മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി.മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരാണ് ആമിയായി വേഷമണിയുന്നത്. മഞ്ജു വാര്യർ തന്റെ ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മുരളി ഗോപിയാണ് ഭർത്താവ് മാധവദാസായി എത്തുന്നത്.മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാൽ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോർത്തിണക്കിയാണ് കമൽ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യ പിന്മാറിയതിനാൽ മഞ്ജുവിന് നറുക്ക് വീഴുകയായിരുന്നു.ആമിക്കായി രണ്ട് ഹിന്ദി ഗാനങ്ങൾ ഒരുക്കുന്നത് ഓസ്‌കാർ ജേതാവും ബോളിവുഡ് ഗാനരചയിതാവുമായ ഗുൽസാറാണ്. ഈ ഗാനങ്ങൾക്ക് ഈണം പകരുന്നത് ഉസ്താദ് സക്കീർ ഹുസൈന്റെ സഹോദരനായ തൗഫീഖ് ഖുറേഷിയാണ്.

ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ.റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊൽക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.