- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ- മൂന്നാർ രാജപാത തുറക്കാൻ നടപടികൾ വേഗത്തിലാക്കും; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം നിയമസഭയിലെ സബ്മിഷന് മറുപടിയായി; പദ്ധതിയിലുടെ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാരത്തിന് കൂടി ഉണർവേകാൻ
കൊച്ചി: ആലുവ മൂന്നാർ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാജപാത തുറന്നാൽ കോതമംഗലത്ത് നിന്നും 60 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാർ എത്താം. ഇതോടെ ആലുവ മൂന്നാർ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഉണർവേകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച ആലുവ മൂന്നാർ രാജപാത ആലുവയിൽ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോൾനട, കുഞ്ചിയാറ്, കരിന്തിരി പെരുമ്പൻകുത്ത്, മാങ്കുളം വഴി മൂന്നാറിൽ എത്തുന്നതായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയിൽ കൊടും വളവുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത ഈ റോഡ് 1924 ലെ വെള്ളപ്പൊക്കത്തിൽ കരിംതിരി മലയിടിഞ്ഞ് ഭാഗികമായി തകരുകയായിരുന്നു. രാജപാത നവീകരിച്ച് തുറക്കുന്നതോടെ ടൂറിസം രംഗത്ത് മാത്രമല്ല കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളോടൊപ്പം ഇടമലക്കുടിയടക്കമുള്ള ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനമാകും.
രാജപാത തുറക്കുന്നതിനായി വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആലുവയിൽ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പൻകുത്ത് വരെ എത്തിച്ചേരുന്ന ആലുവ മൂന്നാർ റോഡ് (പഴയ രാജപാത) ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. എന്നാൽ പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള ഇടുക്കി ജില്ലയിലെ ഭാഗം നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതല്ല. തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ചു വരുന്നു. ആദ്യഭാഗത്ത് (കോതമംഗലം ചേലാട് ) ബിസി ഓവർ ലേ ചെയ്യുന്നതിന് വർക്ക് നടത്തിയിരുന്നെങ്കിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ പണികൾ തുടങ്ങാൻ കഴിഞ്ഞില്ല.പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യുവാനുള്ള ദൂരം കുറഞ്ഞ പാതയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ