'മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന' അങ്ങേയറ്റം പുരുഷാധിപത്യപരവും ഫ്യൂഡലുമായ ഒരു പഴഞ്ചൊല്ലാണ്, ഹിറ്റ്‌മേക്കർ ജീത്തുജോസഫ് മോഹൻലാലിന്റെ മകൻ പ്രണവിനെ നായകാനാക്കി എടുത്ത പുതിയ ചിത്രമായ ആദി കണ്ടപ്പോൾ ട്രോൾപോലെ മനസ്സിൽ വന്നത്. 'രാജാവിന്റെ മകൻ' ആരാധകരുടെ പ്രതീക്ഷകാത്തു.ഒന്നാന്തരം ഫയർ ഉണ്ട് പ്രണവിൽ. ഒരിടത്തും മോഹൻലാലിനെ അനുകരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം നടനത്തിൽ ഉടനീളം ഉണ്ടാക്കിയെടുക്കാൻ ഈ നടൻ ശ്രദ്ധിച്ചിട്ടുണ്ട്.മേക്കപ്പിന്റെയും മേക്കോവറിന്റെയും അമിത പ്രയോഗങ്ങളില്ലാതെയുള്ള സ്വാഭാവികമായ അഭിനയം.പിതാവിനെപ്പോലെ ആക്ഷൻ രംഗങ്ങളിലെ കരിസ്മ അപാരം.ഡയലോഗ് ഡെലിവറിയിലും, ഭാവ പ്രകടനങ്ങളിലുമൊക്കെയുള്ള ചില കല്ലുകടികൾ ആദ്യ ചിത്രമെന്ന നിലക്ക് തള്ളിക്കളയാം.ഉറപ്പിക്കാം,പയ്യൻ കയറിവരും.അതിന് ഫാൻസിന്റെ തള്ളലൊന്നും വേണ്ട.അവന് കാലിബറുണ്ട്.

നോക്കണേ, ചലച്ചിത്രത്തേക്കാൾ മേലെയാണ് താരധിപത്യം എന്നതിന് ഇതിൽകൂടുതൽ എന്ത് തെളിവ് വേണം.ആദി എന്ന പടം എങ്ങനെയെന്ന് ആർക്കും അറിയേണ്ട.പ്രണവിന്റെ പ്രകടം എങ്ങനെയുണ്ടെന്ന് അറിഞ്ഞാൽ മതി.പ്രണവിന് ഡിസ്റ്റിംങ്ങ്ഷൻ ഇല്‌ളെങ്കിലും ഹൈ ഫസ്റ്റ്ക്‌സാസ് കൊടുക്കാം.പക്ഷേ ഈ സിനിമക്കോ.

ആദ്യപകുതിയുടെ പ്രതീക്ഷയുണർത്തുന്ന ബിൽഡപ്പ് കഴിഞ്ഞാൽ, കേട്ടുമടുത്ത പ്രമേയവും,സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തുന്ന രംഗങ്ങളുമാണ് ഉടനീളം.തിരക്കഥയിലൊന്നും ജീത്തു തീരെ ശ്രദ്ധിച്ചിട്ടില്‌ളെന്ന് കൈ്‌ളമാകസിലെ കൂട്ടപ്പൊരിച്ചിലിലൊക്കെ വ്യക്തമാണ്.കട്ട ലാൽഫാൻസുകാർപോലും ചിത്രത്തിന് പാസ്മാർക്കേ കൊടുക്കൂ.ഒരു ഫാമിലി ഡ്രാമ പ്‌ളസ് ക്രൈം ത്രില്ലർ എന്ന 'ദൃശ്യം' മോഡൽ പരീക്ഷണം ഇവിടെ പാളിപ്പോയിരിക്കുന്നു.

വെള്ളരിക്കാപ്പട്ടണത്തിലെ കഥ

ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ പൊലീസിനും കോടതിക്കും പൊതുസമൂഹത്തിനുമൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത വെറും ഗുണ്ടാരാജ് മാത്രം വാഴുന്ന 'വെള്ളരിക്കാപ്പട്ടണത്തിൽ' നടക്കുന്ന കഥ എന്നതാണ്. അത് ബാംഗ്‌ളൂർ നഗരമാണെന്ന് ഓർക്കണം! 90 കളിലെ അധോലേകാ ചിത്രങ്ങളുടെ ഈ ഹാങ്ങോവർ മാറ്റപ്പിടിക്കാനുള്ള ചെറിയ ശ്രമംപോലും ഈ ചിത്രത്തിലില്ല.

ഇനി കഥയിലേക്ക് വരാം.സംഗീത സംവിധായകനാവാൻ കൊതിക്കുന്ന ആദിത്യ മോഹൻ എന്ന യുവാവാണ് ചിത്രത്തിൽ പ്രണവ്.മോഹൻ ലാലിനെ മലയാള അഭ്രലോകത്തേക്ക് കൊണ്ടുവന്ന 'മഞ്ഞിൽവരിഞ്ഞ പൂക്കളിലെ', മിഴിയോരം എന്ന മനോഹരഗാനം ഗിറ്റാർ മീട്ടിപ്പാടുന്ന ആദിയുടെ ആദ്യഷോട്ടുതന്നെ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്നു.രണ്ടുവർഷത്തെ സമയമാണ് ഒരു സംഗീത സംവിധായകനായി തെളിയാൻ ആദിക്ക് പിതാവ്് മോഹൻ (സിദ്ദീഖ്) നൽകിയിരിക്കുന്നത്.ഇവിടെ ആദിയുടെയും കുടുംബ രംഗങ്ങളൊക്കെ ഹൃദ്യമായാണ് ചിത്രീകരിച്ചിരക്കുന്നത്.

ബാംഗ്‌ളൂരിലെ ഒരു പ്രശസ്തമായ പബ്ബിൽ നിരവധി സംഗീത സംവിധായകരെക്കെ വരുമെന്നും അവിടെ പാടാനായാൽ സിനിമയിലേക്ക് ഒരു എൻട്രിയാവുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചും, പിതാവിന്റെ ഒരു സ്വകാര്യ ആവശ്യവും അനുസരിച്ച് ബാംഗ്‌ളൂർക്ക് തിരിക്കുന്ന ആദി വലിയ കുഴപ്പങ്ങളിലാണ് ചെന്നുചാടുന്നത്.ബാംഗ്‌ളൂരിലെ പബ്ബിലുണ്ടായ കശപിശയിൽ ആ നഗരത്തിലെ വലിയൊരു ബാങ്കറും ഡോണുമായ നാരയാണൻ റെഡ്ഡിയുടെ ( ചിത്രത്തിൽ ജഗപതി ബാബു) മകൻ കൊല്ലപ്പെടുന്നു.കൊമേർഷ്യൽ സിനിമയായതുകൊണ്ട് ചോരക്ക് ചോരതന്നെ വേണമെല്ലോ.പ്രത്യേകിച്ചും റെഡ്ഡിമാർ.അവർ ഈ കൊച്ചുപയ്യനെ കൊല്ലാനായി പത്തുലോഡ് ഗുണ്ടാത്തൊഴിലാളികളെയും കൂട്ടിയിറങ്ങുന്നു.തീർക്കാനായി അവരും, അതിജീവിക്കാനായി ആദിയും. ഈ മൗസ് ആൻഡ് ക്യാറ്റ് മോഡൽ കളിയാണ് ഈ പടം.ഇതിനിടയിൽ ആദിയുടെ അമ്മയായ ലെനയും അഛൻ സിദ്ദീഖും കുറെ കരഞ്ഞും മൂക്കുപിഴിഞ്ഞും വെറുപ്പിക്കുന്നുണ്ട്.ഇതിനെയാണ് 'ആക്ഷൻ ഓറിയൻഡഡ് ഫാമിലി ഡ്രാമയെന്ന്'പറയുന്നത്!

പ്രിയപ്പെട്ട ജീത്തു, ഇതൊക്കെ നാം എത്രതവണ കേട്ടതാണ്.ഇത്രയും ഹൈപ്പുള്ള ഒരു പടം എടുക്കാൻ അവസരം കിട്ടിയിട്ടും ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നില്ലേ.കുറ്റം പറയരുതല്ലോ,ചിത്രത്തിന്റെ ആദ്യപകുതി മോശമില്ലാതെ എടുത്തിട്ടുണ്ട്.എന്നാൽ രണ്ടാം പകുതി മനുഷ്യ മസ്തിഷ്‌ക്കത്തിലെ ചിന്തയുടെയും യുക്തിയുടെയും ഭാഗം നിയന്ത്രിക്കുന്ന ന്യൂറോണുകൾക്ക് വെല്ലുവിളിയാണ്.അതിനിടക്ക് അൽപ്പം ആശ്വാസമാവുന്നത് ഷറഫുദ്ദീന്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളാണ്.ആദി എന്ന കൊച്ചുപയ്യൻ നാരായണൻ റെഡ്ഡിയെന്ന ഡോണിനെ ഒറ്റക്ക് കാണാനായി ബഹുനില മന്ദിരത്തിൽ കയറിപ്പറ്റാനുള്ള ശ്രമമൊക്കെ കണ്ടാൽ, സുരാജ് പറഞ്ഞപോലെ പെറ്റ തള്ള കരഞ്ഞുപോകും.എന്തൊരു ഭാവനാ ശൂന്യത.നായകൻ താരപുത്രനായതുകൊണ്ട് എന്ത് വിഡ്ഡിത്തവും ഫാൻസുകാർ സഹിക്കും.പക്ഷേ പൊതുജനത്തിന് ആ ബാധ്യതയില്ല.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദൃശ്യത്തിനുശേഷം എടുത്ത ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നീ രണ്ടു ചിത്രങ്ങളുടെയും പരാജയകാരണം മോശം തിരക്കഥയായിരുന്നു.പക്ഷേ അതിൽനിന്നൊന്നും ജീത്തു ഒരുപാടവും പഠിച്ചില്‌ളെന്ന് പുതിയ ചിത്രവും തെളിയിക്കുന്നു.

നിയമവാഴ്ചയില്ലാത്ത ഒരു സമൂഹം എന്ന എട്ടാംനൂറ്റാണ്ട് മോഡൽ ജീത്തുവിന്റെ ആശയം കടുത്ത രാഷ്ട്രീയ വിമർശനത്തിനും ഇടയാക്കേണ്ടതാണ്.ദൃശ്യം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ, അന്ന് ഐ.ജിയായിരുന്ന ടി.പി സെൻകുമാർ നടത്തിയ വിമർശനമാണ് ഇപ്പോൾ ഓർമ്മവരുന്നത്.നിയമവാഴ്ചയെക്കുറിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന സിനിമയാണ് ഇതെന്നും,ബ്‌ളാക്ക് മെയിലിങ്ങിന് വിധേയമാക്കപ്പെട്ട ഒരു പെൺകുട്ടി ആദ്യം സമീപിക്കേണ്ടത് പൊലീസിനെയാണെന്നും അദ്ദേഹം പറഞ്ഞതോർക്കുന്നു.ഏത് കുറ്റകൃത്യവും പിടിക്കപ്പെടാതെ സമർഥമായി നിൽക്കാൻ കഴിയുമെന്നത് സമൂഹത്തിലേക്ക് കൊടുക്കുന്ന തെറ്റായ സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.സെൻകുമാറിൻെ നിരീക്ഷണം ശരിയായി.ചുരുങ്ങിയത് മൂന്നുകൊലകളെങ്കിലും ദൃശ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് പ്രതികൾ സമ്മതിച്ചവ പിന്നീട് കേരളത്തിൽ ഉണ്ടായി!ആ നിലക്ക് നോക്കുമ്പോൾ ആദിയും തെറ്റായ സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത്.

ബാധ്യതയായി ചാടിത്തീർക്കുന്ന ആക്ഷൻ!

പാർകൂർ എന്നുപറയുന്നൊരു സൈനിക ശിക്ഷണ പദ്ധതിയുണ്ട്.ചിലർ പാർക്കർ എന്ന് ഓമനപ്പേരിട്ടുണ്ട്.മലയാളികൾക്ക് അധികം പരിചയമില്ല.ഇന്ന് ബീച്ചിലൊക്കെയുള്ള ചാട്ടവും മറച്ചിലുമൊക്കെയുള്ള സാഹസിക അഭ്യാസമായി ഇത് കടന്നുവരുന്നുണ്ട്.സംഗീതം കഴിഞ്ഞാൽ പിന്നെ നമ്മുടെ ആദിയുടെ പാഷൻ ഈ പാർകൂറാണ്.അതുകൊണ്ടുതന്നെ ഒരു പുതുമയെന്ന് കരുതി പാർകൂർ സ്‌റൈലിലാണ് ജീത്തു സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.

അതായത് ചാട്ടത്തോട് ചാട്ടം.ആദി കെട്ടിടത്തിന് മുകളിലേക്ക് ചാടുന്നു, അവിടെനിന്ന് താഴേക്ക് ചാടുന്നു,ഗുഹക്ക് മുകളിലൂടെ ചാടുന്നു, കരിങ്കൽകെട്ടുകൾ ചാടിമറിയുന്നു,വില്ലനെ ചാടിയടിക്കുന്നു.... ആകെ ചാട്ടമയം! ആദി മാത്രമല്ല പിടിക്കാൻ വരുന്ന ഗുണ്ടാത്തൊഴിലാളികളും ചാട്ടക്കാരാണ്.പ്രണവിന്റെ ആദ്യത്തെ കുറച്ച് ജമ്പുകൾക്ക് കൈയടിയുണ്ട്.ശരീരഭാഷയും നന്നായി.പക്ഷേ ജമ്പോടു ജമ്പായാൽ ആർക്കാണ് ബോടറിക്കാതിരക്കുക.എന്തിന് ചിത്രം അവസാനിക്കുന്നതും പാട്ടിലല്ല, ചാട്ടത്തിലാണ്. എന്തൊരു വ്യത്യസ്തത!
അതുപോലെതന്നെ പരസ്യ ദാതാക്കളെയും ഫിനാസർമാരെയും പ്രീണിപ്പിക്കാനായി സിനിമക്കുള്ളിൽ അവരുടെ തലവന്മാരെ കൊണ്ടുവരുന്നതും ശരിയായെന്ന് തോനുന്നില്ല.ചിത്രത്തിൽ ഒരു കാര്യവുമില്ലാതെ കോൺഫിഡന്റ് ഗ്രൂപ്പിനെയും അവരുടെ തലവൻ ഡോ.റോയിയെയും കൊണ്ടുവരുന്നുണ്ട്.നാളെ എം.എ യൂസഫിലും, ബോബി ചെമ്മണ്ണൂരും,രവിപിള്ളയുമൊക്കെ ഈ രീതിയിൽ മികച്ച അഭിനയം കാഴ്ചവെക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം!

പ്രണവ്: പുതിയ താരോദയം

വർഷങ്ങൾക്കുമുമ്പ് ഫാസിലിന്റെ 'കൈയത്തെും ദൂരത്ത്' എന്ന ചിത്രത്തിലെ ചോക്‌ളേറ്റ് പ്രണയ നായകനായി വന്ന പയ്യൻ പിന്നീട് ഇതുപോലൊരു സ്‌ഫോടകശേഷി ഒളിപ്പിച്ചുവെച്ച ഫഹദ് ഫാസിലായി വളരുമെന്ന് ആരെങ്കിലും കരുതിയോ?'സെക്കൻഡ് ഷോയിൽ' നായകനായ മെല്ലിച്ച ആ പയ്യൻ ദുൽഖർ സൽമാനായി പൊട്ടിവിടരുമെന്നും ആദ്യ ചിത്രം കണ്ടവർ കരുതിക്കാണില്ല.അതുപോലെ തന്നെ പ്രണവും.ആദ്യ ചിത്രമല്ലേ; സ്‌റ്റൈലുണ്ട്, ഫയറുണ്ട്.നല്ല കഥാപാത്രങ്ങൾ കിട്ടിയാൻ കയറിവരും.ബാലതാരമായത്തെി മികച്ച നടനുള്ള അവാർഡ് വാങ്ങിച്ചയാളാണ് കക്ഷിയെന്ന് ഓർക്കണം.ആക്ഷനാണ് പ്രണവിന്റെയും ഹൈപ്പ്.അതും പലതും ഡ്യൂപ്പില്ലാതെ.അതുകൊണ്ടതന്നെ പുതിയൊരു താരോദയത്തിനാണ് മലയാള സിനിമ സാക്ഷ്യവഹിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ.

പക്ഷേ അഭിനയത്തിലെ പ്രണവിന്റെ ഒരു പ്രധാന പ്രശ്‌നമായി തോന്നിയത് ഡയലോഗ് ഡെലിവെറിയിയാണ്.മലയാളത്തേക്കൾ അയാൾക്ക് സുരക്ഷിതമായ ഭാഷ ഇംഗ്‌ളീഷാണെന്ന് തോന്നുന്നു.( അത് സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ ക്കാരുടെ മൊത്തം പ്രശ്‌നമാണെന്ന് തോനുന്നു.'പരുത്തിവീരനിൽ' കാർത്തിയൊക്കൊണ്ട് ലോക്കൽ തമിഴ് പറയിക്കാൻപെട്ട പാട് സംവിധായകൻ അമീർസുൽത്താൻ എഴുതിയത് വായിച്ചതോർക്കുന്നു)മറ്റൊന്ന് സങ്കീർണ്ണമായ ചില കഥാപാത്രാവസരങ്ങളിൽ ചില ഭാവങ്ങൾ മുഖത്തുറച്ചപോലെ തോന്നുന്നുണ്ട്.തുടക്കമല്ലേ,കാത്തിരുന്ന് കാണാം.പിതാവിന്റെ അഡ്രസ്സുകൊണ്ട് പിടിച്ചു നിൽക്കണമെങ്കിൽ പ്രേംനസീറിന്റെ മകൻ
സൂപ്പർസ്റ്റാർ ആവണമായിരുന്നല്ലോ?

പ്രണവിന് അഭിനയത്തിൽ കട്ട സപ്പോർട്ട് കൊടുത്ത രണ്ടുപേർ ഷറഫുദ്ദീനും അനുശ്രീയുമാണ്.ഹാസ്യം മാത്രമല്ല ഒന്നാന്തരം ക്യാരക്ടർ റോളുകളും തനിക്ക് പറ്റുമെന്ന് ഷറഫുദ്ദീൻ തെളിയിച്ചു.ആദിയുടെ മാതാപിതാക്കന്മാരായി വന്ന സിദ്ദീഖും ലെനയും രണ്ടാപകുതിയിൽ ഓവറാക്കി ബോറാക്കി.ന്യൂജൻ അമ്മയായി തിളങ്ങി നിൽക്കുന്ന ലെനയുടെ, ആദ്യപകുതിയിൽ പ്രണവിനൊപ്പമുള്ള കെമിസ്ട്രി ഫലിച്ചിട്ടുണ്ടുമുണ്ട്.ലൈറ്റ് കോമഡി റോളിൽനിന്ന് വില്ലനിലേക്കുള്ള സിജുവിന്റെ മാറ്റവും മോശമായിട്ടില്ല.ജഗപതി ബാബു കണ്ണരുട്ടി പ്രേക്ഷരെ പേടിപ്പിച്ച് വില്ലൻ കളിക്കുന്നു. അനിൽ ജോൺസന്റെ സംഗീതം ശരാശരിയാണ്്.സതീഷ് കുറുപ്പിന്റെ ക്യാമറ പതിവുപോലെ ചിത്രത്തിന് മുതൽക്കൂട്ടും.

വാൽക്കഷ്ണം: പാവം ഫാൻസുകാരെ കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ.എത്ര ആവേശത്തോടെയാണ് അവർ ഈ താരസിംഹാസന കൈമാറ്റം ഏറ്റെടുത്തിരിക്കുന്നതെന്ന് നോക്കുക.ഒരു സീനിൽ ലാൽ ഗസ്റ്റായി വരുന്നയോടെ ആവേശം അണപൊട്ടുന്നു.അവസാനം തവളച്ചാട്ടംപോലാവുന്ന പ്രണവിന്റെ ചാട്ടനമ്പറിനുപോലുമുണ്ട് നിലക്കാത്ത ആർപ്പുവിളി.രാഷ്ട്രീയ പാർട്ടികൾക്കുപോലും ഇത്രക്ക് വിധേയത്വമുള്ള അണികൾ ഉണ്ടാവില്ല.ഒരു നടൻ എന്ന നിലയിൽ പ്രണവ് നേരിടുന്ന പ്രധാന ഭീഷണിയും ഇവരിൽനിന്ന് തന്നെയാവും.കാരണം വ്യക്തിത്വമുള്ള ഒരു നടനെയല്ല,മോഹൻലാൽ എന്ന നടന്റെ ചില മാനറിസങ്ങളാണ് അവർ പ്രണവിൽനിന്ന് കാണാൻ ആഗ്രഹിക്കുന്നത്.ഈ ധാരണ തകർത്ത് സ്വന്തമായി ഒരിടം കണ്ടത്തെുകയെന്നതായിരക്കും പ്രണവിലെ നടൻ നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയും.