- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും കൈവശം വയ്ക്കാം എന്ന് ചട്ടം; ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ലെന്നത് നിയമത്തെ അട്ടിമറിച്ചു; എല്ലാം നേരെയാക്കാൻ ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര്; ഇനി ഭൂമിയിലെ കള്ളക്കളികൾ നടക്കില്ല; ആധാർ അധിഷ്ഠിത ഭൂമി രേഖ ഉടൻ
തിരുവനന്തപുരം: ഇനി ഭൂമിയിലെ കള്ളക്കളി നടക്കില്ല. ആധാർ ഉണ്ടെങ്കിൽ മാത്രം വസ്തു രജിസ്ട്രേഷൻ. എല്ലാ വസ്തുക്കളും അധാറുമായി ലിങ്കും ചെയ്യേണ്ടി വരും. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. ഇതെല്ലം കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയും. അതുകൊണ്ട് തന്നെ ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര് പദ്ധതി ഏറെ പ്രധാന്യമുള്ളതാണ്.
സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഇനി നടപടികൾ വേഗത്തിലാകും. കൂടുതൽ വസ്തു കൈവശം വയ്ക്കുന്നവരെ ഇതിലൂടെ കണ്ടെത്തനാകും.1970 ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഇളവു ലഭിച്ച തോട്ടം ഉടമകൾക്ക് കൈവശ ഭൂമിയിലെ പരിധി ബാധകമല്ല. ബാക്കിയെല്ലാം പ്രശ്നമായി മാറും. ഇപ്പോൾ സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. ഈ പഴുതുപയോഗിച്ച് പലരും കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നുണ്ട്. പുതിയ പദ്ധതിയോടെ അതിന് സാധ്യത ഇല്ലാതെയാകും എന്നാണ് പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ഒരു വർഷമായി നടപടിയാകാതെ കിടന്ന ഈ പദ്ധതിക്കാണ് കേന്ദ്ര അനുമതിയോടെ പുതിയ വേഗത കൈവിരുന്നത്. ഇത് നടപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇനി സംസ്ഥാനത്തിനു പുറത്തിറക്കാം. പദ്ധതി പ്രകാരം, സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ബന്ധപ്പെടുത്തിയാവും പദ്ധതി.
ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസിൽ പോകേണ്ടിവരില്ല. ഉത്തരവിറങ്ങി നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിനു റവന്യു പോർട്ടലിൽ നിശ്ചിത അവസരവും കാലയളവും ഭൂവുടമയ്ക്കു ലഭിക്കും. ഇത് പൂർത്തിയാകുന്നതോടെ ഓരോ വസ്തുവിന് എത്ര ഭൂമി കൈവശമുണ്ടെന്ന് സർക്കാരിന് മനസ്സിലാകും. ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷേ, ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏതു കാര്യത്തിലും ആധാർ ലിങ്ക് ചെയ്യാൻ സാധിക്കൂ.
ഇതു കാരണം ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്നു മന്ത്രി കെ.രാജൻ ലാൻഡ് റവന്യു കമ്മിഷണർക്കു നിർദ്ദേശം നൽകിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ കമ്മിഷണർ കേന്ദ്രത്തിനോടു പ്രത്യേക അനുമതി തേടി. സാമൂഹിക ക്ഷേമത്തിനും സൽഭരണത്തിനും വേണ്ടിയാണു ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതെന്നു കമ്മിഷണർ കത്തിൽ വ്യക്തമാക്കി. ഇതോടെയാണ് അനുമതി ലഭിച്ചത്.
നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാകും വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനെ സൂചിപ്പിക്കുന്ന 12 അക്ക തിരിച്ചറിയൽ നമ്പർ വരും. ഇപ്പോൾ സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല.
സംസ്ഥാനത്ത് എല്ലാ ഭൂഉടമകളുടെയും തണ്ടപ്പേർ വിവരങ്ങൾ ആധാറുമായി ലിങ്ക്ചെയ്ത് പുതുതായി 12 അക്ക തിരിച്ചറിയൽ നമ്പർ നൽകും. ഇതോടെ ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റത്തണ്ടപ്പേരിലായി മാറും. റവന്യൂ സേവനങ്ങൾ മികച്ചതാക്കുന്നതിനും ഭൂരേഖകളിൽ കൃത്യത കൊണ്ടുവരുന്നതിനുമാണ് യു.ടി.എൻ. പദ്ധതി നടപ്പാക്കുന്നത്. യു.ടി.എൻ. വരുന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയങ്ങൾ സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും പദ്ധതി ഉപകരിക്കുമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു പറഞ്ഞു. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതികളിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. യു.ടി.എൻ. പദ്ധതി നടപ്പാക്കുന്നതിന് റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ആവശ്യമായ ക്രമീകരണം വരുത്താൻ സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസർക്ക് നേരത്തേ നിർദ്ദേശംനൽകിയിരുന്നു.
എല്ലാ ഭൂവുടമകളും ആധാർ നമ്പർ നൽകണം
പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കുന്ന നടപടികളാണ് ഇനി അവശേഷിക്കുന്നത്. ഇതോടെ അതത് വില്ലേജുകളിൽ ഭൂവിവരങ്ങൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തുടർ നടപടികൾ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലുള്ള ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പറുകൾ ഇതിനായി അതത് വില്ലേജ് ഓഫീസുകളിൽ ശേഖരിച്ചുതുടങ്ങും.
ഇതിനുള്ള മാർഗരേഖ റവന്യൂവകുപ്പ് പുറത്തിറക്കും. ആധാർ നമ്പർമാത്രമാണ് ശേഖരിക്കുകയെന്നും ആധാറിലെ മറ്റുവിവരങ്ങൾ ആവശ്യമില്ലെന്നും അധികൃതർ നേരത്തേവ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ