ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുള്ള മാർഗമെന്നായിരുന്നു ആധാർ കാർഡിനെ ബിജെപിയടക്കമുള്ള കക്ഷികൾ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. യു.പിഎ സർക്കാർ കൊണ്ടുവന്ന ആധാർ കാർഡിനെതിരെ വമ്പിച്ച പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ബിജെപി ഇപ്പോഴിതാ, എല്ലാത്തരം സർക്കാർ സേവനങ്ങളുടെയും ആധാരമായി ആധാർ കാർഡിനെ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. ധനബില്ലായി അവതരിപ്പിച്ച് ആധാർ ബിൽ ലോക്‌സഭയിൽ പാസ്സാക്കിയതോടെ ശ്രദ്ധേയമായൊരു നയംമാറ്റമാണ് മോദി സർക്കാർ കൊണ്ടുവന്നത്.

അർഹിക്കുന്നവർക്കുമാത്രം ആനുകൂല്യങ്ങൾ നൽകുന്നതിന് ആധാറിനെ ആശ്രയിക്കുകയെന്നതാണ് മോദി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പാചക വാതക സബ്‌സിഡികൾ ആധാർ കാർഡുവഴി നൽകി തുടങ്ങിയതോടെ 15,000 കോടി രൂപ ലാഭിക്കാനായതായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറയുന്നു. എങ്ങനെ പോയാലും പ്രതിവർഷം സർക്കാരിന് 70000 കോടി രൂപയെങ്കിലും ആധാറിലൂടെ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാചക വാതക സബ്‌സിഡിക്ക് പുറമെ, വിവിധ പെൻഷനുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങി നേരിട്ട് ആനുകൂല്യങ്ങൾ നൽകുന്ന ഡിബിടി പദ്ധതിയിലെ കാര്യങ്ങളെല്ലാം ആധാറിന്റെ അടിസ്ഥാനത്തിലാകും. ആധാറിനുവേണ്ടി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ബാധ്യസ്ഥരായിരിക്കും. ആധാറിലെ വിവരങ്ങൾ അനധികൃതമായി പങ്കുവെക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാം.

ആധാർ ബില്ലിനെ ധനബില്ലായി അവതരിപ്പിച്ചതുവഴി രാജ്യസഭയുടെ അംഗീകാരം തേടേണ്ടതില്ലെന്ന പഴുതും കേന്ദ്ര സർക്കാരിന് ഉപയോഗിക്കാനായി. ബിൽ അവതരിപ്പിക്കുമ്പോഴു ണ്ടാകുന്ന എതിർപ്പുകൾ മറികടക്കാനും ഇതിലൂടെ സാധിച്ചു. വെള്ളിയാഴ്ചയാണ് ലോക്‌സഭയിൽ ആധാർ ബിൽ അവതരിപ്പിച്ചത്. അംഗങ്ങളിലേറെപ്പേരും സഭയിലുണ്ടായിരുന്നില്ല എന്നത് എതിർപ്പിന്റെ ശബ്ദം കുറയ്ക്കുകയും ചെയ്തു.

ഖജനാവിൽനിന്ന് പണം മുടക്കി നടപ്പാക്കേണ്ട പദ്ധതിയായതുകൊണ്ട് ആധാർ ബിൽ ധനബില്ലാകുന്നു എന്നായിരുന്നു അരുൺ ജെയ്റ്റ്‌ലിയുടെ വാദം. വെള്ളിയാഴ്ച ഒടുവിലത്തെ ഇനമായി ഉൾപ്പെടുത്തിയിരുന്ന ബിൽ തിരക്കിട്ട് പാസ്സാക്കുമെന്ന് പ്രതിപക്ഷവും കരുതിയിരുന്നില്ല. ഇതേക്കുറിച്ച് പഠിച്ച് 24 ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്ന ആർ.എസ്‌പി. അംഗം എൻ.കെ പ്രേമചന്ദ്രനും ആ സമയത്ത് സഭയിലുണ്ടായിരുന്നില്ല.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറും. നികുതി, ബാങ്കിങ്, മറ്റു സേവനങ്ങൾ എന്നിവയ്ക്ക് ആധാർ നിർബന്ധമാകും. സ്വകാര്യ സേവനങ്ങൾക്കും ആധാർ തന്നെയാകും അടിസ്ഥാന രേഖ. ഇക്കൊല്ലം ഏപ്രിൽ മുതൽക്കുതന്നെ ഇതിന് നിയമസാധുത ലഭിക്കുകയും ചെയ്യും.