സെൻസർ കുരുക്കിൽ പെട്ട് റീലിസ് നീണ്ട് പോയ ആഭാസം ഈ മാസവും തിയേറ്ററിലെത്തില്ല. നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 27ന് തിയറ്ററുകളിലെ ത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തിയേറ്റർ ഒഴിവില്ലാത്തതിനാൽ മെയ് നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് പുതിയ തീരുമാനം.

ഇത്തവണ കൂടുതൽ റിലീസുള്ളതിനാൽ തീയേറ്ററുകള് ലഭിക്കാത്തതാണ് കാരണമെന്ന് സംവിധായകൻ ജൂബിത് ഫേസ്‌ബുക്കിൽ കുറിച്ചു. സംസ്‌കാരം എന്ന പേരിലും സദാചാരം എന്ന പേരിലും അടിച്ചേൽപ്പിക്കുന്ന വൃത്തികേടുകളെയും സമൂഹത്തിൽ നിലനിൽക്കുന്ന സവർണ മനോഭാവത്തെയുമാണ് ചിത്രം വിമർശന വിധേയമാക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

രാജീവ് രവിയുടെ നേതൃത്വത്തിൽ കളക്ടീവ് ഫേസ് വൺ നിർമ്മിക്കുന്ന ആഭാസത്തിൽ സുരാജിന് പുറമേ റിമ കല്ലിങ്ങൽ, ഇന്ദ്രൻസ്, മാമുക്കോയ, അലൻസിയർ, ശീതൾ ശ്യം എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. സ്‌പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. യുവതലമുറക്കിടയിൽ തരംഗമായി മാറിയ ഊരാളി ബാൻഡ് ആണ് സംഗീത സംവിധാനം. പ്രസന്ന എസ് കുമാർ ആണ് ഛായാഗ്രാഹകൻ. ഷമീർ മുഹമ്മദാണ് എഡിറ്റർ. രംഗനാഥ് രവിയാണ് ശബ്ദ രൂപകൽപ്പന.

തുടക്കം മുതൽ നിരവധി വിവാദങ്ങളാണ് സിനിമയെ പിന്തുടർന്നത്. നീണ്ട അവകാശ പോരാട്ടങ്ങൾക്ക് ശേഷമാണ് സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചത്. നേരത്തെ ആദ്യ സെൻസർ സർട്ടിഫിക്കേഷൻ തിരുവനന്തപുരത്ത് നടന്നപ്പോൾ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആയിരുന്നു. ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് തരാമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. തുടർന്ന് ഡൽഹി ട്രിബ്യൂണലിലാണ് സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉത്തരവായത്.