കൊച്ചി: കേരളത്തിലെ കായൽ-കോൾ നിലങ്ങളിൽ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂർ എഴിക്കരയിൽ ഓഷ്യനെറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിച്ചു.

ഒരു വശത്ത് ഹരിത കേരള പദ്ധതിക്കായി കോടികൾ ചെലവിടുമ്പോൾ, ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പൊക്കാളി പാടശേഖരങ്ങളിൽ സ്വകാര്യ കമ്പനി ഓഷ്യനേറിയം നിർമ്മിക്കാനുള്ള നീക്കത്തെ സർക്കാർ അനുവദിച്ചു കൊടുക്കുകയാണെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു.
കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴിൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നവയാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ൽ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂർത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സർക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകൾക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതർ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണ്.

പ്രൊഫ: കെ അരവിന്ദാക്ഷൻ, എം എൻ പിയെർസൻ, സി ആർ നീലകണ്ഠൻ, ഡോ: മൻസൂർർ ഹസ്സൻ. മോഹനൻ പറവൂർ എന്നിവർ സംസാരിച്ചു. കർഷകനു നീതി, ജനങ്ങൾക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി നടത്തുന്ന കർഷകസ്വരാജ് പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനം ഡോ: അരവിന്ദാക്ഷൻ നിര്വ ഹിച്ചു.