ദുബൈ: യുഎഇയിലെ തൊഴിലാളികൾക്ക് ഇനി മൊബൈൽ ആപ്പുവഴിയും തൊഴിൽ പരാതികൾ ബോധിപ്പിക്കാം. വിവിധ സേവനങ്ങളുള്ള ആമൻ ന്ന മൊബൈൽ ആപ്ലിക്കേഷനാണു തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ശമ്പളം കൃത്യമായി കിട്ടാതിരിക്കുകയോ ഉച്ചവിശ്രമ സമയത്ത് പണിയെടുക്കേണ്ടവരികയോ പോലുള്ള നിയമലംഘനങ്ങൾ നടന്നാൽ ഇനി മൊബൈൽ ആപ്‌ളിക്കേഷൻ വഴി തൊഴിൽമന്ത്രാലയത്തെ അറിയിക്കാം. തൊഴിലാളികൾക്ക് മാത്രമല്ല തൊഴിലുടമകൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ നിരവധിസേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.

ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ആമിൻ ഡൗൺലോഡ് ചെയ്യാം. പിന്നെ ഇതിൽ പാസ്‌പോർട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ നൽകി രജിസ്റ്റർ ചെയ്യണം. തൊഴിലാളിയെന്നോ തൊഴിലുടമയെന്നോ വ്യക്തമാക്കണം. ഇതോടെ ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ഏതു സമയവും തൊഴിൽമന്ത്രാലയവുമായി ബന്ധപ്പെടാം. രജിസ്റ്റർ ചെയ്തയുടൻ ചെയ്തയാളുടെ വ്യക്തിവിവരങ്ങളും ലേബർ കാർഡും ചിത്രവുമെല്ലാം ആപ്പിൽ
പ്രത്യക്ഷപ്പെടും. തൊഴിൽ കരാറും ഇങ്ങനെ കാണാൻ സാധിക്കും. ഇത് മറ്റാരെങ്കിലുമായി പങ്കുവെക്കാനും ഈ ആപ്പിലൂടെ സാധിക്കും. ലഭ്യമായ സേവനങ്ങളുടെ വിവിധ ഐക്കണുകളിൽ ക്‌ളിക് ചെയ്ത് വേണ്ട സേവനം തെരഞ്ഞെടുക്കാം.

ഒന്നര മാസം മുമ്പ് ആരംഭിച്ച ഈ ആപ്‌ളിക്കേഷൻ ഇതിനകം 3000ൽ അധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.തൊഴിലുടമയും തൊഴിലാളികളും തമ്മിൽ ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായകമാകുമെന്ന് അഹ്മദ് അൽ നാസർ പറഞ്ഞു. തൊഴിലുടമക്ക് ലോഗിൻ ചെയ്താൽ തന്റെ പേരിലുള്ള കമ്പനികളുടെ പട്ടികയും കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണവും മറ്റു വിവരങ്ങളും ലഭിക്കും. വേതന സംരക്ഷണ സംവിധാനം എത്രമാത്രം കാര്യക്ഷമമായി നടക്കുന്നു എന്നും വ്യക്തമാകും. ദൈനം ദിന കാര്യങ്ങളിൽ ഇടപെടാത്ത തൊഴിലുടമകൾക്ക് തന്റെ ജീവനക്കാർക്ക്കൃത്യമായി ശമ്പളം നൽകിയോ
അവർക്ക് മറ്റു വല്ല പരാതികളുണ്ടോ തുടങ്ങിയ വിവരങ്ങളും മൊബൈൽ ഫോണിലൂടെ നിമിഷ നേരം കൊണ്ട് അറിയാൻ കഴിയും. തൊഴിലാളി ഒളിച്ചോടുകയാണെങ്കിൽ ഇതിലൂടെ പരാതി ബോധിപ്പിക്കാം.

നേരത്തെ നിയമലംഘനങ്ങൾ പരിശോധിക്കാൻ തൊഴിലിടങ്ങളിൽ നിരന്തരം സന്ദർശിക്കണ മായിരുന്നു. ഇനി ഈ ആപ്പിലൂടെ ഏതെല്ലാം സ്ഥാപനങ്ങളിലാണ് പരാതികളുള്ളതെന്നും ഏതെല്ലാം സ്ഥാപനങ്ങളാണ് കൃത്യമായ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതെന്നും ഓഫീസിൽ നിന്ന് തന്നെ അറിയാൻ സാധിക്കും.യു.എ.ഇയിലെ തൊഴിലവസരങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും ആപ്‌ളിക്കേഷനിലൂടെ ലഭ്യമാകും.

വിർച്വൽ ജോബ് മാർക്കറ്റ് എന്ന വിഭാഗത്തിലാണ് ഇത് ഉണ്ടാകുക. വിദഗ്ധ തൊഴിലാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. തൊഴിലുടമക്ക് തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ ആപ്പ് വഴി അറിയിക്കാൻ കഴിയും.സേവനാനന്തര ആനുകൂല്യങ്ങൾ സംബന്ധിച്ചും പരാതികൾ ലഭിക്കാറുണ്ട്. തൊഴിൽ ക്യാമ്പിലെ സൗകര്യങ്ങൾ സംബന്ധിച്ച പരാതിയും ആപ്പിലൂടെ ബോധിപ്പിക്കാൻ കഴിയും. ഫോട്ടോയും അപ്ലോഡ് ചെയ്യാം. തൊഴിൽ മന്ത്രാലയത്തിലെ പരിശോധകർ ഉചിതമായ നടപടികൾ കൈക്കൊള്ളും. നിലവിൽ അറബി, ഇംഗ്‌ളീഷ്, ഭാഷകളിലാണ് ആപ്‌ളിക്കേഷൻ ഉള്ളത്. ഉടനെ തന്നെ ഉറുദു, ഹിന്ദി ഭാഷകൾ ഇതിൽ ഉൾപ്പെടുത്തും. മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിൽ ലഭ്യമാക്കാൻ പിന്നീട് ശ്രമിക്കുമെന്നും അഹ്മദ് അൽ നാസർ വ്യക്തമാക്കി.