സാമൂഹ്യ പശ്ചാത്തലത്തെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രം ആഭാസത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.ഊരാളി ബാൻഡിന്റെ വിടരുതിവിടെ വിടരുതിവിടെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ രാഷ്ട്രീയം ഒന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് വീഡിയോ.

ഗാന്ധി, മാർക്സ്, അംബേദ്കർ, ജിന്ന, സവർക്കർ തുടങ്ങിയവർ റാപ്പ് സോങ്ങിന് ചുവട് വെക്കുന്ന തായുള്ള കാർട്ടൂണുകളും ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറങ്ങിയത്. അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നതും, കഠ്വയിൽ മുസ്ലിം ബാലികയെ ബലാത്സഗം ചെയ്തുകൊലപ്പെടുത്തിയതും മറ്റ് സമകാലിക രാഷ്ട്രീയ സംഭവങ്ങളും വീഡിയോയിൽ വിഷയമായിട്ടുണ്ട്.

സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾക്കു നേരെയുള്ള ശക്തമായ ആക്ഷേപഹാസ്യ മായിരിക്കും ചിത്രത്തിലുടനീളം എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തത് നേരത്തേ വാർത്തയായിരുന്നു. ചില സംഭാഷങ്ങൾ മ്യൂട്ട് ചെയ്താൽ 'എ' സർട്ടിഫിക്കറ്റ് നൽകാം എന്നായിരുന്നു ബോർഡിന്റെ നിലപാട്. എന്നാൽ ബോർഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതെന്ന് അണിയറക്കാർ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ നിയമയുദ്ധത്തിലൂടെയാണ് 'ആഭാസം' യു/എ സർട്ടിഫിക്കറ്റ് നേടിയത്.

സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് നവാഗതനായ ജുബിത് നമ്രാഡത്ത് ആണ് തിരക്കഥയും സംവിധാനവും നിർഹിച്ചിരിക്കുന്നത്.