മസ്‌ക്കറ്റ്: അടുത്ത വർഷം ഒമാനിൽ പത്ത്, പന്ത്രണ്ട് ക്ലാസിൽ ബോർഡ് പരീക്ഷ എഴുതുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആധാർ നമ്പർ നേടിയിരിക്കണമെന്ന് നിർദ്ദേശം. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ നാട്ടിൽ ആധാർ നമ്പർ നേടിയിരിക്കണം എന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് (ഐഎസ്എം). ബോർഡ് പരീക്ഷയ്ക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ ആധാർ നമ്പർ അത്യാവശ്യം വേണമെന്നതിനാലാണ് വിദ്യാർത്ഥികൾ ആധാർ കാർഡ് നേടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമ്പതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ രജിസ്‌ട്രേഷന് സിബിഎസ്ഇ ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. 2017 ഓഗസ്റ്റ്/ സെപ്റ്റംബർ മാസങ്ങളിലാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നത്. എത്രയും വേഗം കുട്ടികൾക്ക് ആധാർ ലഭ്യമാകുന്നതിന് വേണ്ട നടപടികൾ മാതാപിതാക്കൾ സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. അടുത്ത അവധിക്കാലത്ത് മറ്റു ക്ലാസുകളിലെ കുട്ടികൾക്കും ആധാർ എടുക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത വർഷം മുതൽ ബോർഡ് പരീക്ഷ എഴുതുന്നതിന് വിദ്യാർത്ഥികളുടെ ആധാർ നമ്പർ നിർബന്ധമാക്കിയിരിക്കുകയാണ്. ഈ വർഷവും ഇത് അത്യാവശ്യമായിരുന്നെങ്കിലും സിബിഎസ്ഇ ബോർഡ് ഇക്കാര്യത്തിൽ കടുംപിടുത്തം കാണിച്ചിരുന്നില്ല.