- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നു; 15 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് അറിയിച്ചത് സംയുക്ത പ്രസ്താവനയിൽ; 'ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്റായി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ തീരുമാനിക്കുന്നെന്ന് ഇരുവരും
മുംബൈ: ബോളിവുഡ് ലോകത്തു നിന്നും ഞെട്ടിക്കുന്ന ഒരു താരദാമ്പത്യ വേർപിരിയൽ കൂടി. സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നു. 15 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് സംയുക്തപ്രസ്താവനയിലാണ് ഇരുവരും അറിയിച്ചത്. ഇരുവർക്കും ആസാദ് റാവു ഖാൻ എന്ന മകനുണ്ട്.
'സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം, ഞങ്ങളെ ഒരുമിച്ച നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്.'
'കുറേ മുൻപുതന്നെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നു. അത് ക്രമീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും. സിനിമയിൽ ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.' -പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.
തങ്ങളുടെ വളർച്ചയിൽ പങ്കുവഹിച്ച സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറഞ്ഞുകൊണ്ടും അനുഗ്രഹം തേടിക്കൊണ്ടുമാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. 'വിവാഹമോചനം എന്നാൽ ജീവിതത്തിന്റെ അവസാനമല്ല, ഒരു പുതിയ യാത്രയുടെ തുടക്കമാണ്.'എന്നുപറഞ്ഞുകൊണ്ട് കിരണും ആമിറും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
ലഗാൻ സിനിമയുടെ സെറ്റിൽ വച്ചാണ് കിരണും ആമിറും പരിചയപ്പെടുന്നത്. ആമിർ നായകനായ സിനിമയിൽ കിരൺ റാവു അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു. 2005ൽ ഇരുവരും വിവാഹിതരായി. ആദ്യഭാര്യ റീന ദത്തയുമായി 2002ൽ ആമിർ വിവാഹമോചനം നേടിയിരുന്നു. ഇറ, ജൂനൈദ് എന്ന പേരിൽ ആമിറിനും റീനക്കും രണ്ടു മക്കളുണ്ട്.
മറുനാടന് ഡെസ്ക്