തൃശൂർ: മുസ്‌ലിം ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്റെ വർഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷം മതവിദ്വേഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് മുസ് ലിം ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. അത് വീടുകളിലെത്തിക്കും' -വിജയരാഘവൻ പറഞ്ഞു. സർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും നിർദേശങ്ങൾ തേടിയുമാണ് സിപിഎം നേതാക്കൾ വീടുകളിലെത്തുന്നത്. ജില്ലകളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും. ഈമാസം 31 വരെയാണ് പരിപാടി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച ചെയ്യാൻ പി.ബി യോഗവും ഇന്ന് ചേരും.

അതേസമയം മുസ്‌ലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പ്രതികരിച്ചു. ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്റെ വർഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന എ. വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഹസൻ.

വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കാസർകോട് എത്തിയതായിരുന്നു ഹസൻ ഉൾപ്പെടെയുള്ള നേതാക്കൾ.