തിരുവനന്തപുരം: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അമീർ ഖാന്റെ ദംഗൽ തീയറ്ററുകളിൽ എത്തി. ഈ വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയർപ്പിക്കുന്ന ചിത്രവും ദംഗൽ തന്നെയായിരുന്നു. സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തെ വകവെക്കാതെ തന്റെ പെൺമക്കളെ ലോകകായികവേദിയിലെത്തിച്ച ഗുസ്തിപരിശീലകൻ മഹാവീർ സിങ് ഫോഗട്ടിന്റെ ജീവിതകഥയാണ് ദംഗൽ. ഫോഗട്ട് ആവുന്നത് 'മിസ്റ്റർ പെർഫെക്ട്' ആമിർ ഖാനും.

ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിൽ ഇന്നാണ് റിലീസെങ്കിലും നിരൂപകർക്കും ബോളിവുഡിലെ പ്രമുഖർക്കുമായി ബുധനാഴ്ച പ്രത്യേക പ്രിവ്യൂ നിർമ്മാതാക്കൾ സംഘടിപ്പിച്ചിരുന്നു. അതോടെ ദേശീയമാദ്ധ്യമങ്ങളിലെല്ലാം റിലീസിന് മുൻപേ ചിത്രത്തിന്റെ റിവ്യൂവും പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാവരും മികച്ച അഭിപ്രായമാണ് ആമിർഖാൻ ചിത്രത്തെക്കുറിച്ച് പറയുന്നത്.

ബോളിവുഡ് സ്‌ക്രീനിൽ ഈ വർഷം എത്തുന്ന ആദ്യ ഗുസ്തിക്കാരനല്ല ദംഗലിലെ ആമിർഖാന്റെ മഹാവീർസിങ് ഫോഗട്ട്. അത് സൽമാൻഖാന്റെ സുൽത്താൻ അലി ഖാൻ ആയിരുന്നു. അലി അബ്ബാസ് സഫർ ചിത്രത്തിലെ ഹരിയാനക്കാരൻ ഗുസ്തിക്കാരനായിരുന്നു സൽമാന്റെ കഥാപാത്രം. ജൂലൈ 6ന് തീയേറ്ററുകളിലെത്തിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നുമാണ്. എന്നാൽ തനിക്ക് ശേഷം മറ്റൊരു ഗുസ്തിക്കാരനായി ആമിർ സ്‌ക്രീനിലെത്തുമ്പോൾ സൽമാന് എന്താണ് പറയാനുണ്ടാവുക? എന്നാലിതാ കൗതുകമുണർത്തുന്ന അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം, ദംഗലിനെക്കുറിച്ച്.

എന്റെ കുടുംബം ഇന്ന് വൈകിട്ട് ദംഗൽ കണ്ടു. സുൽത്താനേക്കാൾ മികച്ച ചിത്രമാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. ആമിർ, വ്യക്തിപരമായി എനിക്ക് നിങ്ങളോട് സ്നേഹമുണ്ട്. പക്ഷേ പ്രൊഫഷണലായി എനിക്ക് നിങ്ങളോട് വെറുപ്പാണ്.

തമാശ കലർത്തിയുള്ള സൽമാന്റെ ട്വിറ്ററിലെ സ്നേഹപ്രകടനത്തിന് മറുപടിയുമായി ആമിറുമെത്തി. നിങ്ങളുടെ 'വെറുപ്പി'ൽ എനിക്ക് സ്നേഹം മാത്രമേ അനുഭവപ്പെടുന്നുള്ളൂവെന്നായിരുന്നു ആമിറിന്റെ മറുപടി.

അഞ്ച് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച ചിത്രം ദങ്കൽ: ഗൗതം മേനോൻ

ദങ്കലിനെ പ്രശംസിച്ച് സംവിധായകൻ ഗൗതം മേനോനും രംഗത്ത് വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ടതിൽവച്ച് ഏറ്റവും മികച്ച ചിത്രമാണ് ദങ്കൽ എന്ന് ഗൗതം മേനോൻ പറയുന്നു. ഒരു അനുഭവം തന്നെയാണ് ഈ സിനിമയെന്നും ഒരുപാട് കാര്യങ്ങൾ പുതിയതായി പഠിക്കാൻ പറ്റിയെന്നും ഗൗതം പറയുന്നു.