തിരുവനന്തപുരം: സാധാരണ ഗതിയിൽ കല്യാണ വിവരം എല്ലാവരേയും അറിയിക്കാനാണ് ആളുകൾ ക്ഷണക്കത്തുകൾ തയ്യാറാക്കുന്നത്. എന്നാൽ ആരെങ്കിലും മകളുടെ/ മകന്റെ കല്യാണം ക്ഷണിക്കാതിരിക്കാൻ കത്ത് അച്ചടിക്കുമോ? അങ്ങനെ ഒരു കത്ത് ഇല്ലെന്നു പറഞ്ഞാൽ നിങ്ങൾക്ക് തെറ്റി. സ്വന്തം മകന്റെ കല്യാണത്തിന് ഒറ്റയാളേയും ക്ഷണിക്കുന്നില്ലെന്നു കാണിക്കാൻ എഴുത്തുകാരനും കോളമിസ്റ്റുമായ എം റഷീദ് എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇത് ഇപ്പോഴൊന്നും ഉള്ള ഒരു ക്ഷണക്കത്തല്ല. 1985 ജൂൺ 16ന് നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത്. ഇത് തയ്യാറാക്കിയത്, പുതിയ കാലത്തിന് അധികം പരിചയമില്ലാത്ത പ്രമുഖനായ ഒരു മലയാളിയാണ് എം റഷീദ്. സ്വാതന്ത്ര്യ സമര സേനാനിയും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും കോളമിസ്റ്റുമാണ് അദ്ദേഹം.

ആ കത്ത് ഇങ്ങനെ..

വിവാഹങ്ങൾ ആർഭാടരഹിതമായി, ആളുകളെ വിളിച്ചു കൂട്ടാതെ നടത്തുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അതെന്തായാലും എന്റെ മൂത്ത മകൻ ബാബു (അഡ്വക്കറ്റ് ഗഫൂർ) ഇക്കാര്യത്തിൽ എന്നോട് പൂർണ്ണമായി യോജിക്കുന്നു. അതുകൊണ്ട്, അവനും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളായ കാരൂത്ത് ഉണ്ണിക്കമ്മദ് മാസ്റ്ററുടെയും ലൈല ടീച്ചറുടെയും മകളായ മണിയും തമ്മിലുള്ള കല്യാണത്തിന് ഒരൊറ്റ ആളെയും ക്ഷണിക്കുന്നില്ല. ഇത് അനാദരവോ സ്നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു'

സ്നേഹപുരസ്സരം
എം റഷീദ്

സ്വാതന്ത്ര്യ സമര സേനാനി മൊയ്തു മൗലവിയുടെ മകനാണ് എം റഷീദ്. പ്രമുഖ ട്രോട്സ്‌കിയിസ്റ്റും ആർ.എസ്‌പിയുടെ സ്ഥാപക നേതാവും കൂടിയായ എം റഷീദ് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം കൂടിയാണ്.

വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. ഇപ്പോൾ വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസം.

ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 195457 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സഖാവ്' വാരികയുടെ പത്രാധിപരായി. 195760 കാലഘട്ടത്തിൽ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള 'ചെങ്കതിർ' മാസികയുടെ പ്രസാധകനായി ജോലിചെയ്തു. വർഷങ്ങളായി മാദ്ധ്യമം ദിനപ്പത്രത്തിൽ വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി എഴുതിവരുന്നു.

സഖാവ് കെ.ദാമോദരൻ, മുഹമ്മദ് അബ്ദുറഹ്മാൻ, റോസ ലക്സ്ംബർഗ് 1921കാർഷിക കലാപം, ഗോവ സമരം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്

.