ന്തിനും ഏതിനും ആധാർ വേണം.. ഇതാണ് ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ. ഇതുമൂലം ഏറെ പ്രയാസപ്പെട്ടത് പ്രവാസികളായ ഇന്ത്യക്കാർ ആയിരുന്നു. ആധാർ എടുക്കണമെങ്കിൽ നാട്ടിൽ വരണമെന്നിരിക്കെ, എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായി പ്രവാസികൾ. നിരവധി പരാതികളും അപേക്ഷകളുമാണ് ഈ വിഷയത്തിൽ വിദേശ കാര്യ മന്ത്രാലയത്തിനു ലഭിച്ചത്. നിരന്തരമായ പരാതികൾക്കു ശേഷം ഇപ്പോഴിതാ പ്രശ്‌നത്തിനു ആശ്വാസമായി മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്.

പ്രവാസി ഇന്ത്യാക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസി ഇന്ത്യാക്കാരുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്നു നിർബന്ധം പിടിക്കരുതെന്നു ബാങ്കുകൾക്ക് നിർദ്ദേശം നൽകാനും ധന വകുപ്പിനോടു വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നു ബാങ്കുകൾ ആവശ്യപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിനും ലഭിച്ചത്.

രണ്ട് ആവശ്യങ്ങളാണ് പ്രവാസികൾ പൊതുവെ പരാതികളിൽ ഉന്നയിച്ചിരിക്കുന്നത്. ഒന്നുകിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഇളവ് നൽകണം. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലെ എംബസികളിൽ ആധാർ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാക്കണം. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. റിട്ടേണുകളിൽ ആധാർ നമ്പർ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ നിന്നും വിദേശ ഇന്ത്യാക്കാർക്ക് ഇളവ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആധാർ കാർഡും പാൻ നമ്പരും ബന്ധിക്കിക്കണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്.

രാജ്യത്ത് സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് മാത്രമേ ആധാർ കാർഡിന് അർഹതയുള്ളൂവെന്നാണ് നിയമം. അതുകൊണ്ടുതന്നെ ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ്് പ്രകാരം പ്രവാസികൾ ആദായനികുതി റിട്ടേണിൽ ആധാർ നമ്പർ ചേർക്കണമെന്നില്ല. എന്നാൽ ഇത് വകവയ്ക്കാതെ ബാങ്കുകൾ ആധാർ നമ്പർ ചോദിക്കുന്നുവെന്നാണ് പ്രവാസികളുടെ പരാതി. സർക്കാർ ആധാർ കാർഡ് നൽകാത്താതു കൊണ്ടാണ് ഹാജരാക്കാൻ കഴിയാത്തത് എന്ന വസ്തുത ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും പ്രവാസികൾ പരാതി പറഞ്ഞിരുന്നു.