ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയമുണ്ടാക്കിയപ്പോൾ അത് താൽക്കാലികമായ മോദി തരംഗത്താലാണെന്നും അത് അധികകാലമൊന്നും നിലനിൽക്കില്ലെന്നുമായിരുന്നു എതിരാളികൾ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്നത്. എന്നാൽ മോദി തരംഗം ക്ഷണികമല്ലെന്നും അതിന് ദീർഘകാലത്തോളം നിലനിൽക്കാനുള്ള ശേഷിയുണ്ടെന്നും തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെയും ഹരിയാനിയിലെയും ബിജെപിയുടെ അതുല്യമായ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഡൽഹിയിൽ തെരഞ്ഞെടുപ്പ് ഉറപ്പായതോടെ അവിടെയും ബിജെപി ഉറച്ച വിജയം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആം ആദ്മി പാർട്ടി ആശങ്കയിലായിരിക്കുകയാണ്. വാശിപ്പുറത്ത് ഡൽഹി മുഖ്യമന്ത്രി പദം പുല്ലുപോലെ വലിച്ചെറിഞ്ഞ് ആംആദ്മി പാർട്ടി നേതാവ് കെജ്രിവാൾ മോദി തരംഗത്തിന് മുന്നിൽ തന്റെ പാർട്ടി തകർന്നു തരിപ്പണമാകുന്നത് തടയാൻ പെടാപ്പാട് പെടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ പ്രാവശ്യം എന്തോ ഭാഗ്യത്തിന് ഡൽഹിയിൽ അധികാരത്തിലേറിയിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വലിയ അത്ഭുതമൊന്നും കാണിക്കാനുള്ള ശേഷിയില്ലെന്നുറപ്പായ ആപ്പ് നേതാക്കൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. പാർട്ടിയുടെ ചില എംഎൽഎമാർ ബിജെപിയുമായി രഹസ്യ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്നും സൂചനകളുണ്ട്.

മോദി തരംഗം ഡൽഹിയിൽ ആഞ്ഞടിക്കുന്നതിനെ പ്രതിരോധിക്കാൻ ആം ആദ്മി ക്യാമ്പിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ പ്രാദേശികവൽക്കരിക്കുകയെന്ന തന്ത്രം പയറ്റി മോദി തരംഗത്തെ ലഘൂകരിക്കാനാണ് പാർട്ടിയുടെ ശ്രമം. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദി ഓരോ റാലികൾ നടത്തിയിരുന്നു. ഡൽഹിയിൽ തെരഞ്ഞെടുപ്പുണ്ടാകുകയാണെങ്കിൽ ഇവിടെയും മോദി റാലി നടത്തി വോട്ടർമാരെ കൈയിലെടുക്കാൻ ശ്രമിക്കുമെന്നുറപ്പാണ്. ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് റോളില്ലെന്ന പ്രചാരണം നടത്തി ഇതിനെ പ്രതിരോധിക്കാനാണ് ആം ആദ്മി പദ്ധതിയിടുന്നതെന്ന് പാർട്ടിയുടെ ഒരു നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് അടിത്തറയില്ലെങ്കിലും റാലിയിലൂടെയും വൻ പ്രചാരണ തന്ത്രങ്ങളിലൂടെയും ജനങ്ങളുടെ ബോധത്തെ ഇല്ലാതാക്കി ബിജെപി അവരുടെ വോട്ട് കവർന്നെടുക്കുകയായിരുന്നുവെന്ന് മുതിർന്ന ആം ആദ്മി നേതാവ് ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ശക്തനായ എതിരാളി ഇല്ലായിരുന്നുവെന്നും എന്നാൽ ഡൽഹിയിൽ ആം ആദ്മി ബിജെപിയുടെ ശക്തനായ എതിരാളിയാണെന്നും നേതാവ് പറയുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും ഇത് ബിജെപിയും കെജ്രിവാളും തമ്മിലുള്ള പോരാട്ടമാണെന്നും ആം ആദ്മി നേതാവ് പറയുന്നു. പാർട്ടിയുടെ മിക്ക മുതിർന്ന നേതാക്കളും കൗഷംബിയിലെ പാർട്ടി ഓഫീസിൽ തിങ്കളാഴ്ച ഒത്തു ചേരുകയും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ കെജ്രിവാൾ രാജിവച്ചതിന് ശേഷം ഡൽഹിയിലെ ഭരണം കേന്ദ്രമാണ് നിർവഹിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതു പോലെ ബിജെപി ഡൽഹിക്കാർക്ക് പവർ താരിഫിൽ 30 ശതമാനം ഇളവ് ഇനിയും അനുവദിച്ചിട്ടില്ലെന്നും അത് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുമെന്നുമാണ് ആം ആദ്മി പറയുന്നത്. ഡൽഹി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ അരുൺ ജയ്റ്റ്‌ലി ഡൽഹിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അവർ ആരോപിക്കുന്നു.

പുതിയ തെരഞ്ഞെടുപ്പിലൂടെ തങ്ങൾ ഡൽഹിയിൽ അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതൃത്വം ഉറപ്പിച്ച് പറയുന്നത്. രാജ്യം മുഴുവൻ നരേന്ദ്ര മോദിക്കൊപ്പമാണെന്ന സൂചനയാണ് ഈയടുത്ത കാലത്തെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഡൽഹിയും ആ വഴിക്ക് ചിന്തിക്കുമെന്നുമാണ് ഡൽഹിയിലെ ബിജെപി പ്രസിഡന്റ് സതീഷ് ഉപാധ്യായ് പറയുന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാർ ഡൽഹിക്ക് അത്യാവശ്യമായതിനാൽ ഇവിടെ പുതിയ തെരഞ്ഞടുപ്പുണ്ടാകാൻ സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ബിഹാർ, ഉത്തരഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

2013 ഡിസംബറിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കൊപ്പം ഒപ്പത്തിനൊപ്പമാണ് ബിജെപി മുന്നേറിയതെന്നും പത്ത് മാസത്തിന് ശേഷം ബിജെപിയുടെ നില എത്രയോ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഇവിടുത്തെ വിജയത്തിൽ സംശയിക്കേണ്ടതില്ലെന്നുമാണ് മുതിർന്ന ബിജെപി നേതാക്കൾ ഉറപ്പിച്ച് പറയുന്നത്. എത്രയും പെട്ടെന്ന് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്നാണ് ബിജെപിയുടെ സൗത്ത് ഡൽഹി എംപിയായ രമേഷ് ബിന്ദുരി പറയുന്നത്.

ബിജെപിയെ ഡൽഹിയിൽ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് എൻ ജി ജംഗ് കഴിഞ്ഞ മാസം രാഷ്ട്രപതിക്കും അഭ്യന്തരമന്ത്രാലയത്തിനും എഴുതിയിരുന്നു. വേണ്ടത്ര ഭൂരിപക്ഷമില്ലെങ്കിലും ഭരണഘടനയിലെ ആർട്ടിക്കിൾ 175, ആർട്ടിക്കിൾ 86, സെക്ഷൻ 9(2) ഓഫ് ദി ഗവൺമെന്റ് ഓഫ് എൻസിടി ഓഫ് ഡൽഹി ആക്ടി എന്നിവ പ്രകാരം ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുദിക്കണമെന്നുമായിരുന്നു എൻജി ജംഗിന്റെ ആവശ്യം. ഈ ആവശ്യം അടുത്തയാഴ്ച കേന്ദ്രസർക്കാർ ചർച്ച ചെയ്യാനിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിലൂടെ ശക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്താനാണ് ബിജെപി നേതാക്കൾക്ക് താൽപര്യം. ഇപ്പോൾ ഡൽഹിയിൽ 29 സീറ്റുകളെ ബിജെപിക്കുള്ളൂ. പുതിയ തെരഞ്ഞെടുപ്പിലൂടെ വൻഭൂരിപക്ഷം തങ്ങൾക്കുണ്ടാകുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം.