- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരു കൈയും തലക്ക് പിന്നിൽ കസേരയിൽ ചേർത്തു വെച്ചു അലസഭാവത്തിൽ ഇരിക്കുന്ന കെജ്രിവാൾ; കോവിഡിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് കേൾക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവോ? 'ഡൽഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി'യെ ചർച്ചയാക്കി ബിജെപി; ആംആദ്മി ഭയപ്പെടുത്തുന്നത് ആരെ?
ന്യൂഡൽഹി: ആംആദ്മിയാണ് ബിജെപിയുടെ പ്രധാന ശത്രു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാകുമ്പോൾ ആംആദ്മി പിടിമുറുക്കുമോ എന്ന ആശങ്ക അവർക്കുണ്ട്. ഡൽഹിക്ക് പുറത്ത് പഞ്ചാബിലും അവർ ഭരണം പിടിച്ചിരിക്കുന്നു. ദേശീയത ചർച്ചയാക്കി വോട്ട് നേടാനുള്ള കരുത്ത് ആംആദ്മിക്കുണ്ട്. അതുകൊണ്ട് കിട്ടുന്ന അവസരങ്ങളിൽ എല്ലാം ആംആദ്മിയേയും അരവിന്ദ് കെജ്രിവാളിനേയും പ്രതിക്കൂട്ടിൽ നിർത്താനാണ് ബിജെപി ശ്രമം. ഇതിന് പുതിയ ആയുധവും എത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിനിടെയുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പെരുമാറ്റത്തിൽ വിമർശനവുമായി ബിജെപി എത്തുന്നത് ആംആദ്മിയെ പ്രതിക്കൂട്ടിൽ നിർത്താനാണ്. പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും തലക്ക് പിന്നിലായി കസേരയിൽ ചേർത്തുവെച്ചുകൊണ്ട് അലസഭാവത്തിൽ ഇരിക്കുന്ന കെജ്രിവാളിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപിയുടെ ഈ നീക്കം. ഈ നടപടിയെ ദേശീയ തലത്തിൽ തന്നെ ചർച്ചയാക്കും.
'ഡൽഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി'യെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡൽഹി ബിജെപി ട്വിറ്ററിൽ കുറിച്ചു. എന്നാൽ സംഭവത്തിൽ അരവിന്ദ് കെജ്രിവാളോ ആംആദ്മി പാർട്ടിയോ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. മൗനം തുടരാനാണ് തീരുമാനം. കോവിഡ് നിയന്ത്രണത്തിലെ താൽപ്പര്യക്കുറവാണ് അലസമായ ഇരുപ്പെന്നാണ് ബിജെപിയുടെ വാദം. കോവിഡ് കേസുകൾ ഡൽഹിയിൽ ഉയരുന്നുണ്ട്. അതിന്റെ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. എന്നിട്ടും ഡൽഹി മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ലെന്നാണ് വിമർശനം.
ആസമിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം ആംആദ്മി പതിയെ ചലനമുണ്ടാക്കി എന്നതാണ് വസ്തുത. അസമിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സംപൂജ്യരായിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയും സഖ്യകക്ഷിയായ അസം ഗണപരിത്തിന്റെയും ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നു. 60 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി ഇതിൽ 52 സീറ്റും സഖ്യമായ എജിപിആറ് സീററും നേടി അതേസമയം ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ആംആദ്മി പാർട്ടി അക്കൗണ്ട് തുറന്നതാണ്. 42ാം വാർഡിൽ എഎപിയുടെ മൗസുമ ബീഗം വിജയിച്ചു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. അസമിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി എന്ന് ഇതോടെ ഉറപ്പായി. ഇനിയൊരു തിരിച്ചുവരവ് പോലും അടുത്തുണ്ടാവാൻ സാധ്യത കുറവാണ്. ഗുവാഹത്തി കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നാണംകെട്ട തോൽവി നേരിട്ടിരിക്കുന്നത്. ഇവിടെയും ആംആദ്മി പാർട്ടി കോൺഗ്രസിന് ഭീഷണിയായി പ്രതിപക്ഷത്ത് മാറുമെന്നാണ് തിരഞ്ഞെടുപ്പ് നൽകുന്ന സൂചന.തിരഞ്ഞെടുപ്പ് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടന്നത്.
ഡൽഹി മോഡൽ പഞ്ചാബിലേക്കും ആംആദ്മി നീട്ടുകയാണ്. സൗജന്യ ചികിൽസയ്ക്ക് ആശുപത്രിയും മറ്റും അവിടേയും വരും. കേരളത്തിലും ആംആദ്മിയുടെ സ്വാധീനം കൂടുകയാണ്. അതുകൊണ്ട് തന്നെ നമ്പർ വൺ പ്രതിപക്ഷ ശക്തിയായി ആംആദ്മിയെ കാണാനാണ് ബിജെപി തീരുമാനം. രാജ്യമാകെ പടർന്ന് പന്തലിക്കാനുള്ള കരുത്ത് കെജ്രിവാളിനുണ്ട്. ഹിന്ദുത്വത്തെ തള്ളിപ്പറയാതെയുള്ള നീക്കവും ബിജെപിക്ക് വെല്ലുവളിയാണ്.
ഈ സാഹചര്യത്തിലാണ് മോദിയുടെ യോഗത്തിലെ കെജ്രിവാളിന്റെ അലസത ബിജെപി ചർച്ചയാക്കുന്നത്. ഡൽഹിയിൽ പിടിമുറുക്കാനുള്ള തന്ത്രവും ബിജെപി പല തരത്തിൽ ആലോചിക്കുന്നുണ്ട്. എന്നാൽ പഞ്ചാബിലെ ജയത്തോടെ ഡൽഹിയിൽ ആംആദ്മി കൂടുതൽ ശക്തരായി എന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ