ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്നു രഘുറാം രാജന്റെ പടിയിറക്കം നിരവധി വിവാദങ്ങൾക്കാണു തിരികൊളുത്തിയത്. രഘുറാമിനു പകരം ചേതൻ ഭഗതിനെ റിസർവ് ബാങ്ക് ഗവർണറാക്കണമെന്ന് ആം ആദ്മി പാർട്ടി ബിജെപിയെ പരിഹസിച്ചു.

മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാനെ ദേശീയ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ തലവനായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എഎപിയുടെ പരിഹാസം. അനുപം ഖേറിനെ ഐഎസ്ആർഒ തലവനായും എക്നാഥ് ഗഡ്സേയെ എൻഐഎ തലവനായും ചേതൻ ഭഗതിനെ റിസർവ് ബാങ്ക് ഗവർണറായും നിയമിക്കണമെന്നായിരുന്നു പരിഹാസം.

നേരത്തെ കോൺഗ്രസും റിസർവ് ബാങ്ക് ഗവർണർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ഫാഷനിലെ എഫ് എന്താണെന്ന് അറിയാത്ത ചേതൻ ചൗഹാനിതൊക്കെ ആവാമെങ്കിൽ ചേതൻ ഭഗതിനും അനുപം ഖേറിനുമൊക്കെ തലവന്മാരാവാം എന്നായിരുന്നു ആംആദ്മി വക്താവ് രാഘവ് ഛദ്ദ പറഞ്ഞത്. എന്നാൽ ഈ പരാമർശത്തിനെതിരെ എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്ത് വന്നു.

ആംആദ്മി പാർട്ടി മാന്യതയോടെ സംസാരിക്കണമെന്നും എന്നാൽ തനിക്ക് സാമ്പത്തിക ശാസ്ത്രത്തിലും വാണിജ്യ കാര്യങ്ങളെ കുറിച്ച് വിവരവുമുണ്ടെന്നും ചേതൻ ഭഗത്ത് പ്രതികരിച്ചു. അതിനാൽ ആരെക്കാളും നന്നായി എനിക്ക് ഗവർണർ സ്ഥാനം കൈകാര്യം ചെയ്യാനാവും എന്നും ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.