കൊച്ചി: 'പണ്ടുതുള്ളാൻ പോകുമ്പോൾ, പ്രത്യേകിച്ച് തുള്ളുന്ന ഇനമനുസരിച്ച് നമ്മളെ ചിലരൊക്കെ നോട്ടമിടും.തട്ടേൽ നിന്ന് കളിക്കുമ്പോഴല്ല, അകത്ത് കച്ച കെട്ടുമ്പോൾ.ഓലപ്പുരയുടെ പൊത്തിലൂടെ ചില കണ്ണുകളിങ്ങനെ തെളിയും.നമ്മൾ കണ്ടില്ലാന്ന് നടിച്ചാലും അത് പുറകേയിങ്ങനെ വരും.പിന്നെ തട്ടേൽ രുഗ്മിണി സ്വയംവരം ആണേൽ പറയുകേം വേണ്ട.' ആളൊരുക്കത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ കലാകാരനായ പപ്പുപിഷാരടിയുടെ ഓർമകൾ ഇങ്ങനെ. പ്രായവരമ്പുകളില്ലാത്ത പ്രണയാശംസകൾ നേർന്നുകൊണ്ട് വി സി.അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാന്റീൻസ് ഡേ ടീസർ പുറത്തിറങ്ങി.

മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിക്കുന്നത്. സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം പറയുന്നത്.ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാകും 'ആളൊരുക്കം'. ചിത്രത്തിൽ ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. 16 വർഷങ്ങൾക്കു മുമ്പ് നാടുവിട്ടു പോയ മകനെ തേടിയുള്ള അച്ഛന്റെ യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് മകനെ അന്വേഷിച്ചിറങ്ങുന്ന പപ്പു പിഷാരടിയുടെ കാഴ്ചകളും അയാൾ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെയും കഥ മുന്നോട്ട് പോകുന്നു. തിരച്ചിലുകൾക്കൊടുവിൽ പപ്പു പിഷാരടി ശാന്തിനികേതൻ ചാരിറ്റബിൾ ഹോസ്പിറ്റലിൽ എത്തിപ്പെടുമ്പോൾ കഥ പുതിയൊരു ദിശയിലേക്ക് ട്രാക്ക് മാറ്റി ചവിട്ടുന്നു.

കലാമണ്ഡലം നിഖിലിന്റെ കീഴിൽ ഓട്ടൻതുള്ളലിൽ പ്രത്യേക പരിശീലനം നേടി ശേഷം കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ഇന്ദ്രൻസ് തുള്ളൽ കലാകാരനായി വേഷപകർച്ച നടത്തുന്നത്. ചിത്രത്തിനു വേണ്ടി രാമായണത്തിലെ ഹനുമാന്റെ ലങ്കദഹനത്തിനു മുമ്പുള്ള സഭാപ്രവേശത്തെ ആസ്പദമാക്കി പുതിയ കൃതി രചിച്ചിട്ടുണ്ട്. കലാമണ്ഡലം നാരായണനും കലാമണ്ഡലം നിഖിലും ചേർന്നാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ജോളിവുഡ് മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസിനു പുറമേ കൊച്ചിയിലെ അഭിനയ കളരിയായ ആക്ട് ലാബിൽ നിന്നുള്ള പത്തോളം കലാകാരന്മാരും ആളൊരുക്കത്തിൽ വേഷമിടുന്നു.

 കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗധരായ കലാകാരന്മാർ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നു. മറ്റു അഭിനേതാക്കൾ : ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സന്ദീപ്.സാംലാൽ പി തോമസാണ് ക്യാമറ.