തിരുവനന്തപുരം: മലയാളം സൈബർ ഇടത്തിൽ കുറച്ചു ദിവസമായി ചർച്ച ചെയ്യുന്ന വിഷയം എഴുത്തുകാരൻ ബെന്യാമിന്റെ വിഖ്യാദ നോവൽ ആടു ജീവിതത്തെ കുറിച്ചാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന നോവലിസ്റ്റ് ബെന്യാമിനെതിരെ കോപ്പിയടി ആരോപണവുമായി സൈബർ ഇടത്തിലെ സംഘപരിവാർ അനുകൂല് പ്രൊഫൈലുകൽ രംഗത്തുവന്നതോടെയാണ് മലയാളികളുടെ ഇഷ്ട നോവലായ ആടുജീവിതം വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. പാക്കിസ്ഥാന്റെ മുൻ യുഎൻ അംബാസഡറും എഴുത്തുകാരനുമായ മുഹമ്മദ് അസദിന്റെ 'ദ റോഡ് ടു മെക്ക'യുടെ പകർപ്പാണ് ആടുജീവിതം എന്നതാണ് സൈബർ ഇടത്തിൽ പരിവാർ അനുകൂലികൾ ഉയർത്തിയ ആരോപണം.

ഇതോടെ ആടുജീവിതത്തിന്റെ പേരിൽ ബെന്യാമിന് ലഭിച്ച പുരസ്‌ക്കാരങ്ങൾ തിരിച്ചു കൊടുക്കണമെന്നും പകർപ്പാവകാശ നിയമപ്രകാരം കേസെടുക്കണം എന്നുമുള്ള ആവശ്യവും സൈബർ ഇടത്തിൽ ഉയർന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഇത് ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ലെന്നാണ് സംഘപരിവാർ സൈബർ ഇടങ്ങൾ വ്യക്തമാക്കിയത്.

ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നതുകൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശരിയാണ് , പരകായ പ്രവേശം നടന്നിട്ടുണ്ട്. അത് റോഡ് ടു മെക്കയിൽ നിന്നും ആടുജീവിതത്തിലേക്കാണെന്നായിരുന്നു സൈബർ ഇടങ്ങളിലെ വിമർശനം. ഇങ്ങനെ സൈബർ ഇടത്തിൽ കോപ്പിയടി വിവാദം കൊഴുക്കവേ വിമർശനങ്ങൾക്ക് പരോക്ഷ മറുപടി നൽകി ബെന്യാമിനും രംഗത്തുവന്നു.

ഫേസ്‌ബുക്കിലാണ് പരിഹാസം നിറഞ്ഞ മറുപടിയുമായി അദ്ദേഹം രംഗത്തുവന്നത്. മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്. ബെന്യാമിൻ ഫെയിസ്ബുക്കിൽ കുറിച്ചു. അതേസമയം കോപ്പയടി വിവാദത്തിൽ യാതൊരു പ്രതികരണവും അദ്ദേഹം നടത്തിയില്ല. സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് മൊട്ട പോസ്റ്റുമായി ബെന്യാമിൻ എത്തിയിരിക്കുന്നത്. മൊട്ട സാധാരണയായി വട്ടപൂജ്യമായിട്ട് പ്രാദേശിക ഭാഷയിൽ നാം ഉപയോഗിക്കാറുണ്ട്. ബിജെപിക്ക് ഇത്തവണ തെരഞ്ഞെടുപ്പിൽ കിട്ടിയ പൂജ്യവുമായി താരതമ്യം ചെയ്യാനാണ് ബെന്യാമിൻ ശ്രമിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയാ വിലയിരുത്തൽ.

അതേസമയം ബെന്യാമിന്റെ ആടുജീവിതം 'ദ റോഡ് ടു മെക്ക'യുടെ കോപ്പിയടി ആണെന്ന ആരോപണം ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എം എൻ കാരശ്ശേരിയും തള്ളി. ഇപ്പോൾ പുസ്തകം വിവാദമാകാൻ കാരണം രാഷ്ട്രീയമാണെന്നാണ് കാരശ്ശേരി മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തൃത്താലയിൽ അടക്കം ബെന്യാമിന്റെ രാഷ്ട്രീയ നിലപാടാണ് ഇതിന് കാരമെന്നും കാരശ്ശേരി പറയുന്നു.

കാരശ്ശേരി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

മരുഭൂമിയിലെ ഒരു അസ്തമയത്തേപ്പറ്റിയോ മരുപ്പച്ചയുടെ കുളിർമയേപ്പറ്റിയോ പൊടിക്കാറ്റിനേപ്പറ്റിയോ അസദിനും ബെന്യാമിനും അനുഭവമുണ്ടാകും. മരുഭൂമി ബെന്യാമിനും കണ്ടിട്ടുണ്ട്. മുഹമ്മദ് അസദ് മാത്രമല്ലല്ലോ മരുഭൂമി കണ്ടിട്ടുള്ളത്. രണ്ടെഴുത്തുകാരുടെ വാക്യങ്ങൾ തമ്മിലോ അലങ്കാരങ്ങൾ തമ്മിലോ സാമ്യംവരുക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിൻ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വർണനകൾ വന്നിരിക്കാം. ആ വർണനകൾഅല്ലല്ലോ ആ നോവൽ. അതിൽ മലയാളിയുടെ പ്രവാസജീവിതമുണ്ട്.

മുൻപ് ഈ വിവാദം വന്നപ്പോഴൊക്കെ മിണ്ടാതിരുന്ന ഒരാളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ ആടുജീവിതത്തെപ്പറ്റി ആദ്യമുണ്ടായ വിവാദം, നോവലിലെ കഥാപാത്രമായ നജീബിന് ബന്യാമിൻ പണമൊന്നും കൊടുത്തില്ല എന്നായിരുന്നു. ഒരു നോവലിലെ കഥാപാത്രത്തിന് പൂർവരൂപമായ ഒരു വ്യക്തിയുണ്ടാകാം. കഥാപാത്രങ്ങൾക്ക് റോയൽറ്റി നൽകാൻ തുടങ്ങിയാൽ ബഷീറിന്റെ കൈയിൽ എന്തെങ്കിലും ബാക്കിയുണ്ടാകുമായിരുന്നോ? ബഷീറും എംടി വാസുദേവൻ നായരുമൊക്കെ യഥാർഥത്തിൽ ഉണ്ടായിരുന്ന വ്യക്തികളെക്കുറിച്ചാണ് കൂടുതലും എഴുതിയിട്ടുള്ളത്. നജീബിന് ബന്യാമിനെക്കുറിച്ച് പരാതിയൊന്നും ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. സാഹിത്യനിരൂപണം എന്താണെന്ന് അറിവില്ലാത്ത ആൾക്കാൾ നടത്തുന്ന ഏർപ്പാടാണ് ഇത്തരം വിവാദങ്ങളൊക്കെ. ഒന്നുകിൽ അസൂയകൊണ്ട്, അല്ലെങ്കിൽ അറിവില്ലായ്മകൊണ്ട് ചെയ്യുന്നതാണ്.

ആടുജീവിതവുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോൾ പലരും എന്നെ വിളിച്ച് ചോദിച്ചു. ചർച്ചയാക്കേണ്ടതായി ഇതിൽ ഒന്നും ഇല്ല, ഞാനതിലേക്കില്ല എന്നായിരുന്നു അപ്പോഴൊക്കെ ഞാൻ പറഞ്ഞത്. മക്കയിലേക്കുള്ള പാതയുടെ സ്വാധീനമുണ്ടെന്ന് പല കൃതികളേക്കുറിച്ചും പലരും പറയാറുണ്ട്. അത് സ്വാഭാവികമാണ്. കാരണം അതൊരു നല്ല പുസ്തകമാണ്. ഗൾഫിലൊക്കെയുള്ള പല എഴുത്തുകാരുടെയും ആത്മകഥയിലോ യാത്രാവിവരണത്തിലോ ഒക്കെ ഈ പുസ്തകത്തിലുള്ള ചിലതൊക്കെ വന്നിട്ടുണ്ടാകും. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങൾ എന്ന പുസ്തകത്തിൽ മക്കയിലേക്കുള്ള പാതയിൽനിന്ന് ഒരു ഭാഗം എടുത്ത് ചേർത്തിട്ട് മുഖവുരയിൽ അക്കാര്യം പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇക്കാര്യത്തിൽ ബെന്യാമിനിൽ കുറ്റം കണ്ടെത്താൻ ഒന്നുമില്ല.

ഇപ്പോഴെന്താ സംഭവിച്ചതെന്നുവച്ചാൽ, തിരഞ്ഞെടുപ്പിൽ തൃത്താലയിൽ എംബി രാജേഷിനുവേണ്ടി ബെന്യാമിൻ പ്രചാരവേല ചെയ്തു. വി.ടി. ബൽറാമും എംബി രാജേഷും എന്റെ സുഹൃത്തുക്കളാണ്. എംബി രാജേഷിനെയാണോ വിടി ബൽറാമിനെയാണോ പിന്തുണയ്ക്കേണ്ടത് എന്നത് ബെന്യാമിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. രാജേഷിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ബൽറാം തോറ്റപ്പോൾ ഇതൊരു വിഷയമായി പൊന്തിവന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്.