ഴിഞ്ഞ ദിവസം മോളുടെ ക്ലാസ്സിൽ ടീച്ചർ നോട്ട്സ് പറഞ്ഞു കൊടുക്കുമ്പോൾ 'സെറ്റ്സ്' എന്നൊരു വാക്ക് പറഞ്ഞു.

ഒരു പയ്യൻ എഴുന്നേറ്റു നിന്ന്, 'മാം...സ്പെല്ലിങ് പ്ലീസ്'-എന്ന് ചോദിച്ചു.

ഏഴിൽ ആയിട്ടെന്താ നിനക്ക് സ്പെല്ലിങ് അറിയില്ലേ എന്നായി ടീച്ചർ.

അവൻ മടിച്ചു മടിച്ചു 'സെക്സ്' എന്നാണോ ആ വാക്കെന്ന് ചോദിച്ചു.

പെട്ടെന്ന് മറ്റുകുട്ടികൾ ചിരിക്കാൻ തുടങ്ങി.

ടീച്ചർ കരഞ്ഞു കൊണ്ട് ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി.

അതൊരു മോശം വാക്കാണെന്ന് സഹപാഠികൾ അവനെ കുറ്റപ്പെടുത്തി.

ആ പയ്യന് ചെറുതായി കേൾവിയുടെ പ്രശ്നം ഉണ്ടെന്ന് ടീച്ചർക്ക് അറിയാവുന്നതാണ്.

എന്നിട്ടും അവരത് റിപ്പോർട്ട് ചെയ്തു.

മാതാപിതാക്കളെ വിളിപ്പിക്കൽ, മാപ്പ് പറച്ചിൽ...

ഈ പ്രായത്തിൽ വൃത്തികേട് സംസാരിക്കുന്ന പയ്യനെന്ന കുപ്പായം എളുപ്പത്തിൽ ആ ടീച്ചർ അവന് ചാർത്തിക്കൊടുത്തു.

ആ ക്ലാസ് മൊത്തം മോശം കുട്ടികളാണെന്നും ഇത്രേം വൃത്തികെട്ട പിള്ളേരെ പഠിപ്പിക്കേണ്ടി വന്നുവല്ലോ എന്നുമൊക്കെയുള്ള ടീച്ചർമാരുടെ ഉപദേശപരമ്പരകൾ.

 

സത്യത്തിൽ ഇതിന് മാത്രം എന്താണുണ്ടായത്?

പത്ത് പന്ത്രണ്ട് വയസ്സുള്ള കുഞ്ഞ് ആ വാക്ക് പറയുമ്പോൾ എന്തിനാണിത്ര പ്രശ്നം ?

സെക്സ് എന്ന് കേൾക്കുമ്പോഴേ വാളെടുക്കുന്നത് എന്തിനാണ് ?

ആ പയ്യന്റെ മനസ്സിൽ ആ പദം ഏൽപ്പിച്ച ആഘാതം എത്രയായിരിക്കും ?

എന്തിനാണ് നാമിങ്ങനെ ശരീരത്തെ ഭയക്കുന്നത്?


സഹപാഠിയെ അഭിനന്ദിക്കാൻ, ആശ്ലേഷിച്ചതിന്റെ പേരിൽ സ്‌കൂളിൽനിന്നും പുറത്താക്കപ്പെട്ട തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലെ പയ്യന്റെ കഥയും ഇതിനോട് ചേർത്തു വായിക്കണം.

ഒരൊറ്റ രീതിയിലുള്ള സ്പർശമേ നമ്മുടെ നോട്ടത്തിലുള്ളൂ. സഹശയനത്തിന്റേത് ! ആശ്വസിപ്പിക്കുന്നതും, അഭയമാകുന്നതും, കൈപിടിച്ചു ഉയർത്തുന്നതുമായ സ്പർശങ്ങളെ നമ്മൾ അംഗീകരിക്കില്ല.

ഇതെന്തുകൊണ്ടാണെന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.

പണ്ടെന്റെ വീട്ടിലെ ആളുകൾ തമ്മിൽ കാണുമ്പോൾ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ഇഷ്ടവും ഊഷ്മളതയും പ്രകടിപ്പിക്കുന്നത് ഒരു ഇറുക്കിയ കെട്ടിപ്പിടുത്തത്തിൽ ആയിരുന്നു.

വിവാഹിതയായ ശേഷം ആരെയെങ്കിലും ചേർത്തു പിടിക്കുമ്പോഴോ കൈകൊടുക്കുമ്പോഴോ പിന്തുടരുന്ന കണ്ണുകൾ അതെന്റെ വീട്ടിലെ മാത്രം പതിവാണെന്ന് പതിയെ എന്നെ ബോധ്യപ്പെടുത്തി. അരുതാത്തതാണെന്ന് വിലക്കി.

ചുറ്റും നോക്കുമ്പോൾ!

ഒരു പെൺ/ആൺ സുഹൃത്തിന്റെ മാറിൽ തല ചായ്ക്കാൻ പോലും നമുക്ക് സ്വാതന്ത്ര്യം ഇല്ല. അല്ലെങ്കിൽ അവസരം ഇല്ല. ശരീരം കൊണ്ട് വികാരങ്ങളെ പ്രകടിപ്പിക്കാൻ നമുക്ക് ഇപ്പോഴും ഭയമാണ്; ലജ്ജയാണ്.

നീയൊരു പെണ്ണല്ലേ! ആ താക്കീതിൽ എല്ലാവരും ഒരിഞ്ചു അകലത്തിൽ നിർത്തേണ്ടവരാണെന്നു പറയാതെ പറഞ്ഞു കളയും. എങ്കിലും ചിലനേരം ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പരസ്പരം തലചായ്ച്ച് ആശ്വാസം കണ്ടെത്താനല്ലേ നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.

എന്തിനെങ്കിലും വേണ്ടിയാണോ?

ഒന്നിനും വേണ്ടിയല്ല .

ചിലരുണ്ട്! സദാചാര മൂല്യങ്ങളെക്കുറിച്ചു അവരിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. നമ്മുടെ സംസ്‌കാരത്തിനെതിരാണെന്നും വിദേശത്തല്ല ജീവിക്കുന്നതെന്നും ഓർമിപ്പിക്കും. ആണിനെയും പെണ്ണിനെയും അവർ കൃത്യമായ അകലങ്ങളിൽ വേലികെട്ടി തിരിച്ചിരിക്കും.

കുഞ്ഞിലേ മുതലുള്ള അറിവുകളാണ് അവരെ ഇമ്മാതിരി ആക്കിത്തീർക്കുന്നത്. അവർ കണ്ട കാലങ്ങൾ, ജീവിതങ്ങൾ, സമൂഹം പുസ്തകങ്ങൾ എല്ലാം അവർക്ക് നൽകുന്നത്/നൽകിയത് അത്തരം അറിവുകളാണ്.

സ്വതന്ത്രമായി ചിന്തിക്കുന്നത് വരെ ആരും സ്വാതന്ത്രരാവുന്നില്ല. ആരുടെയോ ചിന്തകൾക്കു അനക്കം കൊടുക്കുന്ന രൂപങ്ങൾ ആവരുതെന്നാണ് എനിക്ക് പറയാനുള്ളത്.

തീവ്രമായ ഒറ്റപ്പെടലിന്റെ വേദനയാവാം പലപ്പോളും പ്രായഭേദമന്യേ മനുഷ്യർക്കിടയിലെ ചങ്ങാത്തങ്ങൾ. നോക്കൂ, എന്നിട്ടും ഓരോ ബന്ധങ്ങൾ കാണുമ്പോൾ നാം അവരെ കുറ്റപ്പെടുത്തുന്നു.

കരുതലിന്റെ കൈകകൾ, ചേർത്തു പിടിക്കൽ, അഭിനന്ദനം, അതെല്ലാം അവർക്ക് ആവശ്യമായിരിക്കാം. അവരുടെ മനസ്സിന്റെ ഉള്ളറകളിൽ അവർ ഒറ്റപ്പെട്ടു പോയിട്ടുണ്ടാകാമെന്ന യാഥാർഥ്യം ആരാണ് മനസ്സിലാക്കുക.

എങ്കിലും നാം അവർക്ക് ഒറ്റ പേര് നൽകി വിളിക്കും.

അപഥ സഞ്ചാരി/സഞ്ചാരിണി.

(അതങ്ങ് പറഞ്ഞു രസിച്ചാൽ കൃതാർത്ഥരായി)


അവർക്കത് ആവശ്യമായിരുന്നു എന്ന് എന്താണ് ചിന്തിക്കാത്തത്?

ലോകത്തെ ഏറ്റവും സുരക്ഷിത പാർപ്പിടമായ അമ്മയുടെ ഗർഭപാത്രത്തിന്നുള്ളിൽ നിന്നും നിലവിളിച്ചു കൊണ്ട് പുറത്തേയ്ക്കു വരുന്ന നമ്മളോരോത്തർക്കും അഭയവും സ്വാന്തനവുമാകുന്നത് അമ്മയുടെ സ്പർശം മാത്രമാണ്.

പക്ഷേ കാലം കഴിയുന്തോറും മക്കളെ തൊടാൻ ഭയക്കുന്ന അച്ഛനമ്മമാരായി നമ്മൾ മാറും.

ഓരോ സ്പർശത്തിന് പിന്നിലും ഭംഗിയില്ലാത്തതെന്തോ ഉണ്ടെന്ന് നമ്മളവരെ പഠിപ്പിക്കും.

ഞാനൊന്ന് ചോദിക്കട്ടെ! എത്ര ദമ്പതികൾ കുഞ്ഞുങ്ങൾക്ക് മുന്നിൽ വെച്ചു ചുംബിക്കാറുണ്ട് ?

പ്രായമായവരെ/അച്ഛനമ്മമാരെ എത്രപേർ ചേർത്തു പിടിക്കാറുണ്ട് ?

ചടങ്ങുകൾക്ക് മുൻപ് ആശീർവാദത്തിനായി കാൽക്കൽ വീഴാനല്ല, സ്നേഹത്താൽ ചേർത്തു പിടിക്കാനും അനുഭാവപൂർവം ചുംബിക്കാനും നിങ്ങളവരെ പഠിപ്പിക്കൂ.

ആറും അറുപതും ഒരുപോലെയല്ല എന്നാണ് പഴമൊഴി. എങ്കിലും, ആറിലും അറുപതിലും സ്നേഹപൂർണമായ സ്പർശനത്തിനു കൊതിക്കുന്ന മനസ്സാണ് മനുഷ്യന്റേത്.

സ്പർശം ഒരഭയമാണ്.

സങ്കടങ്ങളിൽ ചുരുണ്ടു കൂടിപോകുമ്പോഴും, പനിക്കിടയിൽ തളരുമ്പോളും നമ്മളൊക്കെ തേടുന്നത് നെറ്റിയിൽ പതിയുന്ന സ്നേഹ സ്പര്ശമല്ലേ ?

പലപ്പോളും നമുക്ക് വേണ്ടത് സഹാനുഭൂതിയുടേതായ വാക്കല്ല, മറിച്ചു സാന്നിധ്യമാണ്.

താങ്ങി നിൽക്കാൻ ഒരു ചുമലാണ്.

നിങ്ങൾ ചെടികളെ ശ്രദ്ധിച്ചിട്ടില്ലേ, നമ്മുടെ ശ്രദ്ധയോടെയുള്ള പരിചരണം, തലോടൽ അതിന്റെ വളർച്ചയെ എങ്ങിനെയാണ് ത്വരിതമാക്കുന്നതെന്ന്.

അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ കുഞ്ഞുങ്ങളിൽ ഇത്തരം ആരോപണങ്ങൾ പടച്ചുവിടല്ലേ.

സഹപാഠികളെ തീർത്തും നിഷ്‌കളങ്കമായി പലതവണ കെട്ടിപ്പിടിക്കുകയും കൈകോർത്തു നടക്കുകയും ചെയ്തിട്ടുള്ള ഒരുവളാണ് പറയുന്നത് ,

ശരീരത്തെ കുറിച്ച് നടത്തുന്ന ഉപദേശങ്ങളും ആശങ്കകളും മറികടന്ന് ശരീരത്തെ ഒരു ഉപകരണം എന്ന രീതിയിൽ അല്ലാതെ എന്നെങ്കിലും നിങ്ങളൊന്നു കാണാൻ പഠിക്കണം.

നിങ്ങളുടെ കുഞ്ഞുങ്ങളിൽ വികലമായ കാഴ്ചപ്പാടുകൾ കുത്തി നിറച്ചു അവരെ കുറ്റക്കാരാക്കാതിരിക്കണം.

ആണും പെണ്ണും എന്നതിനപ്പുറം മനുഷ്യരാവാൻ അനുവദിക്കണം.

അരികത്തുചേർത്തുനിർത്തിയുള്ള തലോടൽ ഉഗ്രശാസനയെക്കാൾ ഫലം ചെയ്യുമെന്ന് മനസ്സിലാക്കണം.

അപ്പോൾ ആസക്തി എന്നതിന്റെ അണുപോലുമില്ലാതെ എങ്ങിനെ ബന്ധങ്ങൾ ഉണ്ടാക്കാമെന്ന് അവർ പഠിക്കും.

ഇനിയുള്ള തലമുറയെങ്കിലും ഭയമില്ലാതെ കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കിടുന്നവർ ആകട്ടെ.