സ്വന്തമായി പൊലീസ് സേന ഇല്ലാത്ത സർക്കാരാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ. ഡൽഹി പൊലീസിന്റെ നിയന്ത്രണം അരവിന്ദ് കെജരീവാൾ സർക്കാരിനല്ല. അതുകൊണ്ടുതന്നെ ഡൽഹി പൊലീസിൽനിന്ന് അവർക്ക് നീതി പ്രതീക്ഷിക്കാനുമാകില്ല. അടുത്തിടെ എംഎൽഎമാർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സുകൾ, സർക്കാരിനെതിരെ ബോധപൂർവം ഡൽഹി പൊലീസ് കളിക്കുന്നുണ്ടോ എന്ന സംശയമാണ് വളർത്തുന്നത്.

ഡൽഹിയിലെ എയിംസ് ആശുപത്രിയുടെ ഗേറ്റുകളിലൊന്ന് ബുൾഡോസർ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചതിന് വിവാദ എംഎൽഎ സോംനാഥ് ഭാരതിക്കെതിരെയാണ് ഏറ്റവുമൊടുവിൽ ഡൽഹി പൊലീസ് കേസ്സെടുത്തത്.

എയിംസ് ആശുപത്രിയുടെ ഗേറ്റ് തകർത്തതിനും അവിടുത്തെ സുരക്ഷാ ജീവനക്കാർക്കെതിരെ അപമര്യാദയായി പെരുമാറിയതിനുമാണ് സോംനാഥിനെതിരെ പൊലീസ് കേസ്സെടുത്തത്. എയിംസിലെ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ പരാതിപ്രകാരമാണ് കേസ്. സപ്തംബർ ഒമ്പതിന് സോംനാഥിന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ഗൗതം നഗർ ല്ലോ റോഡിലെ ഗേറ്റ് ജെസിബി ഉപയോഗിച്ച് പൊളിക്കുകയും ആശുപത്രിയിലേക്ക് അനധികൃതമായി കടക്കാൻ വഴിയൊരുക്കുകയും ചെയ്തുവെന്നാണ് കേസ്.

കഴിഞ്ഞയാഴ്ചയാണ് മറ്റൊരു എംഎൽഎ അമാനതുള്ള ഖാനെതിരെ ലൈംഗികാരോപണം ഉയരുന്നതും ഡൽഹി പൊലീസ് കേസ്സെടുക്കുന്നതും. ബന്ധുവായ യുവതിയാണ് ഖാനെതിരെ പരാതി നൽകിയത്. എന്നാൽ, കുടുംബ പ്രശ്‌നം തീർക്കാൻ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ഖാനെ കേസ്സിൽകുടുക്കിയതെന്ന് ആം ആദ്മി പാർട്ടി നിലപാടെടുത്തു. അദ്ദേഹത്തിന്റെ രാജി ആവശ്യം പാർട്ടി നിരാകരിക്കുകയും ചെയ്തിരുന്നു.

അമാനതുള്ള ഖാനെതിരെ ക്രിമിനൽ കേസ്സെടുത്തതിന് പിന്നിൽ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഖാൻ നിരപരാധിയാണെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കേസ് കൊടുത്ത സ്ത്രീയുമായി ഖാൻ സംസാരിച്ചിട്ടില്ലെന്നും സിസോദിയ പറഞ്ഞു.

എന്നാൽ, വ്യാജക്കേസിലാണ് കുടുങ്ങിയതെങ്കിലും ഡൽഹി വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും ഹജ്ജ് കമ്മിറ്റിയിൽനിന്നും ഖാൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എംഎൽഎ സ്ഥാനവും രാഷ്ട്രീയ കാര്യ സമിതി അംഗത്വവും ഉപേക്ഷിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗർ പൊലീസ് സ്‌റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയതിട്ടുള്ളത്.