തിരുവനന്തപുരം: എൽ.ഡി.എഫ് തുടർഭരണം അട്ടിമറിക്കാൻ കോൺഗ്രസ്, ബിജെപി, ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുൾപ്പെടെയുള്ള പ്രതിലോമ കൂട്ടായ്മ രൂപം കൊള്ളുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷവും യു.ഡി.എഫ് തെറ്റ് തിരുത്തുന്നില്ല. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും ഈ കൂട്ടൂകെട്ട് തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒന്നിച്ചു. ബി.ജെപി എൻ.ഐ.എ, സിബിഐ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിപിഎം നേതാക്കളെയും മന്ത്രിമാരേയും വേട്ടയാടാൻ നോക്കി. കോൺഗ്രസ് അതിന് കുട ചൂടി. മാധ്യമങ്ങളും കുപ്രചാരണങ്ങൾ നടത്തി. ഇതെല്ലാം അതിജീവിച്ചാണ് എൽ.ഡി.എഫ് ചരിത്രവിജയം നേടിയത്.

ഇത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ സൂചകമാണ്. എന്നാൽ ഇ.എം.എസ്, നായനാർ സർക്കാരുകളെ അട്ടിമറിച്ച പാരമ്പര്യമുള്ള കോൺഗ്രസ്, തീവ്രമത രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് പിണറായി സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ വലിയ ഗൂഢാലോചനയാണ് നടത്തുന്നത്. ഇത് നാടിനെ അപകടത്തിലാക്കും -വിജയരാഘവൻ അഭിപ്രായപ്പെട്ടു.