയുന്നത്. അവിടെയാണ് ഈ പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത്. ഇ.എം.സി.സിയുടെ പദ്ധതിയിൽ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണ്. ഇ.എം.സി.സി. തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ പോകുന്നത്. ഇ.എംസി.സി നൽകുന്ന ട്രോളറുകളിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾ പോയി മീൻപിടിക്കും. അത് ഇ.എം.സി.സിയുടെ കപ്പലുകൾക്ക് നൽകും. അത് കേരളത്തിൽ ഇ.എം.സി.സി.യുടെ സംസ്ക്കരണ ശാലകളിൽ സംസ്ക്കരിക്കും. ഇ.എം.സി.സി. അത് കയറ്റുമതി ചെയ്യും.
മുതൽമുടക്കുന്നതും, കച്ചവടം നടത്തുന്നതും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയാണ്. മത്സ്യബന്ധനം നടത്തുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികളും. ഇതാണ് പദ്ധതി. മത്സ്യനയത്തിൽ വരുത്തിയ മാറ്റവും ഇ.എം.സി.സിയുടെ പദ്ധതിയും ഒന്നുതന്നെയാണ്. നമ്മുടെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സർക്കാർ എം.ഒ.യു ഒപ്പിട്ടിരിക്കുന്നത്. . ഇത് നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകും-ചെന്നിത്തല ആരോപിച്ചു.
സർക്കാരിന് ദുരുദ്ദേശമില്ലെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ ഇതിനകം ഒപ്പുവച്ച രണ്ട് എം.ഒ.യു.കളും റദ്ദാക്കാൻ തയ്യാറാവാത്തത് എന്തിനെന്ന ചോദ്യവും ചെന്നിത്തല ഉയർത്തുന്നു. അതുപോലെ പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം ഇ.എം.സി.സിക്ക് അനുവദിച്ചത്. എന്തുകൊണ്ട് റദ്ദാക്കുന്നില്ല? ഇപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ വച്ചുകെട്ടി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ