മുംബൈ: ഗർഭിണികൾക്ക് സ്‌കാനിംഗിന് ആധാർ നിർബന്ധം. പെൺഭ്രൂണഹത്യ തടയാൻ സ്‌കാനിംഗിന് ആധാർ കാർഡ് മഹാരാഷ്ട്ര സർക്കാരാണ് നിർബന്ധമാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിർത്തി ജില്ലക്കാർക്ക് ആധാർ കാർഡ് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ സംസ്ഥാനത്തുള്ള എല്ലാ ഗർഭിണികൾക്കും ആധാർ സർക്കാർ കർശനമാക്കി.

1994-ലെ പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക് ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അയൽ സംസ്ഥാനങ്ങളുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്താനും മഹാരാഷ്ട്ര ഒരുങ്ങുകയാണ്.

കഴിഞ്ഞ വർഷം പെൺകുഞ്ഞുങ്ങളുടെ ജനനനിരക്കിൽ വളരെ താഴ്ന്ന കണക്ക് രേഖപ്പെടുത്തിയ ഒമ്പത് താലൂക്കുകളാണ് മഹാരാഷ്ട്രയിലുള്ളത്. ലിംഗ നിർണയം നിയമ വിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ഇവ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് 7600 ലധകം സോണോഗ്രഫി കേന്ദ്രങ്ങളാണുള്ളത്.