കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ഇത് പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും രാഷ്ട്രീയമായി അക്രമപ്രവർത്തനങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ വലിയ തോതിൽ സംഘർഷമുണ്ടാക്കാൻ ബിജെപിയും യുഡിഎഫും ശ്രമിച്ചു. കൂടുതൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് ബിജെപിയായിരുന്നു. ചിലയിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ ബിജെപി തടയുകയും ചെയ്തെന്ന് എ വിജയരാഘവൻ പറഞ്ഞു.

ഒപ്പം ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തില്ല. അവരുടെ നോമിനേഷനുകൾ തള്ളിപ്പോയതുൾപ്പെടയെുള്ള വിഷയങ്ങൾ വന്നു. അതുതന്നെ ബിജെപി ഒരു ഗൗരവമേറിയ മത്സരം നടത്തുന്നു എന്ന തോന്നൽ ഇല്ലാതാക്കുകയാണ് ചെയ്തത്. കാരണം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടി, ത്രികോണ മത്സരം ഉണ്ടാക്കാനാഗ്രഹിക്കുന്നവർ, അവരുടെ സ്ഥാനാർത്ഥികളുടെ നോമിനേഷനുകൾ തള്ളിപ്പോവുന്നു എന്ന് പറഞ്ഞാൽ അതിൽ അഡ്ജസ്റ്റ്മെന്റുകൾ ഉണ്ട്. സ്വാഭാവികമായും ബിജെപി തെരഞ്ഞെടുപ്പിനെ ആ നിലയിൽ കണ്ടു എന്ന് പറയാനാവില്ല. ഏതാനും നിയോജക മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കുകയും ബാക്കിയൊക്കെ സൗകര്യംപോലെ വോട്ട് വിനിമയം നടത്തുകയുമാണ് അവർ ചെയ്തിട്ടുള്ളത്. അത് കോൺഗ്രസും ബിജെപിയും പരസ്പരം അറിഞ്ഞ് ചെയ്യുന്നതാണെന്നും എ വിജയരാഘവൻ പറഞ്ഞു.