ചെന്നൈ: തമിഴകത്തിന്റെ യങ്ങ് സൂപ്പർസ്റ്റാർ ചിലമ്പരശൻ എന്ന ചിമ്പുവിന്റെ പുതുചിത്രം എഎഎയുടെ ട്രെയ്ലർ തരംഗമാകുന്നു. അൻപാനവൻ അസരാദവൻ അടങ്കാതവൻ എന്ന പേരിന്റെ ചുരുക്കരൂപമാണ് എഎഎ. ചിമ്പു മൂന്ന് വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഇതിൽ വയോധിക കഥാപാത്രമായ അശ്വിൻ താത്ത എന്ന കഥാപാത്രത്തിന്റെ മാസ് ഇൻട്രൊഡക്ഷനാണ് ഇപ്പോൾ പുറത്തുവന്ന ട്രെയ്ലറിലുള്ളത്.

ചിമ്പു വയസൻ കഥാപാത്രമായാണ് രംഗത്ത് വരുന്നതെങ്കിലും ആൾ പതിവുപോലെ മാസ്സ് തന്നെ. ട്രെയ്ലറിൽ ഒരിടത്ത് തന്റ അച്ഛൻ ടിആറിനേയും ചിമ്പു പരാമർശിക്കുന്നുണ്ട്. ടിആർ പോലെയല്ല എസ്ടിആർ എന്നാണ് ചിമ്പുവിന്റ മാസ് ഡയലോഗ്. ശാരീരിക ചലനങ്ങൾ കൊണ്ടും സംസാരംകൊണ്ടും അശ്വിൻ താത്തയാകാൻ ചിമ്പു ശ്രമിച്ചിട്ടുണ്ടെങ്കിലും അതിൽ എത്രകണ്ട് വിജയിച്ചു എന്നത് കണ്ടറിയണം.

മലയാളികൾക്ക് സുപരിചിതയായ ശ്രിയ ശരണും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. തൃഷ ഇല്ലാന നയൻതാര എന്ന കന്നി സംവിധാനസംരംഭത്തിനുശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എഎഎ. യുവാൻ ശങ്കർ രാജ സംഗീതം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എസ്.മൈക്കിൾ രായപ്പനാണ്.