റിലീസാകുന്നതിന് മുമ്പേ പേര് കൊണ്ടും പ്രമേയം കൊണ്ടും വിവാദത്തിലായ ആഭാസം എന്ന സിനിമയുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. സെൻസർ കുരുക്കുകളെ അതിജീവിച്ച് പ്രദർശനത്തിനു തയ്യാറായ ചിത്രത്തിന്റെ ട്രെയിലറിൽ നിറയുന്നത് സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾക്കു നേരെയുള്ള ആക്ഷേപഹാസ്യങ്ങളാണ്. നടൻ പ്രകാശ് രാജാണ് ട്രെയിലർ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്.

നവാഗതനായ ജുബിത്ത് നമ്രദത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂടും റിമ കല്ലിംഗലുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അലൻസിയർ, ഇന്ദ്രൻസ്, ശീതൾ ശ്യാം എന്നിവരാണ് മറ്റ് പ്രമുഖ വേഷങ്ങളിൽ എത്തുന്നത്

ഡെമോക്രസി എന്ന് പേരിട്ട ഒരു ബസിനെയും അതിലെ യാത്രക്കാരെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സുരാജും അലൻസിയറുമാണ് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷത്തിൽ. റിമ യാത്രക്കാരിയായും എത്തുന്നു. 35 പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇവരെ കൂടാതെ സുജിത്ത് ശങ്കർ, അഭിജ ശിവകല, സുധി കോപ്പ എന്നിവരും വിവിധ വേഷങ്ങളിൽ എത്തുന്നു. സിനിമ വിഷു റിലീസായി തിയേറ്ററുകളിലെത്തും.

ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തത് നേരത്തേ വാർത്തയായിരുന്നു. ചില സംഭാഷങ്ങൾ മ്യൂട്ട് ചെയ്താൽ 'എ' സർട്ടിഫിക്കറ്റ് നൽകാം എന്നായിരുന്നു ബോർഡിന്റെ നിലപാട്. എന്നാൽ ബോർഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതെന്ന് അണിയറക്കാർ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ നിയമയുദ്ധത്തിലൂടെയാണ് 'ആഭാസം' യു/എ സർട്ടിഫിക്കറ്റ് നേടിയത്.