കറാച്ചി: പ്രസംഗങ്ങളിൽ മതത്തിൽ കുളിച്ച് ജീവിക്കുന്ന പല മനുഷ്യരും വ്യക്തിജീവിതത്തിൽ മതം ഒട്ടും ഫോളോ ചെയ്യാറില്ലെന്നതിന് എറ്റവും വലിയ ഉദാഹരണം വന്നത് പാക്കിസ്ഥാനിൽ നിന്നാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരിൽ ഒരാളായി പറയപ്പെട്ടുന്ന പാക്ക് രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്ന, ഇസ്ലാമിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പാശ്ചാത്യ ശൈലിയിൽ ജീവിച്ച ഒരാളാണ്. ഇസ്ലാം ഹറാമാക്കിയ മദ്യപാനം വരെ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. വിവാഹം കഴിച്ചതാവട്ടെ ഒരു പാഴ്സി സ്ത്രീയെയും. എന്നാലും ഇസ്ലാം വികാരം ആളിക്കത്തിക്കാൻ പ്രവാചകചര്യയൊക്കെ പറഞ്ഞായിരുന്ന ജിന്നയുടെ പ്രസംഗം. സമാനമായ രീതിയാണ് ഈയിടെ സ്ഥാനമൊഴിഞ്ഞ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനിന്റെതും. തക്‌ബീർ വിളിച്ചും, നബിയെ ചൊല്ലി ആണയിട്ടും അടിമുടി മതത്തിൽ കുളിച്ചാണ് ഇമ്രാന്റെ പ്രസംഗം. എന്നാൽ വ്യക്തിജീവിതത്തിൽ ഇതൊന്നും പാലിക്കാതെ, ശരിക്കും 'പാർട്ടി കൾച്ചർ' തന്നെയാണ് അദ്ദേഹം പിന്തുടർന്നത്.

സമാനനായ ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ മരിച്ചത്. പാക്കിസ്ഥാനിലെ മുൻ മതകാര്യ മന്ത്രിയും, ഇസ്ലാമിക പ്രഭാഷകനും, മോട്ടിവേഷൻ സ്പീക്കറും, പ്രശസ്ത ടെലിവിഷൻ അവതാരകനുമായ ആമിർ ലിയാഖത്ത് ഹുസൈൻ (49) ദുരൂഹ സാഹചര്യത്തിൽ മരിച്ചത് രാജ്യത്ത് വൻ വിവാദമായിരിക്കയാണ്. ഇദ്ദേഹം മയക്കുമരുന്ന് അടിച്ച് കിറുങ്ങി നഗ്‌നായി നടക്കുന്ന വീഡിയോ പുറത്തു വന്നത് വൻ വിവാദമായിരുന്നു. ഇതു കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് അദ്ദേഹത്തിന്റെ മരണ വിവരം എത്തുന്നത്.

ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതാവായ ആമിറിനെ കറാച്ചി ഖുദാദദ് കോളനിയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനുള്ള നീക്കവും വിവാദമായി. പോസ്റ്റുമോർട്ടും മതവിരുദ്ധമാണെന്ന വാദമാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഉയർത്തിയത്. പക്ഷേ സർക്കാർ ഇത് പരിഗണിക്കാതെ പോസ്റ്റുമോർട്ടം നടപടികളുമായി മുന്നോട്ട് പോയി. ഇതിനെതിരെ ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. ഒപ്പം മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ വേറെയും. പാക്കിസ്ഥാനിലെ ഏറ്റവും സെൻസേഷണൽ വിഷയമായി ആമിർ ലിയാഖത്തിന്റെ മരണം മാറിക്കഴിഞ്ഞു.

മതത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം

49ാം വയസ്സിൽ അന്തരിച്ച ആമിർ ലിയാഖത്ത് ഹുസൈൻ വിവാദങ്ങളുടെ കളിത്തോഴനായിരുന്നു. മതത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നയാൾ എന്നാണ് ഇദ്ദേഹം വിമർശിക്കപ്പെട്ടത്.
.
ഒരാഴ്ച മുമ്പാണ് സ്വന്തം വീട്ടിൽ ഉടുതുണിയില്ലാതെ നിൽക്കുന്ന ആമിറിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. മയക്കുമരുന്ന് ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് അദ്ദേഹം. അതുണ്ടാക്കിയ വിവാദം വലിയ ക്ഷീണമാണ്, ഈ രാഷ്ട്രീയ നേതാവിന് സൃഷ്ടിച്ചത്. വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ആടിയുലയുകയായിരുന്ന ആമിറിന് ഈ സംഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നാണ് അടുത്ത സുഹൃത്തുക്കൾ വിശദീകരിക്കുന്നത്. മരണത്തിലേക്ക് നയിച്ചത് ഈ മാനസിക സമ്മർദ്ദം ആയിരിക്കുമെന്നും അവർ സൂചന നൽകുന്നുണ്ട്.

പേരും പെരുമയും സൃഷ്ടിക്കാൻ എംബിബിഎസ് സർടിഫിക്കറ്റും വിദേശ ബിരുദ സർടിഫിക്കറ്റുകളും വ്യാജമായി ഉണ്ടാക്കിയെന്ന് നേരത്തെ ആമിറിന് എതിരെ ആരോപണം ഉയർന്നിരുന്നു. നിരന്തര വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ആമിർ മന്ത്രിയായിരിക്കെ പാർട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. എം ക്യു എം നേതാവായിരുന്ന ഇയാൾ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇംറാൻ ഖാന്റെ പാർട്ടിയിൽ ചേരുകയും വീണ്ടും പാർലമെന്റ് അംഗമാവുകയും ചെയ്തു.

അന്യമത വിദ്വേഷം പച്ചക്ക്

ഒരു ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനുപോലും അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ പച്ചക്ക് അന്യമത വിദ്വേഷം പ്രചരിപ്പിക്കയായിരുന്നു ഇയാളുടെ രീതി. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും എതിരെ ഇയാൾ പലതവണ ഹേറ്റ് സ്പീച്ച് നടത്തി. അന്യമത വിദ്വേഷം പച്ചയ്ക്കു പറഞ്ഞ് പലതവണ പുലിവാൽ പിടിച്ച ഇയാളെ ചാനൽപരിപാടികളിൽ പങ്കെടുക്കുന്നത് ലാഹോർ ഹൈക്കോടതി
വിലക്കിയിരുന്നു. എല്ലാ റമദാൻ മാസവും ടിവിയിൽ പോപ്പുലർ മതപരിപാടികൾ അവതരിപ്പിച്ചിരുന്ന ആമിറിനെ ഇത്തവണ ഒരു ചാനലും പരിപാടിക്ക് ക്ഷണിച്ചതുമില്ല.

മൂന്നാം ഭാര്യയായ ദാനിയ ആമിർ ഇയാൾക്കെതിരെ അതിഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ ഭർത്താവ് തന്നെ പ്രേരിപ്പിച്ചതായി അവർ ആരോപിച്ചിരുന്നു. അതിന് വിസമ്മതിനെ തുടർന്ന് നാലു ദിവസം പട്ടിണിക്കിടുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വിദേശത്തുള്ള ചില നിക്ഷേപകർക്ക് അയക്കാനായിരുന്നു നീലച്ചിത്രമെന്ന് അവർ പറഞ്ഞു. സുഹൃത്തുക്കൾക്ക് തന്നെ കാഴ്ചവെയ്ക്കാനും ഇയാൾ ശ്രമിച്ചു. അതിക്രൂരനായ പിശാചാണ് ഇയാളെന്ന് അവർ ആവർത്തിച്ചു.

മതകാര്യ മന്ത്രിയും മതപരിപാടികളുടെ പ്രശസ്തനായ അവതാരകനുമായ ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മൂന്നാം ഭാര്യ പറഞ്ഞു. ലൈംഗിക മനോരോഗിയായ ഇയാൾക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും അവർ ആരോപിച്ചു. എതിർത്താൽ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആമിർ ലിയാഖത്ത് പറഞ്ഞു. താനൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. അല്ലെന്ന് തെളിയിക്കാൻ ഭാര്യയെ ഇയാൾ വെല്ലുവിളിച്ചിരുന്നു. അപ്പോഴാണ് മയക്കുമരുന്ന് അടിച്ച് കിറുങ്ങി നിൽക്കുന്ന വീഡിയോ പുറത്തുവന്നത്.

അതായത് തീവ്രമായ മതവിദ്വേഷം പറഞ്ഞ് തുള്ളുന്ന പലർക്കും, മറ്റൊരു മുഖമാണ് ഉള്ളതെന്ന് ആമിർ ലിയാഖത്ത് ഹുസൈന്റെ അനുഭവം ഒരിക്കൽ കൂടി തെളിയിക്കയാണ്.