മുംബൈ: ദംഗൽ അതിവേഗത്തിൽ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന ഇന്ത്യൻ ചിത്രമായി. മൂന്നു ദിവസം കൊണ്ടാണ് ആമിർ ഖാൻ നായകനായ ദംഗൽ 100 കോടി ക്ലബിൽ കേറിയത്. ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡും ദംഗലിനു തന്നെയാണ്. ക്രിസ്മസ് ദിനമായ ഇന്നലെ മാത്രം ദംഗൽ വാരിക്കൂട്ടിയത് 41.25 കോടിയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദംഗൽ റിലീസ് ആയത്.

ആമിർഖാൻ നായകനാകുന്ന മറ്റേതൊരു ആമിർ ചിത്രങ്ങളേയും പോലെ നിരവധി പ്രത്യേകതകളുമായാണ് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മൂന്നുദിവസം കൊണ്ട് ദംഗൽ വാരിക്കൂട്ടിയ കളക്ഷന്റെ കണക്ക് ഇതുവരെ 104.25 കോടി രൂപയാണ്. ഇങ്ങനെ പോയാൽ ഈവർഷം അവസാനിക്കുമ്പോഴേക്കും ചിത്രത്തിന്റെ കളക്ഷൻ എവിടെ എത്തുമെന്നാണ് അറിയേണ്ടത്. ആഗോള തലത്തിൽ റിലീസ് ചെയ്ത ദംഗൽ ആദ്യം ദിവസം തന്നെ 29.78 കോടി രൂപ നേടിയിരുന്നു.

ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദംഗൽ. സൽമാൻ ഖാന്റെ സുൽത്താനാണ് ഒന്നാം സ്ഥാനത്ത്. നോട്ട് നിരോധനം ദംഗൽ സുൽത്താനെയും മറികടക്കുമായിരുന്നെന്നാണ് കരുതപ്പെടുന്നത്.

എല്ലാത്തരം എതിരപ്പുകളേയും മറികടന്നുകൊണ്ട് പെൺമക്കളെ ഗുസ്തി പരിശീലിപ്പിച്ച് സ്വർണമെഡലിന് അർഹനാക്കിയ മഹാവീർ സിങ് ഫൊഗതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 23 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.