ളിതരും പിന്നോക്കക്കാരും മാത്രമാണ് അരവിന്ദ് കെജരീവാളിനും ആം ആദ്മിക്കും ശക്തിപകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഡൽഹിയിലെ ജനകീയ മുഖ്യമന്ത്രി തന്റെ സ്വാധീനം വർധിപ്പിക്കുകയാണെന്ന് സൂചന. അടുത്ത വർഷം ഗുജറാത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി വരവറിയിക്കുമെന്ന് തെളിയിച്ച് സൂററ്റിൽ അദ്ദേഹത്തിന് ഉജ്വല സ്വീകരണം.

ദളിതുകൾക്കും പിന്നോക്കക്കാർക്കുമൊപ്പം പട്ടേൽമാരും ആം ആദ്മിയിൽ അണിചേരുന്ന കാഴ്ചയാണ് സൂററ്റിലുണ്ടായിരുന്നത്. ഗുജറാത്തിലെ മൂന്ന് സുപ്രധാന യുവനേതാക്കളും കെജരീവാളിനൊപ്പമുണ്ടായിരുന്നു. പട്ടേൽ സമരത്തിന്റെ മുന്നണിപ്പോരാളിയായ ഹർദിക് പട്ടേൽ, ദളിത് പിന്നോക്ക നേതാക്കൾ ജിഗ്നേഷ് മേവാനി, അൽപേഷ് താക്കോറെ എന്നിവർ.

സൂററ്റിൽ ആം ആദ്മി റാലി നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഹൈക്കോടതിയിൽനിന്ന് അനുമതി നേടിയ കെജരീവാൾ, വൻ ജനസഞ്ചയത്തെയാണ് അവിടെ അണിനിരത്തിയത്. ബിജെപിയെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ച കെജരീവാൾ, അവർ ഭർത്താവും ഭാര്യയുമാണെന്നും പരിഹസിച്ചു.

പട്ടേൽമാരുടെ സംവരണ സമരമുൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ പരാമർശിച്ച കെജരീവാൾ, ഗുജറാത്തിൽ ദലിത്, പിന്നോക്ക വോട്ടുകൾക്കൊപ്പം പട്ടേൽമാരുടെ പിന്തുണയും ഉറപ്പാക്കുകയാണ് ചെയ്തത്. പ്രതിഷേധം ഉയർത്തുന്നവരെ അടിച്ചമർത്താനുാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. പട്ടേൽ സമരത്തിനെതിരെ നടന്നത് അത്തരത്തിലൊരു നീക്കമാണെന്നും കെജരീവാൾ ആരോപിച്ചു.

നിരപരാധികളായ പട്ടേൽ യുവാക്കളെ പൊലീസ് വെടിവച്ചുകൊന്നു. അവരാരും തീവ്രവാദികളായിരുന്നില്ല, മറിച് രാജ്യസ്‌നേഹികളായ പൗരന്മാരായിരുന്നുവെന്ന് കെജരീവാൾ പറഞ്ഞപ്പോൾ ജനക്കൂട്ടം ആരവത്തോടെയാണ് അതിനെ സ്വീകരിച്ചത്. ഉനയിൽ ഗോമാംസം കടത്തിയെന്ന പേരിൽ ദളിത് യുവാക്കളെ മർദിച്ച സംഭവത്തെ ശക്തമായി നേരിട്ട ജിഗ്നേഷ് മേവാനിയെയും കെജരീവാൾ അഭിനന്ദിച്ചു.