തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രിംകോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ മുറുകുന്നു. ഈ വിഷയത്തിൽ സിപിഎമ്മും കേരളാ കോൺഗ്രസും കടുത്ത പ്രതിസന്ധിയിലാണ്. കോടതിയിൽ സർക്കാർ അഭിഭാഷകൻ മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് ഈ വിഷയത്തിൽ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം. വിഷയത്തിൽ നിന്നും എങ്ങനെയും തടിയൂരാനുള്ള വ്യഗ്രതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെയാണ് ഈ വിഷയം റിപ്പോർട്ടു ചെയ്തത്. മാണിയുടെ പേര് കോടതിയിൽ പറഞ്ഞിട്ടില്ല, മാണി വലിയ നേതാവാണെന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം. എന്നാൽ, യുഡിഎഫിന്റെ അഴിമതിക്ക് എതിരായിരുന്നു അന്ന് എൽഡിഎഫ് നടത്തിയ സമരം. നിയമസഭയിൽ ബജറ്റ് ദിനത്തിലും നടന്നത്. ബാർകോഴ കേസിൽ വിജിലൻസ് അന്വേഷണം നടന്നിരുന്നു. മാണിക്ക് വ്യക്തിപരമായി ഉത്തരവാദിത്തം ഇല്ലെന്നാണ് കണ്ടെത്തിയതെന്നും എ വിജയരാഘവൻ പ്രതികരിച്ചു.

കെ എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിക്കുകയും, സത്യവാങ്മൂലം നൽകുകയും ചെയ്ത സാഹചര്യമാണ് എൽഡിഎഫിൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി സുപ്രീംകോടതിയിൽ പോയ സംസ്ഥാനസർക്കാർ, നിലവിലെ ഘടകകക്ഷിയായ കേരളാ കോൺഗ്രസിന്റെ തലതൊട്ടപ്പനായ കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞതിൽ കേരളാ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സാഹചര്യം വിലയിരുത്താൻ കോട്ടയത്ത് കേരളാ കോൺഗ്രസിന്റെ നേതൃയോഗം ചേരുകയാണ്.

സർക്കാർ സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനറും ആക്ടിങ് സംസ്ഥാനസെക്രട്ടറിയുമായ എ വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രധാന അജണ്ട നിയമസഭാ ഫലത്തിന്റെ അന്തിമവിലയിരുത്തലാണെങ്കിലും ഈ പ്രശ്‌നം മുന്നണിയിൽ പുകയുന്നതിനാൽ ചർച്ച ചെയ്യാതിരിക്കാൻ പാർട്ടിക്കാവില്ല.

മുന്നണിയിൽ ഇനിയും നിൽക്കണോ എന്ന് ജോസ് കെ മാണി പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് നേതാക്കളാണ് പ്രധാനമായും വളരെ വികാരപരമായി ഈ പ്രശ്‌നത്തിൽ പ്രതികരണം നടത്തുന്നത്. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന് ജോസ് കെ മാണി തന്നെ പറയട്ടെ എന്നാണ് മോൻസ് ജോസഫ് പറയുന്നത്. ഈ ചോദ്യങ്ങളെല്ലാം ചെന്ന് കൊള്ളുന്നത് ജോസ് കെ മാണിയുടെ നേർക്കും എൽഡിഎഫിന് നേർക്കുമാകും. വികാരപരമായ പ്രശ്‌നമായതുകൊണ്ട് തന്നെ, ഓർക്കാപ്പുറത്ത് ഉയർന്നുവന്ന ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് എൽഡിഎഫിന് തല പുകഞ്ഞാലോചിക്കേണ്ടി വരും.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണി പറയുന്നു. മന്ത്രി റോഷി അഗസ്റ്റിനാകട്ടെ അസുഖകരമായ ചോദ്യങ്ങളോട് കടുത്ത ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. എല്ലാം പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് പക്ഷത്തെ നേതാക്കൾ പറയുമ്പോൾ, മുന്നണിക്കകത്ത് കടുത്ത എതിർപ്പ് ജോസ് കെ മാണി ഉയർത്തുമെന്നുറപ്പാണ്.

2015 ലെ ബജറ്റ് അവതരണ വേളയിൽ കേരള നിയമസഭാ കണ്ട ബഹളം ദേശീയശ്രദ്ധയിൽത്തന്നെ വന്നതാണ്. കാലം മാറി. കഥ മാറി. മുന്നണി ബന്ധങ്ങൾ മാറി. എന്നിട്ടും സഭയിൽ അന്ന് ഉണ്ടായ കോലാഹലത്തിന്റെ അലയൊലികൾ കേരള രാഷ്ട്രീയത്തിൽ ഇന്നും തുടരുന്നു. അന്ന് അക്രമം കാട്ടിയ എംഎൽഎമാർക്ക് എതിരായ കേസ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. രണ്ടു കോടതികളും ആവശ്യം തള്ളി. ഒടുവിൽ ഇതേ ആവശ്യവുമായി സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. മൈക്ക് വലിച്ചൂരി വലിച്ചെറിഞ്ഞ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ വിചാരണ നേരിടണം എന്നാണു സുപ്രീം കോടതിയും പറഞ്ഞത്.

കേസിന്റെ വാദത്തിനിടെ കേരള സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞ ഒരു വാചകം ഇപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വലിയ കൊടുങ്കാറ്റുകൾ ഉയർത്തുമ്പോൾ ഇനിയെന്താകും സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ ഉയർത്തുന്ന വാദം എന്നതും ശ്രദ്ധേയമാണ്. കേരളത്തിലൊരു രാഷ്ട്രീയ സെറ്റിൽമെന്റുണ്ടായി എന്നതും, കേസ് പിൻവലിക്കണമെന്നതും സുപ്രീംകോടതിയിലടക്കം പറയാനാകുമോ എന്നതും കണ്ടറിയണം.