നിറഞ്ഞ കയ്യടികളോടെ തിയറ്റർ നിറഞ്ഞ് ഓടുകയാണ് ജയസൂര്യ നായകനായ ആട് 2 എ്‌ന ചിത്രം. ഷാജി പാപ്പനെയും ടീമിനെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ ഒരു പ്രധാനകാര്യം നായകൻ ജയസൂര്യയും നിർമ്മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.

സിനിമയുടെ ഏതെങ്കിലും ഭാഗം പകർത്തി ഫേസ്‌ബുക്കിലോ യുട്യൂബിലോ ഇട്ടാൽ അക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയാൻ ഫേസ്‌ബുക്ക് ലൈവിൽ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

സിനിമയുടെ ഒരു സീൻ അല്ല ഒരു സെക്കൻഡ് ഉള്ള വീഡിയോ ഇട്ടാൽ പോലും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആവുമെന്നും ഇവർ പറയുന്നു. നിങ്ങളുടെ സുഹൃത്തുക്കൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനും ജയസൂര്യ വീഡിയോയിൽ പറയുന്നു. ആട് 2 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ട് ഇറക്കുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. അഭിരാമി സുരേഷും അമൃത സുരേഷും ചേർന്ന് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്ന ഗാനമാണിത്.

ബോക്സ് ഓഫീസിലെ കണക്കുകളേക്കാളുപരി ഈ സിനിമയോടും ഇതിലെ കഥാപാത്രങ്ങളോടും ജനങ്ങൾ കാണിക്കുന്ന സ്നേഹമാണ് യഥാർത്ഥത്തിൽ സംതൃപ്തി നൽകുന്നതെന്ന് ജയസൂര്യ കൂട്ടിച്ചേർത്തു.