ന്യൂഡൽഹി: അനുരഞ്ജന ചർച്ചകൾ എല്ലാം പൊളിഞ്ഞതോടെ ആം ആദ്മി പാർട്ടിയിൽനിന്നും യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുറത്തേക്ക് പോകാനുള്ള വഴി തെളിഞ്ഞു. നാളെ ചേരുന്ന ആപ് രാഷ്ട്രീയകാര്യ സമിതിയിൽ ഇരുവരെയും പുറത്താക്കുന്നത് പ്രമേയം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ദേശീയ കൗൺസിൽ യോഗത്തിനു മുന്നോടിയായി രാഷ്ട്രീയകാര്യ സമിതി രണ്ടു തവണ യോഗം ചേർന്നിരുന്നു. ഇരുവരും പാർട്ടിയിൽനിന്നും പുറത്തായാൽ ആം ആദ്മി പാർട്ടിയിൽ പിളർപ്പ് വരെ ഉണ്ടായേക്കാം. ആം ആദ്മിയിലെ കലാപത്തിൽ ഡൽഹിയിലെ സാധാരണക്കാരെല്ലാം വിഷമത്തിലാണ്

ഇരുവരും പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയതായി വാർത്തകൾ പുറത്തുവന്നതോടെ ഇതു നിഷേധിച്ച് യോഗേന്ദ്രയാദവ് രംഗത്തെത്തി. യോഗത്തിനു മുൻപു പാർട്ടിയിൽനിന്നു നേതാക്കൾ രാജിവെക്കുന്നതാണു നല്ലതെന്ന സന്ദേശവും കെജ്‌രിവാൾ വിഭാഗം നേതാക്കൾ ഭൂഷണനെയും യാദവിനെയും അറിയിച്ചതായും സൂചനയുണ്ട്. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തുടരുകയാണെങ്കിൽ പാർട്ടിയുമായി ഒരു പ്രവർത്തനത്തിലും സഹകരിക്കാൻ താല്പര്യമില്ല എന്നതാണ് കെജ്‌രിവാൾ സ്വീകരിക്കുന്ന നിലപാട്.

ഇരുവരും രാജി വച്ചെന്ന് കേജ്‌രിവാൾ പക്ഷം ആരോപിക്കുമ്പോൾ ഇല്ലെന്നാണ് മറുപക്ഷം വാദിക്കുന്നത്. രാജിയുടെ പകർപ്പ് കാണിക്കാൻ യോഗേന്ദ്ര യാദവ് കേജ്‌രിവാൾ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടുകളെ വിമർശിച്ചതിനു നേരത്തെ ഭൂഷണനെയും യാദവിനെയും രാഷ്ട്രീയകാര്യ സമിതിയിൽനിന്നു പുറത്താക്കിയിരുന്നു. പാർട്ടിയിലെ അഴിമതിക്കാരായ നേതാക്കളെ പുറത്താക്കുക എന്നതുൾപ്പടെ അഞ്ച് ആവശ്യങ്ങളുന്നയിച്ച് അരവിന്ദ് കെജ്‌രിവാളിനു യോഗേന്ദ്രയാദവ് കത്തു നൽകിയിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കിൽ രാജി വെക്കാതെ മറ്റ് വഴിയില്ലെന്നും യോഗേന്ദ്രയാദവ് വ്യക്തമാക്കിയിരുന്നു.

അതേസമയം യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും കഴിഞ്ഞ പതിനേഴിന് തന്നെ രാജി വച്ചിരുന്നതായി ആം ആദ്മി പാർട്ടി നേതാവ് കുമാർ ബിശ്വാസ് പറഞ്ഞു. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും പാർട്ടിക്ക് മുന്നിൽ വച്ച അഞ്ച് ആവശ്യങ്ങൾ പാർട്ടി അംഗീകരിച്ചു. എന്നാൽ ദേശീയ കൺവീനർ സ്ഥാനത്ത് നിന്ന് കെജ്രിവാളിനെ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കുമാർ ബിശ്വാസ് പറഞ്ഞു. കേജ്‌രിവാളിനെ ദേശീയ കൺവീനർ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടതായ വാർത്ത യാദവ് നിഷേധിച്ചു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് പാർട്ടിയിൽ നടക്കുന്നത്. പാർട്ടി ലോക്പാൽ അഡ്‌മിറൽ രാംദാസ് ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയെങ്കിലും കേജ്‌രിവാൾ വഴങ്ങിയില്ലെന്നാണ് സൂചന. ഇന്നലെ വൈകിട്ടു രാഷ്ട്രീയകാര്യസമിതി യോഗത്തിനു ശേഷമാണു യാദവിനും ഭൂഷണിനുമെതിരെ പരസ്യനിലപാടുമായി കേജ്‌രിവാൾ പക്ഷത്തെ പ്രമുഖർ രംഗത്തെത്തിയത്. ഇരുവരുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും കേജ്‌രിവാളിനെ ദേശീയ കൺവീനർ സ്ഥാനത്തുനിന്നു മാറ്റണമെന്ന അവരുടെ ആവശ്യം ദേശീയ കൗൺസിൽ പരിഗണിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. അതേസമയം യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷനെയും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടി അംഗങ്ങൾക്കിടയിലും അനുഭാവികൾക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. അതു മറികടന്നാണ് ഇരുവരെയും പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കാനുള്ള നീക്കം കേജ്രീവാൾപക്ഷം തുടങ്ങിയിരിക്കുന്നത്.