- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരേയും ഒഴിവാക്കുകയല്ല രണ്ട് തവണ മാനദണ്ഡത്തിന്റെ ഉദ്ദേശം; അംഗീകാരത്തിന്റെ അളവുകോൽ പാർലമെന്ററി പ്രവർത്തനമല്ല; മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു; ഈ പ്രചരണം ജനം നിരാകരിക്കും; ഐസക്കിനെയും സുധാകരനെയും ഇ പി ജയരാജനെയും തഴഞ്ഞതിനെ ന്യായീകരണം നിരത്തി എ വിജയരാഘവൻ
തിരുവനന്തപുരം: സിപിഎമ്മിൽ മുതിർന്ന നേതാക്കളായ തോമസ് ഐസക്കിനെയും ഇ പി ജയരാജനെയും ജി സുധാകരനെയും അടക്കം സ്ഥാനാർത്ഥിയാക്കാതെ തഴഞ്ഞതിൽ സിപിഎം അണികൾക്കും നേതാക്കൾക്കുമിടയിലും അമർഷം പുകയുകയാണ്. ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നതു തന്നെ ഈ മുതിർന്ന നേതാക്കളെ വെട്ടിനിരത്താനാണ് എന്ന ആക്ഷേപം ശക്തമായിരുന്നു. ഈ വികാരം അതിശക്തമാകുന്നതിനിടെ അതിനെ തണുപ്പിക്കാൻ വേണ്ടിയും എ വിജയരാഘവൻ രംഗത്തെത്തി.
അംഗീകാരത്തിന്റെ അളവുകോൽ പാർലമെന്ററി പ്രവർത്തനം മാത്രമാണെന്ന് സി പി എം കരുതുന്നില്ല. സംഘടനാപ്രവർത്തനവും അതിപ്രധാനമാണെന്നാണ് വിജയരാഘവന്റെ വാദം. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മുന്നണി ഐക്യം സഹായകരമായിട്ടുണ്ട്. തുടർഭരണം നൽകിയാൽ ഈ ഐക്യം തുടരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
എൽ ഡി എഫ് അധികാരത്തിലെത്താൻ സഹായകരമായ സ്ഥാനാർത്ഥി പാനലാണ് സി പി എം തയ്യാറാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സി പി എം പുതിയ കക്ഷികൾക്കായി അഞ്ച് സിറ്റിങ് സീറ്റ് ഉൾപ്പടെ ഏഴ് സീറ്റുകളാണ് വിട്ടുകൊടുത്തത്. ആരേയും ഒഴിവാക്കുകയല്ല രണ്ട് തവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലത്തിലുമുള്ള കമ്മിറ്റികളിലെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.
കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥി പട്ടികകളിൽ ഏറ്റവും കുറവ് ജനാധിപത്യ ഉള്ളടക്കമാണ്. ബിജെപി സ്ഥാനാർത്ഥി നിർണയം എവിടെയാണെന്ന് പോലും ആർക്കുമറിയില്ലെന്നും വിജയരാഘവൻ വിമർശിച്ചു. തുടർഭരണം വരാതിരിക്കാൻ, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയും അമിത് ഷായും പരസ്പരം വിമർശിക്കുന്നില്ല. വർഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തിൽ സി പി എം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എം എം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേർ, 40-50 വയസ് പ്രായമുള്ള 13 പേർ, 50-60ന് മേൽ പ്രായമുള്ള 31 പേർ, 60ന് മേൽ 24 പേരും മത്സരിക്കുന്നു. 12 സ്വതന്ത്രരും മത്സരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ