- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങൾ തന്റെ പരാമർശത്തെ സാധൂകരിക്കുന്നു; പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിൽ നിന്നു വന്നവ; അതിൽ ഉറച്ചു നിൽക്കുന്നു: അസഹിഷ്ണുത പ്രസ്താവനയിൽ നിലപാടു വ്യക്തമാക്കി ആമിർ ഖാൻ
മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾക്കെതിരായ പ്രതികരണങ്ങൾ തന്നെയാണ് ഇവിടെ അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ പ്രസ്താവനയെത്തുടർന്നുണ്ടായ പ്രതികരണങ്ങൾ താൻ പറഞ്ഞതിനെ സാധൂകരിക്കുന്നുവെന്നും ആമിർ ഖാൻ വ്യക്തമാക്കി. ഇന്ത്യക്കാരനാണെന്നതിൽ
മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾക്കെതിരായ പ്രതികരണങ്ങൾ തന്നെയാണ് ഇവിടെ അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ പ്രസ്താവനയെത്തുടർന്നുണ്ടായ പ്രതികരണങ്ങൾ താൻ പറഞ്ഞതിനെ സാധൂകരിക്കുന്നുവെന്നും ആമിർ ഖാൻ വ്യക്തമാക്കി.
ഇന്ത്യക്കാരനാണെന്നതിൽ താൻ അഭിമാനിക്കുന്നു. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണു താനെന്നും ആമിർ പറഞ്ഞു.
രാജ്യത്തെ സാഹചര്യങ്ങളിൽ ഒരു വിഭാഗത്തിനു കടുത്ത ഭയമുണ്ടെന്ന് ആമിർ ഖാൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ ബിജെപിയും ഹിന്ദുസംഘടനകളും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ നിലപാടു വ്യക്തമാക്കി ആമിർ വീണ്ടും രംഗത്തെത്തിയത്.
താൻ പറഞ്ഞകാര്യങ്ങൾ ഹൃദയത്തിൽനിന്നു വന്നതാണ്. എന്നാൽ ചിലർ എന്നെ ദേശവിരുദ്ധനാക്കിയിരിക്കുകയാണ്. ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുന്നു. ഇതിന് ആരുടെയും അനുവാദവും അംഗീകാരവും ആവശ്യമില്ല. താനും ഭാര്യ കിരണും രാജ്യവിടാൻ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സംഭവങ്ങളെത്തുടർന്ന് ഒരു ഘട്ടത്തിൽ രാജ്യം വിടാമെന്നുവരെ ഭാര്യ കിരൺ റാവു തന്നോടു പറഞ്ഞിരുന്നുവെന്ന് തിങ്കളാഴ്ചയാണു ആമിർ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ രാജ്യത്തെ ഒരു വിഭാഗത്തിന് കടുത്ത ഭയമുണ്‌ടെന്നു പറഞ്ഞ ആമിർ രാജ്യത്തെ അഹിഷ്ണുതാ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചുനൽകുന്നവർക്കു പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ആമിർ ഖാനു പിന്തുണയുമായി സംഗീതജ്ഞൻ എ ആർ റഹ്മാനും രംഗത്തെത്തിയിരുന്നു. തനിക്കു നേരെയും അസഹിഷ്ണുത ഉളവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഓസ്‌കാർ പുരസ്‌കാര ജേതാവ് പറഞ്ഞു. ആമിർ ഖാന്റെ പരാമർശം ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴി തുറന്നിരിയ്‌ക്കെയാണ് ആമിർ ഖാന്റെ അനുഭവം മാസങ്ങൾക്ക് മുമ്പ് തനിക്കുമുണ്ടായിട്ടുണ്ടെന്ന് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ വ്യക്തമാക്കിയത്. മജീദ് മജീദിയുടെ 'മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ച തനിയ്‌ക്കെതിരെ മുംബയിലെ റാസ അക്കാഡമി എന്ന മുസ്ലിം മതമൗലികവാദി ഗ്രൂപ്പ് ഫത്‌വ പുറപ്പെടുവിച്ചത് ചൂണ്ടിക്കാണിച്ചാണ് എ.ആർ.റഹ്മാന്റെ പരാമർശം. ചിത്രം പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു റഹ്മാനെതിരായ ഫത്‌വ. ഇതേ തുടർന്ന് റഹ്മാന് ഹിന്ദുമതത്തിലേയ്ക്ക് ഘർ വാപ്പസി വാഗ്ദാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് വരുകയും ചെയ്തു.
അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധം സമാധാനപരവും കാവ്യാത്മകവുമാണെന്ന് എ.ആർ.റഹ്മാൻ പറഞ്ഞു. സമാധാനപരമായ എല്ലാ പ്രതിഷേധങ്ങളും വിമതശബ്ദങ്ങളും നല്ലതാണെന്നും അക്രമത്തിലേയ്ക്ക് തിരിയാത്തിടത്തോളം പ്രതിഷേധത്തിൽ തെറ്റില്ലെന്നും റഹ്മാൻ പറഞ്ഞു. അഹിംസയിലൂടെയും അക്രമരാഹിത്യത്തിലൂടെയും വിപ്ലവമുണ്ടാക്കാമെന്ന് തെളിയിച്ച മഹാത്മാഗാന്ധിയുടെ നാടെന്ന നിലയ്ക്ക് ഇന്ത്യ ലോകത്തിന് മാതൃക കാണിക്കണമെന്നും എ.ആർ.റഹ്മാൻ അഭിപ്രായപ്പെട്ടു. മുസ്ലീങ്ങൾ ഇന്ത്യയിൽ അരക്ഷിതരാണോ എന്ന ചോദ്യത്തിന് അത് സംബന്ധിച്ച് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താനെന്നായിരുന്നു റഹ്മാന്റെ പ്രതികരണം. മാനവിക ബോധവും സഹിഷ്ണുതയും വളർത്താൻ സ്‌കൂളുകളിൽ സംഗീത പഠനം വേണമെന്ന ഇളയരാജയുടെ അഭിപ്രായത്തോട് താൻ പൂർണമായും യോജിക്കുന്നതായും റഹ്മാൻ പറഞ്ഞു. സംഗീതം ആത്മാവിൽ അലിഞ്ഞു ചേർന്നാൽ മനുഷ്യത്വവും സ്‌നേഹവും ശക്തമാവുമെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു.
നേരത്തെ ആമിറിനെ എതിർത്ത് ബിജെപി സഹയാത്രികരായ അനുപം ഖേർ ഉൾപ്പടെയുള്ള നടന്മാരും ആമിറിന്റെ പ്രസ്താവന തള്ളിക്കളഞ്ഞ് ബിജെപിയും കേന്ദ്രസർക്കാരും രംഗത്തെത്തിയിരുന്നു. അതേ സമയം ആമിർ ഖാന് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളും രംഗത്ത് വന്നു.
അതേസമയം, രാജ്യത്തു വളർന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നു ന്യുനപക്ഷകാര്യ മന്ത്രി മുക്താർ അബാസ് നഖ്‌വി പറഞ്ഞു.