തിരുവനന്തപുരം: ആം ആദ്മി എന്ന സങ്കൽപ്പം കേരളത്തിൽ വേരു പിടിക്കാൻ ഏറ്റവും മികച്ച അവസരമാണ് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പാർട്ടി ഉണ്ടായ ശേഷം നടക്കുന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനകീയ സ്ഥാനാർത്ഥികളെ നിർത്തി പാർട്ടിക്ക് വേര് പിടിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നല്ല നേതൃത്വം ഇല്ലാത്തതു കൊണ്ടും കേരളത്തിലെ സഹായിച്ചിരുന്ന ആം ആദ്മി ദേശീയ നേതൃത്വം ആം ആദ്മി വിട്ടതും സാറാ ജോസഫിനെ പോലെ ജനീയ അടിത്തറയില്ലാത്ത ഒരു ബുദ്ധിജീവി നയിക്കുന്നതും ഒക്കെ ചേർന്ന് ആം ആദ്മിയെ കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലാതാക്കിയിരിക്കയാണ്.

ഡൽഹിയെന്ന സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണെങ്കിലും അരവിന്ദ് കെജ്രിവാൾ എന്ന മിടുക്കനായ നേതാവ് ഉണ്ടെങ്കിലും അതിന്റെയൊന്നും പ്രതിഫലനം കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ ഇല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്ത് ആകെ 250 വാർഡുകളിൽ മാത്രമാണ് ആം ആദ്മി മത്സര രംഗത്ത് ഉള്ളത്. ദേശീയ രാഷ്ട്രീയത്തിൽ ആം ആദ്മി തരംഗം ആഞ്ഞുവീശിയപ്പോൾ അതിനൊപ്പം കേരളത്തിലെ ജനങ്ങളും ആവേശഭരിതരായിരുന്നു. സിപിഎമ്മിന്റെ സ്ഥാനത്താണ് ഡൽഹിയിൽ ആം ആദ്മി ക്ലച്ചുപിടിച്ചതെന്ന വിലയിരുത്തൽ പൊതുവിൽ ഉണ്ടായി. സൈബർ ലോകത്തും ഈ ആവേശം നിലനിന്നിരുന്നു. അന്ന് കേരളത്തെ ആം ആദ്മിയുടമായി അടുപ്പിച്ചിരുന്ന പ്രധാന ഘടകം പ്രശാന്ത് ഭൂഷൺ എന്ന നേതാവായിരുന്നു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ടി സുപ്രധാനമായ പല കേസുകളും വാദിച്ച് മലയാളികൾക്ക് പരിചിതനായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും കെജ്രിവാൾ പുറന്തള്ളിയതോടെ കേരളത്തിന് കനത്ത തിരിച്ചടി ആയി മാറുകയും ചെയ്തു. ഇതേടെ ദേശീയ നേതൃത്വം തിരിഞ്ഞു നോക്കാത്ത സംസ്ഥാനമായി കേരളം മാറി. എന്നാൽ യുഡിഎഫ് സർക്കാർ അഴിമതിയിൽ മൂടി നിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ കേരളത്തിലെ സാഹചര്യങ്ങൾ ആം ആദ്മിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താമായിരുന്നു. എന്നാൽ, അതിനുള്ള ശ്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ കോർപറേഷൻ ഡിവിഷനിലേക്കുൾപ്പെടെ ആം ആദ്മി മത്സരിക്കുന്നുന്നുണ്ട്. എന്നാൽ പൂർണ്ണ വിജയപ്രതീക്ഷ ഒരു വാർഡിൽ പോലും ഇല്ലെന്നതാണ് വാസ്തവം. സുതാര്യവും സെലക്ടീവുമായാണ് സ്ഥാനാർത്ഥി നിർണയം നടന്നതെന്നാണ് പാർട്ടി സംസ്ഥാന കൺവീനർ സാറാ ജോസഫിന്റെ പക്ഷം. മത്സരിക്കുന്ന വാർഡിൽ ഓരോ ബൂത്തിലും അഞ്ച് വളന്റിയർമാരെങ്കിലും ഉണ്ടാവണമെന്ന നിബന്ധന പാർട്ടി മുന്നോട്ടു വച്ചിട്ടുമുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ കോർപറേഷൻ ഡിവിഷനിലേക്ക് ഉൾപ്പെടെ മത്സരിക്കുന്നുണ്ട്. ജയിച്ചാൽ നിർണായകമാകാവുന്ന വാർഡുകളിലും പാർട്ടി സ്ഥാനാർത്ഥികളുണ്ട്. അഴിമതി വിരുദ്ധതയാണ് പ്രധാന മുദ്രാവാക്യം എങ്കിലും അത് എത്രകണ്ട് ഏശുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്.

എന്നാൽ മറ്റു കാര്യങ്ങളെല്ലാം മുറപോലെ നടക്കുന്നുണ്ട് താനും. തദ്ദേശ സ്ഥാപനത്തിലേക്ക് കിട്ടുന്ന ഫണ്ട് എത്രയെന്ന് ജനത്തോട് പറയുകയും എങ്ങനെ ചെലവഴിക്കണമെന്ന് അവരുടെ അഭിപ്രായം തേടുകയും ചെയ്യുമെന്നാണ് സാറാ ജോസഫ് പറയുന്നത്. പാർട്ടിക്ക് സ്വാധീനമുണ്ടായാൽ അവിടം പൂർണമായും അഴിമതി മുക്തമാക്കും. നടപ്പാക്കേണ്ട പദ്ധതിയും പ്രദേശവും ജനപ്രതിനിധി തീരുമാനിക്കുന്നതിനു പകരം ജനം തീരുമാനിക്കും. പാർട്ടിയുടെ അഴിമതിവിരുദ്ധത ഉൾപ്പെടെയുള്ള നിലപാടുകളിൽ വിശ്വാസമുണ്ടോ എന്ന പരീക്ഷണം കൂടിയാണിതെന്നും സാറാ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ജനപിന്തുണയുള്ള ഒരു നേതാവില്ലാത്തത് തന്നെയാണ് ആം ആദ്മി കേരളാഘടകത്തെ അലട്ടുന്ന പ്രധാന പ്രശ്‌നം. സാറാ ജോസഫിന്റ ബുദ്ധിജീവി പരിവേഷം പാർട്ടിയക്ക് തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്ക ഉണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഒരു തരംഗമായി മാറാൻ സാറാ ജോസഫിനും സാധിച്ചിരുന്നു. അന്ന് വി എസ് ആം ആദ്മിയിൽ എത്തുമോ എന്ന വിധത്തിൽ പോലും ചർച്ചകൾ നടന്നു. ഈ പ്രതീക്ഷ കൂടിയായപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താരതമ്യേന മികച്ച നേട്ടമായിരുന്നു ആം ആദ്മിക്ക്. എന്നാൽ, പാർട്ടിക്ക് കേരളത്തിൽ വേരുപിടിക്കാനുള്ള സുവർണ്ണാവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ നഷ്ടമാകുന്നത് എന്നതാണ് പൊതുവികാരം.