മനാമ: പൃഥിരാജ് ചിത്രം ആദം ജോൺ ഇന്ന് ഗൾഫ് തിയേറ്ററുകളിലെത്തുമ്പോൾ ബഹ്‌റിൻ മലയാളികൾക്കും അഭിമാനിക്കാം. ബഹ്‌റിനിൽ താമസമാക്കിയ നാടക പ്രവർത്തകൻ പ്രകാശ് വടകരയും ഭാര്യ ജയമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദം ജോൺ എന്നതാണ് ബഹ്‌റിനെ മലയാളി സമൂഹത്തിനും അഭിമാനമാകുന്നത്്.

പ്രിഥ്വിരാജും ഭാവനയും മിശ്തിയും ഒരുമിക്കുന്ന സിനിമയിൽ പ്രിഥിരാജിന്റെ അമ്മയായാണ് ജയ മേനോൻ അഭിനയിക്കുന്നത്. പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിടുന്നു. ഇരുവരും ചേർന്ന് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ഋതു മധു കൈതപ്രത്തിന്റെ 'വെളിച്ചം' എന്നീ സിനിമകളിലാണ് നേരത്തെ ഒരുമിച്ചത്.

തീർത്തും വ്യത്യസ്തമായ പ്രമേയമുള്ള സിനിമയിൽ പ്രാധാന്യമുള്ള വേഷം ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് പ്രകാശും ജയയും പറഞ്ഞു. നാടക ജീവിതത്തിന്റെ ഉറച്ച പിൻബലമുള്ളത് സിനിമാഭിനയത്തിന് കരുത്താണ്. ഏതു കഥാപാത്രത്തിന്റെയും ഉള്ളറിഞ്ഞ് അഭിനയിക്കാൻ നാടകം സഹായിച്ചിട്ടുണ്ട്. സിനിമ നാട്ടിൽ റിലീസ് ചെയ്ത ശേഷം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. അത് സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഊർജ്ജമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

പ്രകാശ് വടകരയുടെ അഞ്ചാമത്തെ സിനിമയാണിത്. ജയയുടെ ആറാമത്തെയും. 'കൺട്രി ക്ലബി' ൽ എച്ച്. ആർ. മാനേജറാണ് പ്രകാശ്. ജയ ജെ. പി. മോർഗൻ ബാങ്കിൽ എക്‌സിക്യുട്ടീവ് സെക്രട്ടറിയായി ജോലി ചെയ്യുന്നു.