- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃകാഭരണത്തിൽ കേന്ദ്രീകരിച്ച് കെജരീവാൾ; രാജ്യമാകെ എഎപി വികാരം പടർത്താൻ വിമത നേതാക്കൾ; ആപ്പിലെ തർക്കങ്ങൾ അധികാരത്തിന് വേണ്ടിയല്ലെന്ന് ലോകത്തെ അറിയിച്ച് വെടിനിർത്തൽ; ഇന്ത്യയിലെ സാധാരണക്കാർ വീണ്ടും പ്രതീക്ഷയിൽ
ന്യൂഡൽഹി: ഡൽഹിൽ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽവന്ന് തൊട്ടുപിന്നാലെ പാർട്ടിയിലെ പടലപിണക്കങ്ങൾ പുറത്തുവന്നത് ആംആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. എന്നാൽ, പാർട്ടിയിലെ അഭിപ്രായഭിന്നതകൾ ഡൽഹി ഭരണത്തെയോ പാർട്ടിയോടുള്ള വിശ്വാസത്തെയോ ബാധിക്കരുതെന്ന ഉറച്ച തീരുമാനം ആം ആദ്മിക്കുള്ളിൽത്തന്

ന്യൂഡൽഹി: ഡൽഹിൽ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽവന്ന് തൊട്ടുപിന്നാലെ പാർട്ടിയിലെ പടലപിണക്കങ്ങൾ പുറത്തുവന്നത് ആംആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. എന്നാൽ, പാർട്ടിയിലെ അഭിപ്രായഭിന്നതകൾ ഡൽഹി ഭരണത്തെയോ പാർട്ടിയോടുള്ള വിശ്വാസത്തെയോ ബാധിക്കരുതെന്ന ഉറച്ച തീരുമാനം ആം ആദ്മിക്കുള്ളിൽത്തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ഡൽഹി മുഖ്യൻ അരവിന്ദ് കെജരീവാളും അദ്ദേഹത്തോട് ഇടഞ്ഞുനിൽക്കുന്ന യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഭിന്നതകൾ തൽക്കാലത്തേയ്ക്ക് മൂടിവെക്കാൻ തയ്യാറായി.
ബാംഗ്ലൂരിൽ ചികിത്സയിലായിരുന്ന കെജരീവാൾ തിങ്കളാഴ്ച രാത്രിയാണ് ഡൽഹിയിലെത്തിയത്. ചൊവ്വാഴ്ച കെജരീവാളിന്റെ വസതിയിൽ ചേർന്ന ആം ആദ്മി രാഷ്ട്രീയകാര്യ സമിതിയിലാണ് വെടിനിർത്തൽ തീരുമാനമുണ്ടായത്. പുതിയ തീരുമാനമനുസരിച്ച് ഡൽഹിയിൽ മാതൃകാഭരണവുമായി കെജരീവാൾ മുന്നോട്ടുപോകും. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമടക്കമുള്ള നേതാക്കൾ പാർട്ടിക്ക് രാജ്യവ്യാപകമായി അടിത്തറയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകും. പാർട്ടിക്ക് രാജ്യത്തെമ്പാടും അടിത്തറയുണ്ടാക്കണമെന്ന ആവശ്യമാണ് യോഗേന്ദ്ര യാദവ് പ്രധാനമായും മുന്നോട്ടുവച്ചത്.
താൻ നെപ്പോളിയനല്ലെന്നും മാതൃകാഭരണം കാഴ്ചവെക്കുകയുമാണ് ലക്ഷ്യമെന്ന് കെജരീവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യം കീഴടക്കണമെന്ന വിമത നേതാക്കളുടെ ആഗ്രഹത്തോടുള്ള മറുപടിയായിരുന്നു ഇത്. എന്നാൽ, പാർട്ടിയിലെ ഭിന്നതകളുടെ പേരിൽ ഡൽഹിയിൽ നേടിയ വൻ വിജയത്തിന്റെ ശോഭകെടുത്താൻ ആഗ്രഹമില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പഷ്ടമായിരുന്നു. വെടിനിർത്തലിലേക്ക് പാർട്ടി നേതാക്കളെ നയിച്ചതും അതാകാം. ഡൽഹിയിൽ നേടിയ വിജയവും ജനങ്ങൾ അർപ്പിച്ച വിശ്വാസവും കണക്കിലെടുത്ത് രാജ്യവ്യാപകമായി ആം ആദ്മിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി മുതിർന്ന നേതാവ് സഞ്ജയ് സിങ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം പറഞ്ഞു.
ഡൽഹിക്ക് പുറത്തേയ്ക്ക് പാർട്ടിയെ വളർത്തണമെന്ന ആശയമാണ് യോഗേന്ദ്രയാദവും മറ്റും ഉയർത്തുന്നത്. ഡൽഹിക്ക് പുറത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി ഉടൻ തന്നെ തീരുമാനമെടുക്കും. ഡൽഹിയിൽ ജയിക്കാമെങ്കിൽ എവിടെയും ജയിക്കാമെന്ന ചില നേതാക്കളുടെ മനോഭാവത്തോടാണ് തന്റെ കലഹമെന്ന് നേരത്തെ കെജരീവാൾ തുറന്നുപറഞ്ഞിരുന്നതാണ്. എന്നാൽ, പുതിയ തീരുമാനമനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി മത്സരിച്ചേക്കും.
ഡൽഹി തിരഞ്ഞെടുപ്പിനുശേഷം കെജരീവാളും വിമത നേതാക്കളും പരസ്യമായ ഏറ്റുമുട്ടലിനിറങ്ങിയത് പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയ്ക്കിടയാക്കിയിരുന്നു. എന്നാൽ, നേതാക്കൾക്കിടയിൽ ഒത്തുതീർപ്പിനുള്ള സാധ്യത തെളിഞ്ഞുകഴിഞ്ഞതായാണ് ഏറ്റവുമൊടുവിലത്തെ വിവരം. തിങ്കളാഴ്ച രാത്രി തന്നെ മുതിർന്ന നേതാക്കളായ അശുതോഷ്, കുമാർ ബിശ്വാസ്, സഞ്ജയ് സിങ്, ആശിഷ് ഖേതൻ തുടങ്ങിയവർ പ്രശാന്ത് ഭൂഷണുമായും യോഗേന്ദ്ര യാദവുമായും ചർച്ച തുടങ്ങിയിരുന്നു. കെജരീവാളിന്റെ നിർദേശപ്രകാരമായിരുന്നു ഈ ചർച്ചകൾ. പുലർച്ചെവരെ നീണ്ട ഈ ചർച്ചകൾ ഗുണകരമായിരുന്നുവെന്ന് നേതാക്കൾ സൂചിപ്പിച്ചു. ഇതേത്തുടർന്നാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നത്.

