ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ നിശിതമായി വിമർശിച്ച് മഹാരാഷ്ട്രയിലെ പ്രമുഖ നേതാവ് അഞ്ജലി ദമാനിയ പാർട്ടിയിൽ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിന് കുതിരക്കച്ചവടത്തിലാണ് താത്പര്യമെന്ന് അഞ്ജലി ആരോപിച്ചു.

ആശയങ്ങളുടെ പേരിലാണ് അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ചത്, അല്ലാതെ കുതിരക്കച്ചവടത്തിനു വേണ്ടിയല്ലെന്നായിരുന്നു അവർ ട്വിറ്ററിൽ പ്രതികരിച്ചത്. മുൻ ആപ്പ് എംഎ‍ൽഎ ആയിരുന്ന രാജേഷ് ഗാർഗും കെജ്‌രിവാളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം രാജേഷ് തന്നെ പുറത്ത് വിട്ടിരുന്നു. കുതിരക്കച്ചവടത്തിന് കെജ്‌രിവാൾ എങ്ങനെയൊക്കെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിന് തെളിവാണിതെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതോടെ ആം ആദ്മി പാർട്ടിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

കെജ്‌രിവാൾ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചുവെന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി. ആം ആദ്മി പാർട്ടിയിലെ തർക്കങ്ങൾ പുതിയ തലത്തിലേക്കെത്തുന്നവതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇന്നത്തെ സംഭവവികാസങ്ങൾ. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്രയാദവിനേയും അച്ചടക്കലംഘനത്തിന് പാർട്ടയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎമാർ ഇന്ന് കെജ്‌രിവാളിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിനെ പ്രതിരോധത്തിലാക്കി എഎപി മുൻ എംഎൽഎ രാജേഷ് ഗാർഗ്ഗ് ഫോൺസംഭാഷണം പുറത്ത് വിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ തേടാൻ കെജ്‌രിവാൾ രാജേഷ് ഗാർഗ്ഗിനോട് ആവശ്യപ്പെടുന്നതാണ് പുറത്ത് വന്ന ശബ്ദരേഖ.

പാർട്ടിയിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് വിശദീകരിച്ച് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പ്രവർത്തകർക്കയച്ച തുറന്ന കത്തിലും കുതിരക്കചവടത്തിന് ശ്രമം നടന്നുവെന്ന സൂചനയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം കോൺഗ്രസിനൊപ്പം ചേർന്ന് ഡൽഹിയിൽ സർക്കാരുണ്ടാക്കാൻ കെജ്‌രിവാൾ ശ്രമിച്ചുവെന്നാണ് ഇരുവരും കത്തിൽ പറയുന്നത്. ഈ മാസം 28ന് ചേരുന്ന എഎപി ദേശീയ കൗൺസിലിൽ യോഗേന്ദ്രക്കും പ്രശാന്തിനുമെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെജ്‌രിവാളിനെതിരായ പുതിയ നീക്കം.

അതിനിടെ ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും, ശാന്തി ഭൂഷണും യോഗേന്ദ്രയാദവിനുമെതിരെ പാർട്ടി എംഎ‍ൽഎ ഒപ്പു ശേഖരണം തുടങ്ങി. ഇവർക്കെതിരെ പൊതുപ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് പാർട്ടിയുടെ എംഎ‍ൽഎ ആയ കപിൽ മിശ്ര തന്നെ രംഗത്തുവന്നിരിക്കുന്നത്. നേതാക്കൾക്കെതിരെയുള്ള നിരവധി പരാതികളും ഇദ്ദേഹം കെജ്‌രിവാളിനെ അറിയിച്ചിട്ടുണ്ട്.

കെജ്‌രിവാൾ ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയാലുടൻ തങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് കൈമാറും. പാർട്ടിയുടെ 67 അംഗങ്ങളുടെ ഒപ്പും തനിക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.