ൽഹിയിൽ വീണ്ടും അധികാരം പിടിക്കാമെന്ന പ്രതീക്ഷയോടെ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കുകയാണ് അരവിന്ദ് കെജരീവാളിന്റെയും സഹപ്രവർത്തകരുടെയും ലക്ഷ്യം. പ്രചാരണ പരിപാടികൾക്ക് ശക്തിപകരാൻ ഡൽഹിക്ക് പുറത്തുനിന്ന് 5000 വോളണ്ടിയർമാരാണ് തലസ്ഥാനത്തേയ്ക്ക് എത്തുന്നത്.

ഒന്നോ രണ്ടോ ആഴ്ച തലസ്ഥാനത്തെത്തി പാർട്ടിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിയുന്ന വോളണ്ടിയർമാരെയാണ് തലസ്ഥാനത്തേയ്ക്ക് എത്തിക്കുന്നത്. സംസ്ഥാനത്തിന്റെ നിർണായക മേഖലകളിൽ ഇവരെ വിന്യസിച്ച് പ്രചാരണ പരിപാടികൾക്ക് ശക്തിപകരുകയാണ് ലക്ഷ്യം. ഇതിനകം 5000 പേർ പ്രചാരണ പരിപാടികൾക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നിലവിൽ 300-ഓളം വോളണ്ടിയർമാർ തലസ്ഥാനത്ത് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റുള്ളവർ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഡൽഹിയിലേക്ക് എത്തുമെന്ന് പാർട്ടി വക്താവ് അതിഷി മർലേന പറഞ്ഞു. പ്രചാരണത്തിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാർക്ക് പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ മിസ് കോൾ അയക്കുകയോ ചെയ്യാം.

തലസ്ഥാനത്ത് എത്തുന്ന വോളണ്ടിയർമാർക്ക് താമസ സൗകര്യം പാർട്ടി തന്നെ ചെയ്തുകൊടുക്കും. ഏതു മണ്ഡലത്തിലേക്കാണോ വോളണ്ടിയറെ നിയോഗിക്കുന്നത് അവിടുത്തെ സ്ഥാനാർത്ഥിക്കാവും ഇവരുടെ ചുമതല. ഹരിയാണയിൽനിന്നാണ് കൂടുതൽ വോളണ്ടിയർമാർ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്. പിന്നാലെ ഉത്തർപ്രദേശുമുണ്ട്. അരവിന്ദ് കെജരീവാൾ ലോക്‌സഭയിലേക്ക് മത്സരിച്ച വാരണാസിയിൽനിന്നാണ് കൂടുതൽ വോളണ്ടിയർമാർ എത്തുന്നത്.