- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി ഖാപ് പഞ്ചായത്തായി മാറിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ; കെജ്രിവാൾ ഹിറ്റ്ലറായെന്ന് ശാന്തിഭൂഷൺ; അർദ്ധരാത്രിയിലെ പുറത്താക്കൽ എന്തിനെന്ന് യോഗേന്ദ്ര യാദവ്: രൂക്ഷ വിമർശനവുമായി നേതാക്കൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനുമായി നേതാക്കൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി ഖാപ്പ് പഞ്ചായത്തായി മാറിയെന്ന് വിമർശിച്ചാണ് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്. ഒരു ഏകാധിപതിയും കുറച്ച് കൂട്ടാളികളും ചേർന്ന് ഒരു പ്രസ്ഥാനത്തിന്റെ എല്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനുമായി നേതാക്കൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി ഖാപ്പ് പഞ്ചായത്തായി മാറിയെന്ന് വിമർശിച്ചാണ് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്. ഒരു ഏകാധിപതിയും കുറച്ച് കൂട്ടാളികളും ചേർന്ന് ഒരു പ്രസ്ഥാനത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തല്ലിക്കെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുരത്താക്കിയതിനെതിരെ ശാന്തിഭൂഷണും രംഗത്തെത്തി. കെജ്രവാൾ പെരുമാറിയത് ഹിറ്റ്‌ലറെ പോലെയാണെന്ന് ശാന്തിഭൂഷൺ പ്രതികരിച്ചു.
തങ്ങളെ പുറത്താക്കാൻ അർദ്ധരാത്രി തെരഞ്ഞെടുത്തതെന്ന് എന്തിനാണെന്നായിരുന്നു യോഗേന്ദ്രയാദവിന്റെ ചോദ്യം. വാർത്ത കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. എന്തിന് അവർ അർദ്ധരാത്രി തെരഞ്ഞെടുത്തു. പിന്നീട് തനിക്ക് നിരാശ തോന്നിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. 'ഇപ്പോഴെങ്കിലും നാടകം അവസാനിച്ചല്ലോ.. എനിക്ക് ഖേദമുണ്ട്. വ്യക്തിപരമായ നഷ്ടത്തിലല്ലെന്ന് മാത്രം'. പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും എഎപിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള കുറിപ്പ് പുറത്തുവിട്ടത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും എഎപി പുറത്തക്കിയത്. മറ്റു വിമത നേതാക്കളായ ആനന്ത് കുമാർ, അജിത് ഝാ എന്നിവരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
പുറത്താക്കുന്നതിന് മുന്നോടിയായി ഇരുവർക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി കുറിപ്പിൽ ആം ആദ്മി പാർട്ടി നേതാക്കളായ ആശിഷ് കേതനടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഭൂഷൺ ഉന്നയിച്ചത്. അച്ചടക്കം ലംഘിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ആം ആദ്മി പാർട്ടി അച്ചടക്ക സമിതിക്കെതിരെയും പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. ആരാണ് അച്ചടക്കസമിതിയിലുള്ളതെന്നോ എപ്പോഴാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതെന്നോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഭൂഷൺ കുറ്റപ്പെടുത്തി. അതിനാൽ തന്നെ ആ നോട്ടീസിന് മറുപടി നൽകേണ്ടി വരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതി ഉന്നയിക്കുന്നവർ തന്നെ വിധികർത്താക്കളാകുന്ന സാഹചര്യമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചാണ് യോഗേന്ദ്ര യാദവ് മറുപടിക്കത്ത് നൽകിയത്. കംഗാരു കോടതിയും പുറത്താക്കൽ നടപടിയും ദുർമന്ത്രവാദവും വ്യക്തിഹത്യ നടത്തലും കുപ്രചാരണം പ്രചരിപ്പിക്കലുമൊക്കെയാണ് പാർട്ടിയിൽ നടക്കുന്നതെന്നും സ്റ്റാലിനിസ്റ്റ് ഭരണമാണ് പാർട്ടിയിലുള്ളതെന്ന ആരോപണം ശരിവെക്കുന്നതാണ് ഇതെന്നും യോഗേന്ദ്ര യാദവ് കത്തിൽ കുറ്റപ്പെടുത്തി.
കെജ്രിവാളിനെതിരെ വിമത ശബ്ദം ഉയർത്തിയതോടെയാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണം എഎപിയിക്ക് അനഭിമതരാകുന്നത്. കഴിഞ്ഞ മാസം ഇരുവരെയും എഎപിയുടെ നിർവാഹക സമിതിയിൽ നിന്നും നീക്കിയിരുന്നു. തുടർന്ന് ഇവർ സ്വരാജ് അഭിയാൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.

