- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഗോവയിലും അംഗീകാരം; ദേശീയപാർട്ടിയാകാൻ ആം ആദ്മി പാർട്ടി ഇനി ഒരു ചുവട് മാത്രമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഗോവയിലും ആംആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. ഇതോടെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയായി മാറാൻ ആം ആദ്മി പാർട്ടിക്ക് ഒരു ചുവട് മാത്രമാണ് അവശേഷിക്കുന്നതെന്ന് പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഒരു സംസ്ഥാനത്ത് കൂടി പാർട്ടിക്ക് അംഗീകാരം ലഭിച്ചാൽ എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിക്കും. പാർട്ടിയുടെ നേട്ടത്തിൽ കെജ് രിവാൾ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
'ഡൽഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും എഎപി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഒരു സംസ്ഥാനത്ത് കൂടി നമ്മുടെ പാർട്ടിക്ക് അംഗീകാരം ലഭിച്ചാൽ എഎപി ദേശീയപാർട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. പാർട്ടിയുടെ ഓരോ പ്രവർത്തകനേയും അവരുടെ കഠിനാധ്വാനത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു. എഎപിയുടെ ആശയത്തിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു'. കെജ് രിവാൾ ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ ഒരു രാഷ്ട്രീയകക്ഷിക്ക് ദേശീയപാർട്ടി പദവി ലഭിക്കാൻ മൂന്ന് മാനദണ്ഡങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളിൽ നടന്ന ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തിലും ആറ് ശതമാനം വോട്ട് ഓഹരി ലഭിക്കണം. കൂടാതെ, അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ ലഭിക്കുകയും വേണം. അല്ലെങ്കിൽ അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് ശതമാനം സീറ്റുകൾ നേടുകയോ നാല് സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകാരം നേടുകയോ വേണം.
2012 ലായിരുന്നു എഎപിയുടെ രംഗപ്രവേശം. 2013 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപവത്കരിച്ചെങ്കിലും 49 ദിവസം മാത്രമായിരുന്നു സർക്കാർ നിലനിന്നത്. 2015, 2020 ലെ തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ വൻവിജയം നേടി എഎപി അധികാരത്തിലെത്തി.
പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിലും വിജയം നേടാനായത് എഎപിയുടെ മികച്ച നേട്ടമായി. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി വൻപ്രവർത്തനമാണ് എഎപി പദ്ധതിയിടുന്നത്. കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം കേന്ദ്രീകരിച്ച് ദേശീയതലത്തിൽ ശക്തമായ അടിത്തറയാണ് എഎപി ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്