- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആം ആദ്മി പാർട്ടി നേതാവ് കെജ്രിവാൾ നേരിട്ടെത്തി പ്രചരണം നടത്തി; മധ്യപ്രദേശിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ മുനിസിപ്പൽ കോർപ്പറേഷനെ ഇനി ആപ്പിന്റെ റാണി അഗർവാൾ നയിക്കും; സിങ്രൗലിയും സത്യസന്ധമായ രാഷ്ട്രീയം അംഗീകരിച്ചു; ഡൽഹിക്കും പഞ്ചാബിനും ഒപ്പം മറ്റിടങ്ങളിലേക്കും തേരോട്ടം; മധ്യപ്രദേശിലും ആംആദ്മി വിപ്ലവം
ഭോപാൽ: ഡൽഹി പിടിച്ച് പഞ്ചാബിൽ ചുവടുറപ്പിച്ച ആംആദ്മി പാർട്ടി വിപ്ലവം ഉത്തരേന്ത്യയിൽ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നു. മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയവുമായി ആം ആദ്മി പാർട്ടി(എഎപി) കരുത്തു കാട്ടുകയാണ്. മധ്യപ്രദേശിലെ സിങ്രൗലി മുൻസിപൽ കോർപറേഷനിൽ മേയർ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാർത്ഥി റാണി അഗർവാൾ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയും നിലവിലെ കോർപറേഷൻ ചെയർമാനുമായ ചന്ദ്രപ്രദാപ് വിശ്വക്രമയെ 9,300 വോട്ടുകൾക്കാണ് റാണി അഗർവാൾ പരാജയപ്പെടുത്തിയത്.
11 മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത്( ബുർഹാൻപുർ, ഖാണ്ഡ്വ,സാത്ന,സാഗർ, ഉജൈൻ) ബിജെപിയും രണ്ടിടത്ത്(ഭോപാൽ, ഇൻഡോർ) കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. എഎപി വിജയം ഏവരേയും ഞെട്ടിക്കുന്നതാണ്. ബിജെപിക്ക് ബദൽ ഇനി എഎപിയാണെന്ന ചർച്ച ഈ വിജയം സജീവമാക്കും. കൂടുതൽ മേഖലകളിലേക്ക് കടന്നു കയറാനും അവസരമൊരുക്കും. മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന റാണി അഗർവാളിനെ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അഭിനന്ദിച്ചു.
'രാജ്യത്തുടനീളമുള്ള ആളുകൾ ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു' എന്ന് കേജ്‌രിവാൾ ട്വീറ്റു ചെയ്തു. വരുമാനത്തിന്റെ കാര്യത്തിൽ ഇൻഡോറിനു ശേഷം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് സിങ്രൗലി മുനിസിപ്പൽ കോർപ്പറേഷൻ. കിഴക്കൻ യുപിയുമായി അതിർത്തി പങ്കിടുന്ന വിന്ധ്യ പ്രദേശത്താണ് കോർപറേഷൻ എന്നും പ്രത്യേകതയുണ്ട്. അതായത് ഡൽഹി ഇഫക്ടിലാണ് ആപ്പിന്റെ വിജയം. ഇതോടെ മധ്യപ്രദേശിലും പതിയെ ആം ആദ്മി ചുവടുറപ്പിക്കാൻ ശ്രമിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് മധ്യപ്രദേശിൽ നടക്കുന്നുണ്ട്.
അതിനിടെ, മധ്യപ്രദേശിലെ റേവ മുൻസിപൽ കൗൺസിലിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഹരിനാരായൺ ഗുപ്ത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം. ഹനുമാന മേഖലയിലെ മുനിസിപ്പൽ കൗൺസിലിലെ ഒൻപതാം വാർഡിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഹരിനായരായണനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അഖിലേഷ് ഗുപ്ത 14 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
മധ്യപ്രദേശിൽ 11 മുനിസിപ്പൽ കോർപ്പറേഷൻ, 36 നഗരസഭകൾ, 86 നഗർ പരിഷത്തുകൾ എന്നിവടങ്ങളിലേക്കു നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ജൂലൈ 6നായിരുന്നു തിരഞ്ഞെടുപ്പ്. 16 നഗർ പാലിക നിഗം, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ജൂലൈ 20നാണ് വോട്ടെണ്ണൽ. ഈ മേഖലയിലും ആംആദ്മി കടന്നു കയറുമോ എന്ന ചർച്ച സജീവമാണ്.
സിങ്രൗലി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ റാണി അഗർവാൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ മത്സരത്തിനൊടുവിലാണ്. ബിജെപി സ്ഥാനാർത്ഥി പ്രകാശ് വിശ്വകർമയെ 9352 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റാണി അഗർവാളിന്റെ വിജയം. ആം ആദ്മിയും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടന്നപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ നേരിട്ടെത്തി റാണി അഗർവാളിന് വേണ്ടി പ്രചരണം നടത്തിയിരുന്നു. റോഡ് ഷോയിലടക്കം പങ്കെടുക്കയും ചെയ്തു. 2018ൽ നിയമസഭാ തെരഞ്ഞെടുപ്പിലും റാണി അഗർവാൾ സിങ്രൗലിയിൽ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ