തിരുവനന്തപുരം: നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ആവിഷ്‌കാര സ്വതന്ത്രത്തിന് കാര്യമായ കോട്ടം സംഭവിച്ചെന്ന് ശക്തമായി വാദിച്ച സംവിധായകനാണ് കമൽ. കിട്ടിയ അവസരത്തിലൊക്കെ മോദിയെ തെറിവിളിച്ചതിന്റെ ഉപകാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം കമലിന് നൽകിയതെന്നാണ് സംഘപരിവാർ അനുകൂലികൾ അദ്ദേഹത്തെ കുറിച്ച് പരാതി പറയാറ്. അങ്ങനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കമലും ഒടുവിൽ തനി സ്വരൂപം കാട്ടി.

കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത മഞ്ജു വാര്യർ ചിത്രം ആമിയെ തൊട്ടപ്പാണ് കമലിലെയും 'സാംസ്കാരിക ഫാസിസ്റ്റ്' ഉണർന്നത്. വിമർശനങ്ങളെ അംഗീകരിക്കാതെ നെഗറ്റീവ് റിവ്യൂകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്യിക്കാൻ കച്ചകെട്ടിയിറങ്ങി ആമിയുടെ അണിയറ പ്രവർത്തകർ. ഈ ആരോപണവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

'ആമി'യുടെ നെഗറ്റീവ് റിവ്യൂകൾ ഷെയർ ചെയ്യുന്നവരുടെ ഫേയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നു എന്നാണ് ആരോപണം. നെഗററ്റീവ് റിവ്യൂകൾ 'റീൽ ആൻഡ് റിയൽ' സിനിമയുടെ ആവശ്യപ്രകാരമാണ് ഫേയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സന്ദേശം. ഇന്നലെ ഉച്ചക്ക് ശേഷമാണ് ചില നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായത്.

സംവിധായകൻ വിനോദ് മങ്കര തന്റെ ഫേയ്സ്ബുക്കിൽ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്. തുടർന്നാണ് കൂടുതൽ ഫേയ്സ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് റിവ്യൂകൾ നീക്കം ചെയ്തതായുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മംഗളത്തിലെ സിനിമ നിരൂപകൻ ഇ.വി ഷിബു എഴുതിയ റിവ്യൂവും ഫേയ്സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം പറഞ്ഞു.

കമൽ ചിത്രമായ ആമി ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നല്ലതെന്ന അഭിപ്രായം ചിലർ രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലർ ഈ ആവശ്യം പൂർണമായും പരാജയമാണെന്നാണ് കുറിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ പ്രകടനം തന്നെ മോശമാണെന്നും റിവ്യൂകൾ വന്നു കഴിഞ്ഞു.