- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറണാകുളത്തെ പ്രധാനഭക്ഷണങ്ങളിലൊന്ന് പന്നിയിറച്ചി; ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു; മദ്യം കുടിക്കാത്തവരെ നിർബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ് മലപ്പുറത്തും വിതരണം ചെയ്യണം എന്ന് പറയുന്നത്; വിശദീകരണവുമായി എഎ റഹിം
കോഴിക്കോട്: ഡിവൈഎഫ് ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിൽ നടൻ ഹരീഷ് പേരടിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീം. മലപ്പുറത്ത് പന്നി ഇറച്ചി വിളമ്പിയില്ലെന്ന് റഹീം സ്ഥിരീകരിച്ചു. പന്നിയിറച്ചി വിളമ്പൽ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചർച്ചകൾ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാർ ഉദേശിക്കുന്നതെന്നും റഹീം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
എഎ റഹീം റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്: ''പന്നിയിറച്ചി വിളമ്പൽ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടത്തുന്നത്. അപക്വമതികളായ വ്യക്തികൾ സോഷ്യൽമീഡിയ ഹൈപ്പിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനെ തീ പിടിപ്പിക്കേണ്ട കാര്യമില്ല. എറണാകുളത്ത് നടത്തിയ ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി വിതരണം ചെയ്തു. എറണാകുളത്തെ പ്രധാനഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചി.
പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തിനും പ്രദേശങ്ങളുടേതായ ഭക്ഷണവിഭവങ്ങളുണ്ട്. എല്ലാം കഴിക്കണമെന്ന് പറയുന്നത്, മദ്യം കുടിക്കാത്തവരെ നിർബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ്. മലപ്പുറത്തും വിതരണം ചെയ്യണം, അങ്ങനെയാണോ പറയേണ്ടത്, ദുരുദേശപരമായ പ്രസ്താവനകളാണ് ഇത്. ഇത്തരം ചർച്ചകൾ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാർ ഉദേശിക്കുന്നത്.''
''ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്ഐക്ക് ആവശ്യമില്ല. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വർഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആർഎസ്എസിനും കേരളത്തിൽ അടുപ്പ് കൂട്ടാൻ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്ഐ നൽകിയ സന്ദേശം. ഉത്തരേന്ത്യൻ മാതൃകകൾ ഇവിടെ നടക്കില്ല. ഞങ്ങൾ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ.
നിങ്ങൾക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാൻ കേരളത്തിൽ കഴിയുമെന്ന് ആർഎസ്എസ് കരുതേണ്ട. സാഹോദര്യത്തിൽ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സംഘപരിവാർ വർഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലർത്താൻ കേരളത്തിന് സാധിക്കണം. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാർ നീക്കത്തെ ഡിവൈഎഫ്ഐ തടയും. വർഗീയത പടർത്താൻ ആർഎസ്എസിനെ ഡിവൈഎഫ്ഐ അനുവദിക്കില്ല.''-റഹിം പറയുന്നു.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് താക്കീതായി ആണ് ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ഭക്ഷണത്തിൽ മതം കലർത്തേണ്ട എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്‌ഐ നോൺ വെജ് വിഭവങ്ങളുമായി ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ബിജെപിയുടെ നോൺ ഹലാലിനെതിരെയാണ് ഡിവൈഎഫ് ഐയുടെ ഇടപെടൽ. അതുകൊണ്ട് തന്നെ പന്നി ഇറച്ചി ഉണ്ടാകുമോ എന്ന സംശയവുമായി ബിജെപിക്കാർ സോഷ്യൽ മീഡിയയിൽ പ്രചരണവും നടത്തി. ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എഎ റഹിമിനെ കടന്നാക്രമിക്കാനായിരുന്നു ശ്രമം. ഇവർക്കുള്ള മറുപടിയായാണ് ഭക്ഷണത്തിൽ മതം വേണ്ടെന്ന് വ്യക്തമാക്കിയുള്ള ഡിവൈഎഫ് ഐയുടെ ഇടപെടൽ.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ആണ് ജില്ലാ കേന്ദ്രങ്ങളിൽ 'ഫുഡ് സ്ട്രീറ്റ്' നടത്തുന്നതെന്ന് ഡിവൈഎഫ് ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടിരുന്നു. ബിജെപി ചർച്ചയാക്കുന്ന ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്‌ഐ ഈ വേറിട്ട പരിപാടി. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.
ഹലാൽ ഭക്ഷണത്തിനെതിരായ പ്രചാരണം മതമൈത്രി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമം ഉണ്ടാകരുത്. ആർഎസ്എസ് സമൂഹത്തെ ആകെ മതപരമായി ചേരിതിരിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇത് കേരളത്തിൽ വിലപ്പോകില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ് ഐയുടെ പ്രതിഷേധം എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ