ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ പിന്തുണ വാഗ്ദാനം ചെയ്ത ഡൽഹ ഇമാമിനെ ആംആദ്മി പാർട്ടി തള്ളിപ്പറഞ്ഞു. ഡൽഹിയിലെ മുസ്ലിംങ്ങൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന ഡൽഹി ഇമാമിന്റെ ആഹ്വാനത്തെയാണ് ആം ആദ്മി പാർട്ടി തള്ളിക്കളഞ്ഞത്. ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ വാഗ്ദാനം തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് കണ്ടാണ് എ.എ.പി പിന്തുണ വാഗ്ദാനം തള്ളിയത്.

തങ്ങൾ എപ്പോഴും വർഗീയ രാഷ്ട്രീയത്തിന് എതിരാണെന്ന് ഇമാമിന്റെ വാഗ്ദാനം തള്ളിക്കൊണ്ട് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. എല്ലാ വിഭാഗത്തിലുള്ളവരും തങ്ങൾക്ക് വോട്ടുചെയ്യും. ബുഖാരിയുടെ ആശയവുമായി എ.എ.പി യോജിക്കുന്നില്ല. അവരുടെ പിന്തുണ തങ്ങൾക്ക് വേണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

മകന്റെ സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ച ഡൽഹി ഇമാമിന്റെ പിന്തുണ ആവശ്യമില്ലെന്ന് എ.എ.പി വക്താവ് ആഷുതോശും പ്രതികരിച്ചു. രാജ്യത്തിന്റൈ പ്രധാനമന്ത്രിയെ ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം ആഹ്വാനങ്ങൾക്കുള്ള ശക്തമായ ഉത്തരം ബാലറ്റിലൂടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നേതാവ് അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു. എല്ലാ സമൂഹത്തിലുള്ളവരും തങ്ങൾക്ക് വോട്ടുചെയ്യുമെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും ഡൽഹി തെരഞ്ഞെടുപ്പിന്റെ പാർട്ടി ചുമതല കൂടി വഹിക്കുന്ന ജെയ്റ്റ് ലി കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ജനങ്ങൾ എ.എ.പിക്ക് വോട്ടുചെയ്യണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റൈ വിശാല താത്പര്യത്തിനും ഡൽഹിയുടെ വികസനത്തിനും ഇത് ആവശ്യമാണെന്നും മമത ട്വീറ്റ് ചെയ്തു.