- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവ്വേകൾ പറയുന്നത് കെജ്രിവാളിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്; കർഷക പാർട്ടിയുടെ പിന്തുണ കൂടി കിട്ടിയാൽ പഞ്ചാബിൽ ഇത്തവണ അട്ടിമറി ഉറപ്പ്; സംയുക്ത സമാജ് മോർച്ചയുമായി ഡൽഹി മുഖ്യമന്ത്രി നേരിട്ട് ചർച്ച ചെയ്യും; അമരീന്ദർ കോൺഗ്രസ് വിട്ടത് നേട്ടമാക്കാൻ ആംആദ്മി
ന്യൂഡൽഹി: പഞ്ചാബിൽ ഇത്തവണ തെളിയുന്നത് ആംആദ്മി സാധ്യതകൾ. കോൺഗ്രസിലെ പ്രശ്‌നങ്ങളും അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിക്ക് കരുത്താണ്. ഇതിന് പുറമേയാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഉദയം. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കർഷക സംഘടനകൾ രംഗത്തു വരുമ്പോൾ അതും ആം ആദ്മിയുടെ സാധ്യത കൂട്ടും.
കർഷകരുടെ പാർട്ടി പഞ്ചാബ് നിയമസഭാ തിരഞ്ഞടുപ്പിൽ മത്സരിക്കും. സംയുക്ത സമാജ് മോർച്ചയെ ബൽബീർ സിങ് രജേവാൾ തിരഞ്ഞെടുപ്പിൽ നയിക്കും. ആം ആദ്മി പാർട്ടിയുമായി ഇവർ സഖ്യമുണ്ടാക്കിയേക്കുമെന്നും വിവരമുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ 117 സീറ്റിലും മത്സരിച്ചേക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ആം ആദ്മിയുമായി സഖ്യത്തിൽ എത്തിയാൽ ഈ കണക്കുകളിൽ മാറ്റമുണ്ടാകും.
പഞ്ചാബിൽ ആംആദ്മിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പ്രവചന സർവ്വേകളിൽ അടക്കം ആംആദ്മിക്ക് മുൻതൂക്കമുണ്ട്. ബിജെപിയും അകാലിദള്ളും ഇപ്പോൾ സഖ്യത്തിൽ അല്ല. അമരീന്ദർ സിങ് കോൺഗ്രസ് വിട്ടതും രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി മറിച്ചു. പുതിയ പാർട്ടിയുണ്ടാക്കിയ അമരീന്ദർ ബിജെപിയുമായി സഹകരിച്ചാലും ആംആദ്മിക്ക് കോട്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ കർഷക സംഘടനകളുടെ നീക്കം അതിനിർണ്ണായകമാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കർഷക സംഘടനകളുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.
കാർഷിക നിയമത്തിനെതിരെ കാർഷിക നിയമങ്ങൾക്കെതിരെ 32 കർഷക സംഘടനകളാണ് സംയുക്ത കിസാൻ മോർച്ച എന്ന പേരിൽ പ്രതിഷേധിച്ചത്. ഇതിൽ 22 സംഘടനകളും പുതിയ പാർട്ടിക്കൊപ്പമുണ്ട്. പോരാട്ടം ജയിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾക്കു തിരഞ്ഞെടുപ്പും ജയിക്കാനാകുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ പറഞ്ഞു. ജനങ്ങളുടെ താൽപര്യപ്രകാരമാണ് സംയുക്ത സമാജ് മോർച്ച പാർട്ടി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സമ്മർദമുണ്ടായിരുന്നെന്ന് ബികെയു നേതാവ് ബൽബീർ സിങ് രജേവാൾ പ്രതികരിച്ചു. 'സമാന മനസ്‌കരുമായി ചർച്ചകൾക്കു തയാറാണ്. ഗ്രാമീണ മേഖലയിൽ ആദ്യം പാർട്ടിയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ആദം ആദ്മി പാർട്ടിയുമായി ചർച്ചകളൊന്നും നടന്നിട്ടില്ല' രജേവാൾ അവകാശപ്പെട്ടു. സംയുക്ത കിസാൻ മോർച്ച തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണു കർഷകർ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ആംആദ്മിയുമായി ഇവർ ചേർന്നാൽ അത് പഞ്ചാബിൽ പുതിയൊരു രാഷ്ട്രീയ മുന്നണിയുടെ ഭരണത്തിലേക്കുള്ള വഴിയൊരുക്കുമെന്നാണ് സൂചനകൾ. പഞ്ചാബിൽ ആംആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സർവേ പ്രവചനം പുറത്തു വന്നിരുന്നു. ഒരു മാസം മുമ്പ് എബിപി സി വോട്ടർ അഭിപ്രായ സർവേയിലാണ് ഈ കാര്യം പറയുന്നത്. 2022 ലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ആദ്യമാണ് സർവേ സംഘടിപ്പിച്ചത് 2017നെ അപേക്ഷിച്ച് ആംആദ്മി പാർട്ടി പഞ്ചാബിൽ വോട്ട് വിഹിതവും, സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കും എന്നാണ് സർവേ പറയുന്നത്.
47 മുതൽ 53 വരെ സീറ്റാണ് ആംആദ്മി പാർട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ സർവേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബിൽ ഉള്ളത്. രണ്ടാമത് ഭരണകക്ഷിയായ കോൺഗ്രസ് എത്തുമെന്ന് സർവേ പറയുന്നു, 42 മുതൽ 50 സീറ്റുവരെയാണ് പ്രവചനം. മൂന്നാമത് ശിരോമണി അകാലിദൾ ആണ് ഇവർക്ക് 16 മുതൽ 24 സീറ്റുവരെ പ്രവചിക്കപ്പെടുന്നു. അതേ സമയം സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബിൽ ബിജെപിക്ക് സംഭവിക്കുക എന്നാണ് സർവേ നൽകുന്ന സൂചന. പരമാവധി ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് സർവേ പറയുന്നത്. ശിരോമണി അകാലിദളുമായി പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന സഖ്യം തകർന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ സർവേ പറയുന്നത്.
2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 23.7 ശതമാനം ആയിരുന്നു ആംആദ്മിയുടെ വോട്ട് വിഹിതമെങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ അത് 36.5 ആയി വർധിക്കുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിന്റെ വോട്ട് ശതമാനം 34.9 ശതമാനമായി കുറയും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നത്തിയ സർവേകളിലും ആംആദ്മി പാർട്ടിക്ക് തന്നെയാണ് പഞ്ചാബിൽ മുൻതൂക്കം എന്നാണ് സർവേ ഫലം വന്നത്. അതുകൊണ്ട് തന്നെ കർഷക പാർട്ടിയുടെ പിന്തുണ കൂടി ആംആദ്മിക്ക് കിട്ടിയാൽ അത് വോട്ട് വിഹിതം ഇനിയും കൂട്ടും. ഭരണത്തിലേക്ക് പാർട്ടി കൂടുതൽ അടുക്കുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ