- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ളാമിയുമായും ബിജെപിയുമായും കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി; ജമാ അത്തെ ഇസ്ളാമിയെ എതിർക്കുമ്പോൾ സിപിഎമ്മിനെ വർഗീയവാദികൾ എന്നു വിളിക്കുന്നു: എ വിജയരാഘവൻ
തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ളാമി- കോൺഗ്രസ് കൂട്ടുകെട്ടിനെ എതിർക്കുമ്പോൾ സിപിഎമ്മിനെ വർഗീയവാദികൾ എന്നു വിളിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മതാധിഷ്ഠിതമായ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസ് കൂട്ടുകെട്ട് തുടരുന്നത് നാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുത്വ ശക്തികൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രാജ്യത്ത് സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ നിലപാട് എതിർക്കുന്നതിന് പകരം മറ്റൊരു മതമൗലിക ചേരി ഉണ്ടാക്കുകയല്ല കോൺഗ്രസ് ചെയ്യേണ്ടതെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിനുള്ളത്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും പൗരത്വഭേദഗതിയിലും സിപിഎം ശക്തമായ നിലപാടെടുത്തു. കാശ്മീർ വിഷയത്തിൽ സുപ്രീംകോടതിയിൽ കേസ് നൽകി. അയോദ്ധ്യയിൽ പ്രധാനമന്ത്രി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയത് വിമർശിച്ചു. കേരളസർക്കാർ പൗരത്വഭേദഗതി നിയമത്തിനെതിരെ എല്ലാ വിഭാഗത്തെയും ഒന്നിക്കാൻ ശ്രമിച്ചു. അതിനെ ജമാ അത്തെ ഇസ്‌ളാമി എതിർക്കുകയും സിപിഎമ്മിനെ വർഗീയവാദികൾ എന്ന് വിളിക്കുകയും ചെയ്തതായി വിജയരാഘവൻ ആരോപിച്ചു.അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകിയത് കോൺഗ്രസ് നേതാവായ കമൽനാഥാണ്.
പുതുച്ചേരിയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരവധി പഞ്ചായത്തിൽ ബിജെപിക്ക് വോട്ട് മറിച്ചു.ഇതിനെ ജമാ അത്തെ ഇസ്‌ളാമി അനുകൂലിച്ചു.മുസ്‌ളീങ്ങളിൽ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്ന സംഘടനയല്ല ജമാ അത്തെ ഇസ്‌ളാമി. അവരുമായി കൂട്ടുകൂടുന്നത് കോൺഗ്രസാണ്. ദേശീയ തലത്തിൽ ഇവരുമായി ബന്ധം പാടില്ല എന്ന നിലപാട് കേരളത്തിൽ കോൺഗ്രസ് തള്ളിക്കളഞ്ഞു.
ഉമ്മൻ ചാണ്ടി കോൺഗ്രസിനെ നയിച്ചപ്പോൾ നേമത്ത് ദുർബല സ്ഥാനാർത്ഥിയെ നിർത്തി ഒ.രാജഗോപാലിനെ ജയിപ്പിച്ചു. അതിന്റെ തുടർച്ചയായി ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായും മുസ്‌ളീം മത മൗലികവാദികളുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നു. അത് ചൂണ്ടിക്കാട്ടിയവർ വർഗീയവാദികൾ.കോൺഗ്രസിന് സ്വന്തം നിലപാട് വിശദമാക്കാനാകുന്നില്ലെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.