മൂന്നു മണിക്കൂറുകൾ ഞാൻ സ്‌ക്രീനിൽ ആമിയെ തെരഞ്ഞു ... ഇല്ല അതിൽ ആമിയില്ല ..... മാധവിക്കുട്ടിയില്ല ... കമലാദാസോ കമലാ സുരയ്യയോ ഇല്ല .... കമലയെ കുറിച്ച് കേവല കേട്ടുകേൾവി മാത്രമുള്ളവർക്കും പൊതുബോധത്തിന്റെ അടിമകൾക്കും വേണ്ടിയാണ് തനി ഭീരുവായ കമൽ ആമി നിർമ്മിച്ചിരിക്കുന്നതെന്നു പറയാതിരിക്കാനാകുന്നില്ല .... മാത്രമല്ല കമൽ അറിഞ്ഞോ അറിയാതെയോ വിശ്വ പ്രസിദ്ധയായൊരു സാഹിത്യ കാരിയുടെ ജീവിതം വച്ച് മതപരിവർത്തനത്തെ പ്രശ്‌നവൽക്കരിക്കാൻ ശ്രമിക്കുന്നുമുണ്ട് ...

രണ്ട് ഭാഗങ്ങളാണ് സിനിമ ആദ്യ ഭാഗം പൈങ്കിളിയും രണ്ടാം ഭാഗം മതപരിവർത്തനവും ഊഹാപോഹങ്ങളും

മിസ്റ്റർ കമൽ താങ്കളെ ഞാൻ കുറ്റം പറയില്ല കാരണം താങ്കൾ വായിച്ച ആമിയെ ... കമലാ ദാസിനെ ... മാധവിക്കുട്ടിയെ ...കമല സുരയ്യയെ ഒക്കെയാണ് താങ്കൾ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് അഥവാ നിങ്ങൾ അറിഞ്ഞ കമല ഒരു പൈങ്കിളി മനസ്സിനുടമയായിരുന്നു .... എന്നാൽ അവരുടെ ഓരോ വരികളിലും ജ്വലിച്ചു നിന്ന രാഷ്ട്രീയം തിരിച്ചറിഞ്ഞവർക്ക് അവർ പൈങ്കിളിയല്ല ... ഒരാളുടെ ജീവിതം സിനിമയാക്കുമ്പോൾ പ്രത്യേകിച്ചും ഒരു സ്ത്രീയുടെ ജീവിതം അഭ്രപാളികളിൽ വരച്ചിടുമ്പോൾ സത്യസന്ധത പുലർത്തണം അതിനു കഴിഞ്ഞില്ലെങ്കിൽ ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് അവരോടു നീതി കാണിക്കണം ...

ആമി തിയേറ്ററിൽ പ്രദർശനത്തിനെത്തുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു റിവ്യൂകളൊന്നും വായിക്കാതെ അഥവാ മുൻ വിധികളൊന്നുമില്ലാതെ തന്നെ സിനിമ കാണണമെന്ന് ... ഇന്നാണ് കാണാൻ കഴിഞ്ഞത് ... ബലാൽസംഗത്തിനിരയായ സ്ത്രീയോട് ഡെറ്റോളിട്ടു കുളിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളൂ എന്ന് കമല പറഞ്ഞ കാലം ഏതെന്ന് നിങ്ങൾക്കറിയാമോ ....? ഇക്കാലത്തു പോലും അങ്ങനൊന്നു ചിന്തിക്കാൻ പൊതുബോധത്തിനു കഴിയുമോ ...? അത്രയ്ക്കും ഉയർന്ന സ്ത്രീപക്ഷ ചിന്തയുടെ ഉടമയായിരുന്നു കമല .... നടപ്പുരീതികളുടെ കാവൽക്കാരിയായിരുന്നില്ല അവർ ...അഥവാ കുലസ്ത്രീ പട്ടം അവർക്കു പുല്ലുവിലയായിരുന്നു എന്ന് സാരം .... പ്രണയവും രതിയും ഒക്കെ തുറന്നെഴുതിയും സംസാരിച്ചും അവർ അടയാളപ്പെടുത്തിയത് രാഷ്ട്രീയമായിരുന്നു .... അവരുടെ തെരഞ്ഞെടുപ്പുകൾ കേവലവുമായിരുന്നില്ല ... പ്രണയത്തിന്റെ രാജകുമാരി പ്രണയത്തെ പൊതുബോധത്തിന്റെ കണ്ണിലൂടെയല്ല നോക്കിക്കണ്ടതും ...

കമല കമല സുരയ്യയാകുന്ന സാമൂഹിക സാഹചര്യമല്ല ഇപ്പോഴുള്ളത് .... ലൗ ജിഹാദെന്ന പെരും നുണ ആധിപത്യം സ്ഥാപിച്ച സമൂഹമാണ് ഇപ്പോഴുള്ളത് ... മുസ്ലിംഭീതിയിൽ അമർന്നു പോയ സമൂഹമാണ് ഇപ്പോഴുള്ളത് ...അതിലേക്ക് കമൽ ആമിയിലൂടെ നന്നായി തന്നെ സംഭാവന നൽകുന്നുമുണ്ട് ... കപട മതേതരത്വത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല കമൽ ആമിയിലൂടെ ചെയ്യുന്നത് കമലയുടെ ജീവിതത്തിൽ നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ സിനിമയിൽ ചൂണ്ടുന്നുമുണ്ട് .... അതിതാണ് കമല ഇസ്ലാം സ്വീകരിച്ചശേഷം മുസ്ലിം മതപണ്ഡിതന്മാർ അവരോട് പഴയതുപോലുള്ള തുറന്നെഴുത്ത് പാടില്ലെന്നും മുസ്ലിം സ്ത്രീ വേദഗ്രന്ഥത്തിൽ പറയുന്നത് പോലെ ജീവിക്കണമെന്നും താക്കീതിന്റെ സ്വരത്തിൽ പറയുന്നു .... നിങ്ങൾ പറയുന്നത് പോലെയൊക്കെ ഇസ്ലാമിനെക്കുറിച്ചു ഞാൻ കോഴിക്കോടും മറ്റും പോയി പ്രസംഗിക്കുന്നുണ്ടല്ലോ അത് പോരേ എന്റെ എഴുത്തിൽ കൈ വയ്ക്കണോ എന്ന് കമല മറുപടിയിൽ പറയുന്നു ... ഇങ്ങനൊരു സംഭവം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .... അങ്ങനൊന്നു ഉണ്ടായിട്ടുണ്ടെങ്കിൽ കേരളത്തിലതു ചർച്ചയാകേണ്ടതാണ് ... അങ്ങനൊരു കേട്ടറിവ് പോലും എന്റെ ഓർമ്മയിലില്ല ..

(അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ പോസ്റ്റ് ഞാൻ തിരുത്തുന്നതായിരിക്കും ) എവിടെ നിന്നാണ് കമലിന് ഇത് കിട്ടിയെന്നറിയില്ല ...മുസ്ലിംവിരുദ്ധ പൊതുബോധം പേറുന്ന സമൂഹത്തിലെ പുതുതലമുറയെ എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കണം മിസ്റ്റർ കമൽ ...

ഒരു മുസൽമാനുമായുള്ള പ്രണയമാണ് മതം മാറ്റത്തിലേക്ക് നയിച്ചതെന്ന് കമല എവിടേയും പറഞ്ഞിട്ടില്ല അത് പറഞ്ഞത് ലീലാ മേനോനായിരുന്നു അതുകൊണ്ടുതന്നെ അക്കാര്യം ആധികാരികമായെടുത്ത് വിശ്വസിക്കാൻ കഴിയില്ല ... കമല അത്തരത്തിലൊന്ന് ചൂണ്ടിക്കാണിക്കാത്ത പക്ഷം പ്രണയമാണ് മതം മാറ്റത്തിന് കാരണമായതെന്ന് എങ്ങനെയാണ് അവരുടെ ജീവിതകഥയിൽ കോറിയിടാൻ കഴിയുക ... അമ്മയുടെ മതം മാറ്റം പ്രണയത്തിനു വേണ്ടിയാണെന്ന് പറഞ്ഞവർ അസംബന്ധം പറയുകയാണെന്ന് കമലയുടെ മകനടക്കം പൊതുസമൂഹത്തിൽ വിളിച്ചു പറഞ്ഞതാണ് ... ആ അസംബന്ധമാണ് കമൽ സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ അഭ്രപാളിയിൽ വിരിയിച്ചത് ....ലൗ ജിഹാദ് നുണകഥകൾ പറന്നു നടക്കുന്ന സംഘ് കാലഘട്ടത്തിൽ കമൽ നൽകിയ സംഭാവന വളരെ 'വലുത് ' തന്നെയാണ് ... സിനിമയിൽ പ്രണയത്തെ സ്വന്തമാക്കാൻ മതം മാറിയ കമലയെ നിർണ്ണായക ഘട്ടത്തിൽ വഴിയിലുപേക്ഷിക്കുന്ന മുസ്ലിം കഥാപാത്രം പൊതുബോധത്തെ ഇക്കാലത്തു എവ്വിധം സ്വാധീനിക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ ..അതും ഊഹാപോഹങ്ങൾക്കിരയായ ആ മനുഷ്യൻ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ ..

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ അങ്ങേയറ്റം മതേതരനായ ശ്രീകൃഷ്ണനെ പൊതുബോധത്തെ തൃപ്തിപ്പെടുത്തി നന്ദനം മോഡലിൽ സ്‌ക്രീനിൽ നിറച്ചു നിർത്താൻ കമൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട് ....അഥവാ അങ്ങേയറ്റം ശക്തയും സ്വതന്ത്രയും ആയ കമലയെ . വ്യവസ്ഥിതിയോടു നിരന്തരം കലഹിച്ചിരുന്ന റിബലായ കമലയെ . നിത്യ പ്രണയിനിയായ കമലയെ കുലസ്ത്രീപട്ടം കെട്ടി കൃഷ്ണനെന്ന മായകാഴ്ചയിൽ തളച്ചിട്ടു അവർ പോലും ആഗ്രഹിക്കാത്ത സെയ്ഫ് സോണിൽ നിർത്താൻ കമൽ പെട്ട പാട് ചില്ലറയല്ല എന്ന് കമലയെ അറിഞ്ഞ . കമലയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ആർക്കും മനസിലാകും ....

ഞങ്ങൾ വായിച്ച കണ്ടും കേട്ടും അറിഞ്ഞ കമലയ്ക്കു എങ്ങനെ കുലസ്ത്രീയായി ഒതുങ്ങാൻ കഴിയും മിസ്റ്റർ കമൽ ?

ഭീരുവായ താങ്കൾ പൈങ്കിളി വത്കരണത്തിലൂടെ ബോധപൂർവ്വം കുഴിച്ചു മൂടിയത് ശക്തയായ കമലയുടെ രാഷ്ട്രീയ നിലപാടുകൾ മാത്രമല്ല ... പാളയത്തെ മുസ്ലിം പള്ളിയിൽ ഖബറടക്കണമെന്നു ജീവിച്ചിരുന്നപ്പോൾ അവരെടുത്ത കൃത്യമായ തീരുമാനം ... തുടർന്ന് മരണ ശേഷം അവരുടെ പ്രിയപ്പെട്ട ബന്ധുക്കളുടേയും ആരാധകരുടേയും സാന്നിധ്യത്തിൽ നടന്ന മയ്യത്ത് നമസ്‌കാരവും ഖബറടക്കവും ... അതിലേക്ക് ക്യാമറ തിരിക്കാനുള്ള ചങ്കുറപ്പ് ഈ സംഘ് കാലത്ത് കമൽ താങ്കൾക്കുണ്ടാകില്ല എന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട് ....

മിസ്റ്റർ കമൽ ആമിയും മാധവിക്കുട്ടിയും കമല സുരയ്യയുമൊന്നും ഞങ്ങൾക്ക് കേവല പേരുകളല്ല അതുകൊണ്ടു തന്നെ നിങ്ങളുടെ ആമി ഞങ്ങളെ തെല്ലും സ്വാധീനിക്കില്ല .... ഞങ്ങളുടെ ആമിയുടെ നിഴൽ രൂപം മാത്രമായി നിങ്ങളുടെ ആമി ഉടഞ്ഞു പോകും ....

ഭീരുക്കൾക്കും ഷോവനിസ്റ്റുകൾക്കും ശക്തയായ സ്ത്രീകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം പോലും സാധ്യമല്ല മിസ്റ്റർ കമൽ ...